Uae
ട്രംപിന് രാജകീയ വരവേൽപ്പ്; ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി
ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ് സന്ദർശിച്ചു

അബൂദബി|അമേരിക്കൻ പ്രസിഡന്റിന് ഡോണൾഡ് ട്രംപ് അബൂദബിയിലെത്തി. സഊദി, ഖത്വർ സന്ദർശനങ്ങൾക്ക് ശേഷമാണ് ഇന്നലെ വൈകുന്നേരം നാലോടെ അബൂദബിയിലെത്തിയത്. യു എ ഇ പ്രസിഡന്റ‌് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാന്റെ നേതൃത്വത്തിൽ രാജകീയ വരവേൽപ്പാണ് നൽകിയത്. യു എ ഇയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച ട്രംപിന്റെ വിമാനത്തെ ആദരസൂചകമായി സൈനിക വിമാനങ്ങൾ അനുഗമിച്ചു. അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രസിഡന്റ്ടെർമിനലിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ അദ്ദേഹത്തെ സ്വാഗതം ചെയ്തു.
അബൂദബി ഉപഭരണാധികാരിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് തഹ്്നൂൻ ബിൻ സായിദ്, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് എന്നിവരടക്കം പ്രമുഖരും സ്വീകരിക്കാനെത്തിയിരുന്നു. മെയ് 13-ന് ആരംഭിച്ച മിഡിൽ ഈസ്റ്റ് സന്ദർശനത്തിനിടെ, ഗൾഫ് രാജ്യങ്ങളിൽ നിന്ന് വൻ നിക്ഷേപ വാഗ്ദാനങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ യു എ ഇ സന്ദർശനം. “മിഡിൽ ഈസ്റ്റിലേക്കുള്ള ചരിത്രപരമായ മടങ്ങിവരവ്’ എന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സന്ദർശനത്തെ വിശേഷിപ്പിച്ചത്.
ട്രംപ് ഇന്നലെ ഖസർ അൽ വതനും ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദും സന്ദർശിച്ചു. കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാനൊപ്പം, ആധുനിക ഇസ്്ലാമിക വാസ്തുശില്പത്തിന്റെയും ഇമാറാത്തി പൈതൃകത്തിന്റെയും പ്രതീകമായ ഗ്രാൻഡ് മസ്ജിദ് അദ്ദേഹം വീക്ഷിച്ചു. റിട്‌സ്-കാൾട്ടൺ അബൂദബിയിലാണ് ട്രംപ് താമസിക്കുന്നത്. പ്രസിഡന്റ‌് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാനുമായി കൂടിക്കാഴ്ചക്ക് ശേഷം ഖസ്ർ അൽ വത്‌നിൽ അത്താഴ വിരുന്ന് ഒരുക്കി. വിവിധ കരാറുകളിൽ ഒപ്പുവെക്കൽ എന്നിവ സന്ദർശനത്തിന്റെ ഭാഗമായി നടക്കും. നിർമിത ബുദ്ധി അടക്കമുള്ള നൂതന സാങ്കേതികവിദ്യകളിൽ പരസ്പരം സഹകരിക്കാനുള്ള കരാറുകളാണ് പ്രതീക്ഷിക്കുന്നത്.
യു എസ് – യു എ ഇ ബന്ധത്തിന്റെ ആഴവും ഭാവി സഹകരണത്തിനുള്ള പങ്കിട്ട ദർശനവും ഈ സന്ദർശനം ഊട്ടിയുറപ്പിക്കുന്നു. വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ സന്ദർശനം ഉപകരിക്കും. മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും യു എസിന്റെ പ്രധാന വ്യാപാര പങ്കാളിയാണ് യു എ ഇ. സമ്പദ്്വ്യവസ്ഥ, സുരക്ഷ, സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്ന തന്ത്രപരമായ വിഷയങ്ങൾ അഭിസംബോധന ചെയ്യുന്ന ഉന്നതതല യോഗങ്ങളുടെ ഒരു പരമ്പര സന്ദർശനത്തിന്റെ ഭാഗമായി നടക്കും.
യു എ ഇ 1.4 ട്രില്യൺ ഡോളർ നിക്ഷേപിക്കും
പത്ത് വർഷത്തിനുള്ളിൽ യു എസിൽ 1.4 ട്രില്യൺ ഡോളർ നിക്ഷേപിക്കാനുള്ള പദ്ധതി യു എ ഇ പ്രഖ്യാപിച്ചു. ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളിലും ദീർഘകാല തന്ത്രപരമായ സഹകരണത്തിലും വലിയ ഉത്തേജനം നൽകുന്നതാണ് പ്രഖ്യാപനം. പ്രസിഡന്റുമാർ കൂടിക്കാഴ്ച നടത്തി. പ്രസിഡൻഷ്യൽ പാലസിൽ ഇരു പ്രസിഡന്റുമാരും കൂടിക്കാഴ്ച നടത്തി. മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനായി അമേരിക്കയുമായി തുടർന്നും പ്രവർത്തിക്കാൻ യു എ ഇ താത്പര്യപ്പെടുന്നുവെന്ന് പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ ഡൊണാൾഡ് ട്രംപിനോട് വ്യക്തമാക്കി.
ട്രംപ് അധികാരമേറ്റതിനുശേഷം ഉഭയകക്ഷി ബന്ധങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സന്ദർശനം സഹകരണത്തിലും പരസ്പര താൽപ്പര്യങ്ങളിലും ശ്രദ്ധേയമായ ഒരു കുതിച്ചുചാട്ടം അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഇടപെടൽ ഉയർത്തിക്കാട്ടിക്കൊണ്ട് യു എ ഇ പ്രസിഡന്റിനെ വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്ന് ട്രംപും പറഞ്ഞു.