Uae
അന്താരാഷ്ട്ര രസതന്ത്ര ഒളിമ്പ്യാഡ് ഇന്ന് മുതല്‍ ദുബൈയില്‍
ഇന്ന് (ജൂലൈ ആറ്) മുതല്‍ 14 വരെ നടക്കുന്ന ഒളിമ്പ്യാഡില്‍ 90-ലധികം രാജ്യങ്ങളില്‍ നിന്നായി 360-ലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

ദുബൈ | രസതന്ത്ര മേഖലയിലെ ലോകത്തിലെ പ്രധാന ശാസ്ത്ര മത്സരമായ 57-ാമത് അന്താരാഷ്ട്ര രസതന്ത്ര ഒളിമ്പ്യാഡ് ദുബൈയില്‍ നടക്കും. ഇന്ന് (ജൂലൈ ആറ്) മുതല്‍ 14 വരെ നടക്കുന്ന ഒളിമ്പ്യാഡില്‍ 90-ലധികം രാജ്യങ്ങളില്‍ നിന്നായി 360-ലധികം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 1968-ല്‍ ആരംഭിച്ച ഒളിമ്പ്യാഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമാണിത്.
സൈദ്ധാന്തികവും പ്രായോഗികവുമായ പരീക്ഷകള്‍, സാംസ്‌കാരിക യാത്രകള്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്കിടയില്‍ സാംസ്‌കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക പരിപാടികള്‍ എന്നിവ ഉച്ചകോടിയില്‍ ഉള്‍പ്പെടുന്നു.
യു എ ഇയെ പ്രതിനിധീകരിച്ച് നാല് വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുക്കും. അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്. യുവാക്കളെ രസതന്ത്രവും അനുബന്ധ ശാസ്ത്രങ്ങളും പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഒളിമ്പ്യാഡിന്റെ ലക്ഷ്യം.
വിദ്യാഭ്യാസം, ശാസ്ത്രം, നവീകരണം, അക്കാദമിക് മികവ് എന്നിവയുടെ കേന്ദ്രമായി മാറാനുള്ള യു എ ഇയുടെ കാഴ്ചപ്പാടിനെ ഈ പരിപാടിയുടെ ആതിഥേയത്വം പ്രതിഫലിപ്പിക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി സാറാ അല്‍ അമീരി പറഞ്ഞു.