Connect with us

Uae

പുതിയ അധ്യയന വര്‍ഷത്തിലെ ദുബൈ സ്‌കൂള്‍ ഫീസ് കാര്‍ഡ് പുറത്തിറക്കി

2025-2026 അധ്യയന വര്‍ഷത്തേക്കുള്ള ട്യൂഷന്‍ ഫീസുകള്‍, വിദ്യാഭ്യാസ സേവനങ്ങള്‍ എന്നിവ സംബന്ധിച്ച കൃത്യവും വ്യക്തവുമായ വിവരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Published

|

Last Updated

ദുബൈ | ദുബൈയിലെ സ്വകാര്യ സ്‌കൂളുകളിലെ ഫീസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന സ്‌കൂള്‍ ഫീസ് കാര്‍ഡിന് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെ എച്ച് ഡി എ) അംഗീകാരം നല്‍കി. 2025-2026 അധ്യയന വര്‍ഷത്തേക്കുള്ള ട്യൂഷന്‍ ഫീസുകള്‍, വിദ്യാഭ്യാസ സേവനങ്ങള്‍ എന്നിവ സംബന്ധിച്ച കൃത്യവും വ്യക്തവുമായ വിവരങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്‌കൂള്‍ ഫീസ് കാര്‍ഡ് രക്ഷിതാക്കള്‍ക്കുള്ള ഒരു പ്രധാന റഫറന്‍സായിരിക്കും. അടിസ്ഥാന വിദ്യാഭ്യാസ സേവനങ്ങളുമായി ബന്ധപ്പെട്ട ഫീസുകളും പാഠ്യപദ്ധതിയുമായി ബന്ധമില്ലാത്ത മറ്റു സേവനങ്ങളുടെ ഫീസുകളും ഇതില്‍ ഉണ്ടാകും. അടിസ്ഥാന ട്യൂഷന്‍ ഫീസ്, രജിസ്ട്രേഷന്‍ ഫീസ്, റീ-രജിസ്ട്രേഷന്‍ ഫീസ് എന്നിവ നിര്‍ബന്ധിത ഫീസില്‍ ഉള്‍പ്പെടുന്നു. സ്‌കൂള്‍ ഗതാഗതം, ഫീല്‍ഡ് ട്രിപ്പുകള്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, പുറത്തുനിന്നുള്ളവര്‍ നല്‍കുന്ന യൂനിഫോമുകള്‍ എന്നിവ ഓപ്ഷണല്‍ ഫീസില്‍ ഉള്‍പ്പെടും. പാഠപുസ്തകങ്ങളുടെ വില നിര്‍ബന്ധിതമോ ഓപ്ഷണലോ ആകുന്നത് പുസ്തകങ്ങള്‍ വാങ്ങുന്ന രീതി അനുസരിച്ചായിരിക്കും. പഠനത്തിന് ആവശ്യമായ മറ്റ് സാമഗ്രികള്‍ സ്‌കൂളില്‍ നിന്നോ പുറത്തു നിന്നോ വാങ്ങാവുന്നതാണ്.

ദുബൈയിലെ എല്ലാ സ്‌കൂളുകളും ഈ ഫീസ് കാര്‍ഡിന്റെ ഇലക്ട്രോണിക് രൂപം അവരുടെ വെബ്സൈറ്റിലും രക്ഷിതാക്കളുമായുള്ള കരാര്‍ പേജിലും പ്രസിദ്ധീകരിക്കാന്‍ കെ എച്ച് ഡി എ നിര്‍ദേശിച്ചു. ഓരോ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് രക്ഷിതാക്കള്‍ക്ക് ഇത് ലഭ്യമാക്കണം.

ഇപ്പോള്‍ അംഗീകരിച്ച ഫീസ് കാര്‍ഡിന് ഒരു അധ്യയന വര്‍ഷത്തേക്ക് മാത്രമേ സാധുതയുള്ളൂ. ഫീസുമായി ബന്ധപ്പെട്ട് സംശയങ്ങളുള്ള രക്ഷിതാക്കള്‍ സ്‌കൂളുമായി നേരിട്ട് ബന്ധപ്പെടണം. കെ എച്ച് ഡി എ വെബ്സൈറ്റില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാനുള്ള സൗകര്യവുമുണ്ട്.

 

Latest