International
ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്
ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വന്നതായും ട്രംപ് അറിയിച്ചു
വാഷിങ്ടണ്‍| ഇറാനുമായി വാണിജ്യബന്ധമുള്ള രാജ്യങ്ങള്‍ക്ക് 25 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വന്നതായും ട്രംപ് അറിയിച്ചു. അമേരിക്കന്‍ നടപടി ഇറാനുമേല്‍ കടുത്ത സമ്മര്‍ദമാണ് ഉണ്ടാക്കുക. ഇറാനിലെ ഭരണകൂടവിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് തീരുവ ചുമത്തിക്കൊണ്ടുള്ള തീരുമാനം.
ഇന്ത്യ, ചൈന, യുഎഇ, തുര്‍ക്കി എന്നീ രാജ്യങ്ങളെയായിരിക്കും ഈ പ്രഖ്യാപനം പ്രധാനമായും ബാധിക്കുക. റഷ്യന്‍ ഇറക്കുമതിയുടെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം പിഴച്ചുങ്കം അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുണ്ട്. 25 ശതമാനം തീരുവയും 25 ശതമാനം പിഴച്ചുങ്കവും ചേര്‍ത്ത് നിലവില്‍ 50 ശതമാനം തീരുവയാണ് അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, രാജ്യത്ത് സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ രക്തരൂക്ഷിതമായി മാറിയത് യുഎസ് പ്രസിഡന്റ് ട്രംപിന് ഇടപെടാന്‍ ചിലര്‍ ബോധപൂര്‍വം അവസരം സൃഷ്ടിച്ചതാണെന്നും അബ്ബാസ് അരാഗ്ചി കൂട്ടിച്ചേര്‍ത്തു. കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരെ അനുസ്മരിച്ച് മൂന്നു ദിവസത്തെ ദുഃഖാചരണം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.


