Kerala
സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്; മധുസൂദന്‍ മിസ്ത്രി ഇന്ന് കേരളത്തിലെത്തും
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളാകും നടത്തുക.
തിരുവനന്തപുരം|നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് ഔദ്യോഗികമായി കടക്കാന്‍ കോണ്‍ഗ്രസ്. ഇതിന്റെ ഭാഗമായി എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന് തിരുവനന്തപുരത്തെത്തും. വൈകീട്ടാണ് മിസ്ത്രി എത്തുക. പ്രധാന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകളാകും നടത്തുക.
എംപിമാരെയോ, എംഎല്‍എമാരെയോ കൂടിക്കാഴ്ചയ്ക്കായി ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മിസ്ത്രിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസം വരെ നീളുന്ന സിറ്റിങ്ങുകള്‍ തലസ്ഥാനത്ത് നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഓരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള മൂന്നുപേരുടെ പട്ടിക തയാറാക്കാന്‍ എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെപ്പ് അനുവദിക്കില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.


