Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെ ഏഴു ദിവസം കസ്റ്റഡിയില്‍ വേണമെന്ന് എസ്‌ഐടി; അപേക്ഷ ഇന്ന് കോടതി പരിഗണിക്കും
രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചിരുന്നു
പത്തനംതിട്ട| ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കസ്റ്റഡിയില്‍ വേണമെന്ന് പ്രത്യേക അന്വേഷണ സംഘം. എസ്‌ഐടിയുടെ കസ്റ്റഡി അപേക്ഷ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം. നിലവില്‍ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍പ്പിച്ചിട്ടുള്ളത്.
അതേസമയം, രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചിരുന്നു. മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലുള്ള രാഹുലിനെ വൈദ്യ പരിശോധന നടത്തിയശേഷമാകും കോടതിയില്‍ ഹാജരാക്കുക. കസ്റ്റഡി അപേക്ഷയില്‍ അന്തിമ തീരുമാനം ആയതിനുശേഷമാകും രാഹുലിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുക. രാഹുലിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ജാമ്യ ഹരജിയും സമര്‍പ്പിച്ചിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ വ്യാജമാണ്. തന്നെ അപകീര്‍ത്തിപ്പെടുത്താനും ജയിലിലടയ്ക്കാനുമുള്ള ദുരുദ്ദേശ്യത്തോടെ കെട്ടിച്ചമച്ച പരാതിയാണ് ഇതെന്നാണ് രാഹുലിന്റെ വാദം.


