Connect with us

Editorial

ട്രംപിന്റെ എടുത്തുചാട്ടം ആത്മഹത്യാപരം

ട്രംപും ഇലോണ്‍ മസ്‌കും കണക്കുകൂട്ടിയ വഴിയിലല്ല കാര്യങ്ങള്‍ പോകുന്നത്. ട്രംപിന്റെ പരസ്പരവിരുദ്ധമായ പ്രഖ്യാപനങ്ങളും എക്‌സിക്യൂട്ടീവ് ഉത്തരവുകളും മറ്റ് രാഷ്ട്രങ്ങള്‍ നടത്തുന്ന പ്രതികരണങ്ങളും യു എസ് സമ്പദ് വ്യവസ്ഥയെ അസ്ഥിരമാക്കുകയാണ്. പ്രതികാര തീരുവ നിലവില്‍ വരുന്നതിന് മുന്നോടിയായി ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.

Published

|

Last Updated

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാമൂഴം അധികാരമേറ്റതു മുതല്‍ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്ന പകരത്തിന് പകരം തീരുവ (റെസിപ്രോക്കല്‍ താരിഫ്) അതേ പടി നടപ്പാക്കുകയാണെങ്കില്‍ ഇനി മേലില്‍ വിഡ്ഢി ദിനം ഏപ്രില്‍ രണ്ടായിരിക്കും. അത്രമേല്‍ വിനാശകരമായ സാമ്പത്തിക മണ്ടത്തരത്തിലേക്കാണ് ട്രംപും സംഘവും ഇന്ന്, ഏപ്രില്‍ രണ്ടിന് എടുത്തുചാടാന്‍ പോകുന്നത്. ചൈനക്കും മെക്‌സികോക്കും കാനഡക്കും ഇന്ത്യക്കുമെതിരെ കടുത്ത തീരുവ ചുമത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ച ട്രംപ്, അമേരിക്കയുമായി വ്യാപാര ബന്ധത്തിലേര്‍പ്പെടുന്ന മുഴുവന്‍ രാഷ്ട്രങ്ങള്‍ക്കുമേലും “പ്രതികാര തീരുവ’ ചുമത്തുമെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. താന്‍ അധികാരമേറ്റ് മണിക്കൂറുകള്‍ പിന്നിടും മുമ്പ് ചൈനയെയും കാനഡയെയും പാഠം പഠിപ്പിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് ഭീഷണി മുഴക്കിയത്. ലോകത്ത് ഏറ്റവും ഭീമമായ തീരുവ ചുമത്തുന്ന രാജ്യമെന്ന് ഇന്ത്യക്ക് മേല്‍ അദ്ദേഹം ആക്ഷേപം ചൊരിഞ്ഞു. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ക്ക് പിറകേ യു എസ് ഓഹരി വിപണി കൂപ്പുകുത്തിയതോടെ സ്വരം മയപ്പെടുത്താന്‍ ട്രംപ് നിര്‍ബന്ധിതനായി. എല്ലാവര്‍ക്കും സാവകാശം നല്‍കുകയാണെന്നും ഏപ്രില്‍ രണ്ട് മുതലായിരിക്കും റെസിപ്രോക്കല്‍ താരിഫ് പ്രവര്‍ത്തനക്ഷമമാകുകയെന്നും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. ഏപ്രില്‍ രണ്ട് യു എസിന്റെ സ്വാതന്ത്ര്യ ദിനമായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ, ഇപ്പോഴും കാര്യങ്ങള്‍ വ്യക്തമല്ല. ഇന്ന് മുതല്‍ വരുമെന്ന് പറയുന്ന തീരുവ നയം ആരെയൊക്കെ ബാധിക്കും? ഏതൊക്കെ രാജ്യങ്ങള്‍ യു എസുമായുള്ള വ്യാപാരത്തില്‍ മാറ്റങ്ങള്‍ വരുത്തും? തീരുവ ആക്രമണത്തെ നേരിടാന്‍ ആഗോള കൂട്ടായ്മകള്‍ എന്തൊക്കെ പ്രതിരോധ നടപടികളാകും കൈക്കൊള്ളുക?
അതത് രാജ്യങ്ങള്‍ സ്വന്തം ഉത്പാദകരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതിക്ക് മേല്‍ നിയന്ത്രണം കൊണ്ടുവരാനാണ് പ്രധാനമായും തീരുവ ചുമത്തുന്നത്. ചില ഉത്പന്നങ്ങള്‍ രാജ്യത്തേക്ക് കടന്നു വരുന്നത് നിയന്ത്രിക്കണമെന്ന് ബോധ്യപ്പെടുമ്പോഴും ഇറക്കുമതി തീരുവ കൂട്ടുന്നു. പൊതു ധനകാര്യത്തിലെ പ്രധാന ഇനമാണ് ഇറക്കുമതി തീരുവ. സ്വതന്ത്ര വ്യാപാരത്തിന്റെയും ആഗോളവത്കരണത്തിന്റെയും കാലത്ത് താരിഫ് രാജ് ഒരു മോശം സാമ്പത്തിക നയമായി മാറി. ഇന്ത്യയടക്കം സര്‍വ രാജ്യങ്ങളും ഉയര്‍ന്ന താരിഫില്‍ നിന്ന് മാറിനടക്കാന്‍ തുടങ്ങി. രാജ്യങ്ങള്‍ തമ്മിലും രാഷ്ട്ര കൂട്ടായ്മകള്‍ക്കിടയിലും ഒപ്പുവെക്കുന്ന കരാറുകളും നീക്കുപോക്കുകളും ഇറക്കുമതി തീരുവകളുടെ സ്വഭാവത്തില്‍ വലിയ മാറ്റമുണ്ടാക്കി. അപ്പോഴും മിക്ക രാജ്യങ്ങളും താരിഫ് പരിപൂര്‍ണമായി എടുത്തുമാറ്റിയിട്ടില്ല. എടുത്തുമാറ്റുന്നത് ശരിയുമല്ല. മറ്റ് രാജ്യങ്ങള്‍ കുറഞ്ഞ വിലക്ക് വില്‍ക്കാവുന്ന വസ്തുക്കള്‍ സ്വന്തം മണ്ണില്‍ ഡമ്പ് ചെയ്യുമ്പോള്‍ ഒരു രാജ്യവും നോക്കിനില്‍ക്കില്ല. ഈ സാമ്പത്തിക യാഥാര്‍ഥ്യത്തെയാണ് ട്രംപ് അമേരിക്കക്ക് നേരെയുള്ള ആക്രമണമായി വ്യാഖ്യാനിക്കുന്നത്. എല്ലാവരും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ഉയര്‍ന്ന തീരുവ ചുമത്തുകയാണെന്നും ഈ ഏര്‍പ്പാട് ഇനി നടക്കില്ലെന്നുമാണ് ട്രംപ് പറയുന്നത്. പ്രതികാര തീരുവ ചുമത്തി അമേരിക്കന്‍ സാമ്പദ് വ്യവസ്ഥയെ രക്ഷിക്കുകയാണ് തന്റെ ദൗത്യം. ചൈനയടക്കമുള്ള രാജ്യങ്ങള്‍ക്ക് യു എസുമായി വ്യാപാരം തുടരണമെങ്കില്‍ 25 മുതല്‍ അമ്പത് വരെ ശതമാനം അധിക തീരുവ നല്‍കേണ്ടി വരും. ഇങ്ങനെ ഈടാക്കുന്ന അധിക തീരുവ ഉപയോഗിച്ച് അമേരിക്കക്കാര്‍ക്ക് നികുതി ഇളവുകള്‍ നല്‍കുമെന്നും ട്രംപ് പറഞ്ഞു വെക്കുന്നു.

എന്നാല്‍, ട്രംപും അദ്ദേഹത്തിന്റെ മുഖ്യ ഉപദേശകന്‍ ഇലോണ്‍ മസ്‌കും കണക്കുകൂട്ടിയ വഴിയിലല്ല കാര്യങ്ങള്‍ പോകുന്നത്. ട്രംപിന്റെ പരസ്പരവിരുദ്ധമായ പ്രഖ്യാപനങ്ങളും എക്‌സിക്യൂട്ടീവ് ഉത്തരവുകളും അവയ്ക്ക് മുകളില്‍ നടക്കുന്ന നിയമ പോരാട്ടങ്ങളും മറ്റ് രാഷ്ട്രങ്ങള്‍ നടത്തുന്ന പ്രതികരണങ്ങളും യു എസ് സമ്പദ് വ്യവസ്ഥയെ അസ്ഥിരമാക്കുകയാണ്. പ്രതികാര തീരുവ നിലവില്‍ വരുന്നതിന് മുന്നോടിയായി ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ മാഗ്‌നിഫിസന്റ് സെവന്‍ എന്നറിയപ്പെടുന്ന ഏഴ് കമ്പനികള്‍ വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ആപ്പിള്‍, മൈക്രോസോഫ്റ്റ്, ടെസ്ല, എന്‍വിഡിയ, ആല്‍ഫബെറ്റ്, ആമസോണ്‍, മെറ്റ എന്നീ ടെക് ഭീമന്‍മാര്‍ക്ക് മാര്‍ക്കറ്റില്‍ നഷ്ടമായത് 750 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. വലിയ നഷ്ടം നേരിട്ടത് ആപ്പിളാണ്. താരിഫ് വര്‍ധനയുണ്ടാക്കുന്ന കെടുതി മറ്റു രാജ്യങ്ങളേക്കാള്‍ അനുഭവവേദ്യമാകാന്‍ പോകുന്നത് യു എസില്‍ തന്നെയാണ്. ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ വസ്തുക്കള്‍ക്കും വില കൂടും. പണപ്പെരുപ്പ നിരക്ക് കുത്തനെ കുറയ്ക്കുമെന്ന് വാഗ്ദാനം നല്‍കിയ ട്രംപില്‍ അമേരിക്കന്‍ ജനതക്ക് വലിയ ഇച്ഛാഭംഗമാകും ഇതുണ്ടാക്കുക. യൂറോപ്യന്‍ രാജ്യങ്ങള്‍, കാനഡ, മെക്‌സിക്കോ, ചൈന, ജപ്പാന്‍, പെട്രോളിയം, പ്രകൃതി വാതക കയറ്റുമതി രാജ്യങ്ങള്‍ എല്ലാവരും യു എസുമായുള്ള വ്യാപാര ബന്ധത്തില്‍ നിന്ന് സാവധാനം പിറകോട്ട് പോകുകയാണ്. ഇന്ത്യന്‍ രൂപയുമായി ഡോളറിന്റെ നില ഇപ്പോഴും മെച്ചപ്പെട്ട് നില്‍ക്കുന്നുണ്ടെങ്കിലും വിനിമയ രംഗത്ത് ഡോളര്‍ ക്ഷീണിക്കാന്‍ വ്യാപാര നഷ്ടം കാരണമാകും. നിര്‍മിത വസ്തുക്കള്‍ മാത്രമല്ലല്ലോ അമേരിക്ക ഇറക്കുമതി ചെയ്യുന്നത്. അസംസ്‌കൃത വസ്തുക്കളുണ്ട്. സ്‌പെയര്‍ പാർട്്സുകളുണ്ട്. തീരുവ യുദ്ധം ഇവയുടെ കടന്നുവരവിനെയും ബാധിക്കും. തീരുവ യുദ്ധം സൃഷ്ടിക്കുന്ന വിലക്കയറ്റത്തിന്റെ ഗുണഭോക്താക്കളാകാന്‍ ഉത്പാദകര്‍ പൂഴ്ത്തിവെപ്പ് തുടങ്ങിയതായും റിപോര്‍ട്ടുണ്ട്.

ചുരുക്കത്തില്‍ ആഗോള വ്യാപാര രംഗത്തും അമേരിക്കന്‍ ആഭ്യന്തര രംഗത്തും വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തീരുമാനത്തിലേക്കാണ് ട്രംപ് ഭരണകൂടം എടുത്തു ചാടുന്നത്. അന്താരാഷ്ട്ര വ്യാപാര മര്യാദകള്‍ ആരെങ്കിലും ലംഘിക്കുന്നുണ്ടെങ്കില്‍ കൂടിയാലോചനകളിലൂടെ അത് പരിഹരിക്കാവുന്നതാണ്. അതിന് പകരം ഏകപക്ഷീയമായ നീക്കങ്ങള്‍ ആത്മഹത്യാപരമാണ്. യു എസിനെ മാന്ദ്യത്തിലേക്ക് നയിക്കുന്നതാകും ഈ തീരുമാനം. സ്വാഭാവികമായും ഇന്ത്യയടക്കം അമേരിക്കയോട് ചേര്‍ന്ന് നില്‍ക്കുന്ന രാജ്യങ്ങളിലും മാന്ദ്യപ്രവണതകളുണ്ടാകും. ഈ ഭ്രാന്തന്‍ നയത്തില്‍ നിന്ന് ട്രംപ് പിന്‍മാറിയില്ലെങ്കില്‍ രാഷ്ട്ര കൂട്ടായ്മകള്‍ ബദല്‍, പ്രതിരോധ നീക്കങ്ങള്‍ ശക്തമാക്കണം.

Latest