Connect with us

editorial

ഇന്ത്യക്ക് വീണ്ടും ട്രംപിന്റെ പ്രഹരം

സ്വന്തം കാര്യം വരുമ്പോൾ അതിർത്തി അടച്ചിടൽ നയത്തിലേക്ക് നീങ്ങുകയും മറ്റുള്ളവരുടെ വിപണി തുറന്ന് കിട്ടണമെന്ന് ശഠിക്കുകയും ചെയ്യുന്ന നയം അംഗീകരിക്കാനാകില്ല. ഇന്ത്യയിലെ ഭരണാധികാരികൾക്ക് ട്രംപ് ഭരണകൂടവുമായി ഉണ്ടെന്ന് പറയുന്ന സൗഹൃദം ഫലപ്രദമായി ഉപയോഗിക്കാൻ തയ്യാറാകണം.

Published

|

Last Updated

അമേരിക്ക ഫസ്റ്റ്, മേക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ (മാഗാ) തുടങ്ങിയ മുദ്രാവാക്യങ്ങൾ യു എസ് പ്രസിഡന്റ്ഡൊണാൾഡ് ട്രംപിന്റെ രണ്ടാമൂഴത്തിലേക്ക് നയിച്ച സുപ്രധാന നയപ്രഖ്യാപനങ്ങളായിരുന്നു. ഒന്നാം നമ്പർ സാമ്പത്തിക, സൈനിക ശക്തിയെന്ന ആത്മവിശ്വാസത്തിൽ നിന്ന് ഏത് നിമിഷവും പൊട്ടിപ്പോകാവുന്ന കുമിളയായി അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മാറുകയാണോയെന്ന സംശയമുയർത്തുന്നതായിരുന്നു കൊവിഡ് മഹാമാരിയും ഈയടുത്തുണ്ടായ സാമ്പത്തിക മാന്ദ്യങ്ങളും. ആ അരക്ഷിതാവസ്ഥ മുതലെടുത്താണ് ട്രംപ് അധികാരം പിടിച്ചത്. അതിന് അദ്ദേഹം ഉപയോഗിച്ച രാഷ്ട്രീയ തന്ത്രം അതി തീവ്രദേശീയതയായിരുന്നു. മറ്റ് രാജ്യങ്ങളും ജനതയുമെല്ലാം അമേരിക്കയെ തകർക്കാൻ നടക്കുകയാണെന്നും യു എസിനെ പറ്റിച്ച് അവരെല്ലാം നേട്ടമുണ്ടാക്കുകയാണെന്നും ഈ ചതിക്കുഴിയിൽ വീണവരാണ് താനൊഴികെയുള്ള ഭരണകർത്താക്കളെന്നും ട്രംപ് വാദിച്ചു. ഈ വാദത്തിന് വലിയ ജനപിന്തുണ ലഭിച്ചു. യു എസ് പോളിറ്റിയിൽ സംഭവിച്ച മനോഭാവ മാറ്റത്തിന്റെ തുടർച്ചയാണ് ട്രംപിന്റെ ആധികാരിക രണ്ടാമൂഴമെന്നർഥം.

ഇതിന്റെ തുടർച്ചയായി അദ്ദേഹം കൈകൊള്ളുന്ന സർവ തീരുമാനങ്ങളും പരസ്പരാശ്രിത ലോകത്തിന്റെ മര്യാദകളെയും സഹകരണങ്ങളെയും കരാറുകളെയും അപഹസിക്കുന്ന തരത്തിലായിരുന്നു. തീരുവയുദ്ധത്തിലും അനധികൃത മുദ്ര ചുമത്തി ഇന്ത്യക്കാരടക്കമുള്ളവരെ, മഹാപാതകം ചെയ്തവരെപ്പോലെ കയറ്റിയയച്ചതിലും വിസാ നിയന്ത്രണങ്ങളിലുമെല്ലാം ഇതാണ് കാണുന്നത്. ഈ നയവ്യതിയാനത്തിന്റെ തുടർച്ചയാണ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപാർട്ട്മെന്റ്കൈകൊണ്ട തീരുമാനവും.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്രംപ് ഭരണകൂടം യു എസ് വിസ സംവിധാനങ്ങളിൽ കൊണ്ടുവന്ന വിവിധ മാറ്റങ്ങൾ മൂലം ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷനലുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടേക്കുമെന്നാണ് മാധ്യമങ്ങൾ റിപോർട്ട് ചെയുന്നത്. വിദേശ ഡ്രൈവർമാർക്കുള്ള തൊഴിലാളി വിസ നിർത്തലാക്കുന്നത് മുതൽ വർക്ക് പെർമിറ്റ് സ്വാഭാവികമായി പുതുക്കുന്നത് അവസാനിപ്പിച്ചത് വരെയുള്ള നടപടികളാണ് യു എസിലെ ഇന്ത്യൻ കുടിയേറ്റക്കാരെ സാരമായി ബാധിച്ചിരിക്കുന്നത്.

യു എസ് ഹോംലാൻഡ് സെക്യൂരിറ്റി ഡിപാർട്ട്മെന്റ്(ഡി എച്ച ്എസ്) കുടിയേറ്റ തൊഴിലാളികൾക്കുള്ള തൊഴിൽ അംഗീകാര രേഖകളുടെ സ്വാഭാവിക പുതുക്കൽ അനുവദിക്കുന്നത് നിർത്തിവെച്ചതാണ് ഇവയിൽ ഏറ്റവും മാരകം. തൊഴിൽ അംഗീകാര രേഖകൾ യഥാസമയം പുതുക്കി നൽകാതെ വരുന്നതോടെ നിരവധി തൊഴിലാളികൾ വലയും. തൊഴിൽ അംഗീകാര രേഖകൾ, ദീർഘകാലം ജോലിയിലുണ്ടായിരുന്നു എന്ന കാരണംകൊണ്ടുമാത്രം പുതുക്കി നൽകാനാകില്ലെന്നും വിശദ പരിശോധനകൾക്ക് ശേഷം മാത്രമേ അപ്രൂവൽ ലഭിക്കൂവെന്നുമാണ് ഡി എച്ച് എസ് നിലപാടെടുത്തിരിക്കുന്നത്. മുമ്പാണെങ്കിൽ പുതുക്കാൻ അപേക്ഷ നൽകി 540 ദിവസം വരെ യു എസിൽ തുടരാമായിരുന്നു. ഇനി ഈ ആശ്വാസമുണ്ടാകില്ല.

പുതുക്കലിന് അംഗീകാരം ലഭിക്കാത്തവർ ഉടൻ രാജ്യം വിടേണ്ടിവരും. യു എസ് അധികൃതരാകട്ടെ കൂടുതൽ നിബന്ധനകൾവെച്ച് പുതുക്കൽ സങ്കീർണമാക്കുകയാണ്. ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യൻ പ്രൊഫഷനലുകളെയാണ്.

ഇതിനകം തന്നെ ഇന്ത്യക്കാരിൽ ഏറെപേരും ഗ്രീൻ കാർഡ് വിസാ കാലാവധിയുമായി ബന്ധപ്പെട്ട് പ്രതിസന്ധി നേരിടുന്നുണ്ട്. വിദേശികൾക്ക് യു എസിലെ ഐ ടി മേഖലയിലടക്കം ജോലി ചെയ്യുന്നതിനുള്ള എച്ച് 1 ബി വിസയുടെ ഫീ കുത്തനെ കൂട്ടി മറ്റൊരു പ്രഹരം കൂടി നടത്തിയിരുന്നു ഡൊണാൾഡ് ട്രംപ്.

ഈ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ യു എസ് അധികൃതർക്ക് അവകാശമില്ലെന്നോ അവ നിയമവിരുദ്ധമാണെന്നോ പറയാനാകില്ല. അതൊക്കെ ഒരു രാജ്യത്തിന്റെ സ്വയംനിർണയാവകാശത്തിൽപ്പെട്ടതാണ് താനും. എന്നാൽ നിരവധിയായ നീക്കുപോക്കുകളിലൂടെയും സഹകണത്തിലൂടെയുമാണ് ഈ ലോകക്രമം മുന്നോട്ട് പോകുന്നത്.

അത് അലോസരപ്പെടുത്താൻ ട്രംപിനെപ്പോലെയൊരാൾ ഇറങ്ങിപ്പുറപ്പെടുന്നത് വലിയ പരുക്കായിരിക്കുമുണ്ടാക്കുക. മാനവ വിഭവശേഷിയും മൂലധനവും വസ്തുക്കളും സേവനവുമെല്ലാം നിർബാധം ഒഴുകുന്ന സാമ്പത്തിക ക്രമമാണല്ലോ ആഗോളവത്കരണം. ഇതിനായി ശക്തമായി വാദിക്കുകയും ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ നിയന്ത്രിത സാമ്പത്തിക വ്യവസ്ഥ പിന്തുടർന്നപ്പോൾ ഉപദേശവും ഭീഷണിയുമായി വരികയും ചെയ്തവരുടെ നേതൃസ്ഥാനത്ത് നിന്ന രാജ്യമാണ് അമേരിക്ക. വികസ്വര രാജ്യങ്ങളെ നിരവധിയായ കരാറുകളിൽ ഒപ്പുവെപ്പിച്ചവരുമാണ് അവർ. ഇന്ത്യ കാർഷിക മേഖല പൂർണമായി തുറന്ന് കൊടുക്കുന്നില്ലെന്ന് പരാതിപ്പെടുന്നു ട്രംപ്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തടയാൻ ഉപരോധഭീഷണി നടത്തുന്നതും ട്രംപാണെന്നത്
മറക്കരുത്.

സ്വന്തം കാര്യം വരുമ്പോൾ അതിർത്തി അടച്ചിടൽ നയത്തിലേക്ക് നീങ്ങുകയും മറ്റുള്ളവരുടെ വിപണി തുറന്ന് കിട്ടണമെന്ന് ശഠിക്കുകയും ചെയ്യുന്ന നയം അംഗീകരിക്കാനാകില്ല. ജനബഹുലമായ ഇന്ത്യ ട്രംപിന് നിർണായക വിപണി തന്നെയാണ്. ചൈനയുടെ കാര്യത്തിൽ പഴയ കടുത്ത നിലപാട് മയപ്പെടുത്താൻ അദ്ദേഹം തയ്യാറായി എന്നോർക്കണം. കാനഡക്കെതിരായ നീക്കത്തിന് യു എസ് നിയമസംവിധാനത്തിൽ നിന്നും സെനറ്റിൽ നിന്നും തിരിച്ചടി നേരിടുന്നുമുണ്ട്. അതുകൊണ്ട് ഇന്ത്യയിലെ ഭരണാധികാരികൾക്ക് ട്രംപ് ഭരണകൂടവുമായി ഉണ്ടെന്ന് പറയുന്ന സൗഹൃദം ഇത്തരുണത്തിൽ ഫലപ്രദമായി ഉപയോഗിക്കാൻ തയ്യാറാകണം. ഇന്ത്യയുടെ ശക്തിയും സാധ്യതയും മുന്നിൽവെച്ച് വിലപേശാനുള്ള നട്ടെല്ലുറപ്പാണ് കാണിക്കേണ്ടത്. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കാനുള്ള നയതന്ത്രശ്രമങ്ങൾ നടക്കുന്നില്ലെങ്കിൽ സൗഹൃദപ്രകടനങ്ങൾക്ക് എന്തർഥമാണുള്ളത്.

Latest