Connect with us

Kerala

സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം

നിരോധന കാലയളവില്‍ ട്രോളിങ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവരെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജിതമാക്കും.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി 12 മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12 വരെ 52 ദിവസത്തേക്കാണ് നിരോധനം. മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെതാണ് തീരുമാനം. മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കന്മാര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍, കോസ്റ്റല്‍ പോലീസ് മേധാവി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഇന്ത്യന്‍ നേവി, ഫിഷറീസ്, സിവില്‍ സപ്ലൈസ് എന്നിവയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നിരോധന കാലയളവില്‍ ട്രോളിങ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവരെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷന്‍ വിതരണം ഊര്‍ജിതമാക്കുമെന്ന് മന്ത്രി യോഗത്തില്‍ ഉറപ്പു നല്‍കി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ട്രോളിങ് നിരോധനം നടപ്പാക്കുന്നതിനായി ജില്ലാ കലക്ടര്‍മാരുടെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുടെയും യോഗം വിളിച്ചുകൂട്ടി ജില്ലാതല തീരുമാനങ്ങള്‍ കൈക്കൊള്ളണം. ഇതര സംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കലക്ടര്‍മാര്‍ നിര്‍ദേശം നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

കൊല്ലം ജില്ലയിലെ നീണ്ടകര ഹാര്‍ബര്‍ ട്രോളിങ് നിരോധന കാലഘട്ടത്തില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് തുറന്നുകൊടുത്തിരുന്നു. അത് ഈ വര്‍ഷവും തുടരാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാര്‍ബറുകളിലും ലാന്‍ഡിംഗ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കണം. എന്നാല്‍ ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാന്‍ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തിരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം.

കടല്‍ സുരക്ഷയുടെയും, തീര സുരക്ഷയുടെയും ഭാഗമായി കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും ബയോമെട്രിക് ഐ ഡി കാര്‍ഡ്/ആധാര്‍ കാര്‍ഡ്, ലൈഫ് ജാക്കറ്റ് എന്നിവ കരുതിയിട്ടുണ്ട് എന്ന് ഉറപ്പാക്കണം. ഏകീകൃത കളര്‍ കോഡിങ് നടത്തിയിട്ടില്ലാത്ത ബോട്ടുകള്‍ ട്രോളിംഗ് നിരോധന കാലയളവില്‍ തന്നെ അടിയന്തരമായി കളര്‍ കോഡിംഗ് നടത്തണമെന്നും യോഗം തീരുമാനിച്ചു. മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രോളിങ് നിരോധന കാലയളവില്‍ കൂടുതല്‍ പോലീസുകാരുടെ സേവനം ആവശ്യമായി വന്നാല്‍ ജില്ലാ ഫിഷറീസ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് അനുവദിക്കാന്‍ അതത് ജില്ലാ പോലീസ് മേധാവികള്‍ നടപടി സ്വീകരിക്കണം. ജൂണ്‍ ഒമ്പതിന് വൈകുന്നേരത്തോടെ ട്രോളിങ് ബോട്ടുകള്‍ എല്ലാം കടലില്‍ നിന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് മറൈന്‍ എന്‍ഫോഴ്‌സുമെന്റും കോസ്റ്റല്‍ പോലീസും ഉറപ്പാക്കണം. ട്രോളിങ് നിരോധനം ലംഘിക്കുന്ന ട്രോള്‍ ബോട്ടുകള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു.

ട്രോളിങ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വള്ളം മാത്രമേ അനുവദിക്കൂ. നിരോധന കാലയളവില്‍ കടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേണ്ടിവരുമ്പോള്‍ ഫിഷറീസ് വകുപ്പ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്, കോസ്റ്റല്‍ പോലീസ് എന്നിവ ഏകോപിച്ച് പ്രവര്‍ത്തിക്കണം. അടിയന്തര സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഇന്ത്യന്‍ നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ സജ്ജമായിരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.

 

---- facebook comment plugin here -----

Latest