From the print
ട്രോളിംഗ് നിരോധം ബുധനാഴ്ച അവസാനിക്കും; കടലോളം പ്രതീക്ഷയിൽ മത്സ്യത്തൊഴിലാളികൾ
എറണാകുളം ജില്ലയിൽ മാത്രം 700 ട്രോളിംഗ്, 75 പെർസിൻ, 300 ചൂണ്ട ബോട്ടുകളാണ് കടലിൽ പോകുക.

മട്ടാഞ്ചേരി (കൊച്ചി) | സംസ്ഥാനത്ത് 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ്് നിരോധം അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ, മത്സ്യബന്ധനത്തിന് കടലിൽ പോകാനുള്ള അവസാനഘട്ട ഒരുക്കത്തിൽ യാനങ്ങൾ. 31ന് അർധരാത്രിയോടെ വിലക്ക് നീങ്ങും. പുത്തൻ പ്രതീക്ഷയോടെയാണ് തൊഴിലാളികൾ ഹാർബറുകളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകാനായി ഒരുങ്ങുന്നത്.
എറണാകുളം ജില്ലയിൽ മാത്രം 700 ട്രോളിംഗ്, 75 പെർസിൻ, 300 ചൂണ്ട ബോട്ടുകളാണ് കടലിൽ പോകുക. അടച്ചിട്ട ഡീസൽ പമ്പുകൾ, ഐസ് ഫാക്ടറികൾ തുടങ്ങിയവ ഉടൻ സജീവമാകും. ബോട്ടുകളിൽ ഐസുകൾ കയറ്റിത്തുടങ്ങിയിട്ടുണ്ട്.
ട്രോളിംഗ് നിരോധം തുടങ്ങിയപ്പോൾ അറ്റകുറ്റപ്പണികൾ തീർക്കാൻ കൊണ്ടുപോയ വലകൾ തിരികെയെത്തിച്ച് ബോട്ടിൽ കയറ്റുന്ന ജോലികളും നടന്നുവരുന്നു. കുളച്ചൽ, തൂത്തൂർ, നാഗപട്ടണം അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് തൊഴിലാളികൾ എത്തിത്തുടങ്ങിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളും എത്തുന്നതോടെ ഹാർബറുകളിൽ ഉത്സവാന്തരീക്ഷമാകും.
മത്സ്യ ചാകരയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികളും ബോട്ടുടമകളും. കിളിമീൻ, കരിക്കാടി, കടൽ വരാൽ എന്നിവ കൂടുതൽ ഉണ്ടാകുമെന്നാണ് കരുതുന്നത്.
ബോട്ടിന്റെ അറ്റകുറ്റപ്പണികൾക്കായി ലക്ഷങ്ങളാണ് ഉടമകൾ ചെലവഴിച്ചത്. പലരും കടം വാങ്ങിയും വായ്പയെടുത്തുമാണ് പണികൾ തീർത്തത്.
അതേസമയം, തീരക്കടലിൽ നിന്ന് മികച്ച മത്സ്യയിനങ്ങൾ അകന്നെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറയുന്നത്. വിപണികളിൽ മത്സ്യങ്ങളുടെ ഉയർന്ന വിലയിലും കാര്യമായ നേട്ടം കൊയ്യാൻ കഴിയാത്ത സാഹചര്യമാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കെന്ന് ഈ മേഖലയിലെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.