local body election 2025
കോൺഗ്രസ്സിനെ തോൽപ്പിക്കാൻ അടവുനയം സ്വീകരിക്കുമെന്ന് തൃണമൂൽ
ലീഗും ഡി സി സി പ്രസിഡന്റും അനുകൂല നിലപാട് സ്വീകരിക്കുമ്പോഴും രണ്ട് കോൺഗ്രസ്സ് നേതാക്കൾ തടസ്സം സൃഷ്ടിക്കുകയാണെന്ന് തൃണമൂൽ മണ്ഡലം ഭാരവാഹികൾ പറഞ്ഞു.
നിലമ്പൂർ | യു ഡി എഫ്- തൃണമൂൽ കോൺഗ്രസ്സ് സഹകരണം എതിർക്കുന്ന കോൺഗ്രസ്സിനെതിരെ അടവുനയം സ്വീകരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്സ്. തദ്ദേശ തിരഞ്ഞെടുപ്പിൽ പി വി അൻവറിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ്സിനെ സഹകരിപ്പിക്കാനുള്ള നീക്കവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെ സംസ്ഥാന യു ഡി എഫ് നേതൃത്വം മുന്നോട്ടുപോകുമ്പോൾ നിലമ്പൂർ മണ്ഡലത്തിൽ യു ഡി എഫ് തൃണമൂലിനെ സഹകരിപ്പിക്കാതിരിക്കാനാണ് ശ്രമിക്കുന്നത്. ലീഗും ഡി സി സി പ്രസിഡന്റും അനുകൂല നിലപാട് സ്വീകരിക്കുമ്പോഴും രണ്ട് കോൺഗ്രസ്സ് നേതാക്കൾ തടസ്സം സൃഷ്ടിക്കുകയാണെന്ന് തൃണമൂൽ മണ്ഡലം ഭാരവാഹികൾ പറയുന്നു.
ജില്ലയിലെ രണ്ട് കോൺഗ്രസ്സ് എം എൽ എമാർ ആണോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ആകാമെന്നും തൃണമൂൽ നേതാക്കൾ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ പി വി അൻവർ മത്സരിച്ചതുകൊണ്ടാണ് നിലവിലെ നിലമ്പൂർ എം എൽ എക്ക് ജയിക്കാനായത്. ഇനിയും തിരഞ്ഞെടുപ്പുണ്ടെന്നും അര് ജയിക്കണമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും തൃണമൂൽ മണ്ഡലം ചെയർമാൻ ഇ എ സുകു പറഞ്ഞു. ലീഗിനും കോൺഗ്രസ്സ് പ്രാദേശിക നേതാക്കൾക്കും തൃണമൂൽ ധാരണക്ക് യോജിപ്പാണ്. എന്നാൽ, കോൺഗ്രസ്സിലെ ചില നേതാക്കൾ ഉടക്കിടുകയാണ്.
വിവിധ പഞ്ചായത്തുകളിൽ കാലങ്ങളായി യു ഡി എഫിന് ജയിക്കാനാകാത്ത വാർഡുകളാണ് തൃണമൂൽ ആവശ്യപ്പെട്ടത്. എന്നാൽ, കോൺഗ്രസ്സ് നേതാക്കളുടെ എതിർപ്പ് കാരണം മാന്യമായ ആവശ്യം യു ഡി എഫ് പരിഗണിച്ചില്ല. അതിനാൽ ഒറ്റക്ക് മത്സരിക്കാൻ തൃണമൂൽ തീരുമാനിച്ചതായും വഴിക്കടവ് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ചുങ്കത്തറ പഞ്ചായത്ത് മുൻ അംഗം സുധീർ പുന്നപ്പാല മത്സരിക്കുമെന്നും ഇ എ സുകു പറഞ്ഞു.
പി വി അൻവറിന്റെയും താൻ ഉൾപ്പെടെയുള്ളവരുടെയും ശ്രമഫലമായി ചുങ്കത്തറ പഞ്ചായത്ത് ഭരണം എൽ ഡി എഫിൽ നിന്ന് യു ഡി എഫിന് നേടിക്കൊടുത്തിട്ടും തൃണമൂൽ കോൺഗ്രസ്സിനെ സഹകരിപ്പിക്കുന്നില്ലന്ന് മണ്ഡലം കൺവീനർ സുധീർ പുന്നപ്പാല പറഞ്ഞു.
മണ്ഡത്തിലെ വിവിധ വാർഡുകളിൽ സ്വന്തം സ്ഥാനാർഥികളെ നിർത്തും. കരുളായിയിൽ ചർച്ച അന്തിമഘട്ടത്തിലാണെന്നും ഇവർ പറഞ്ഞു.


