Connect with us

editorial

തിരഞ്ഞെടുപ്പിന്റെ സുതാര്യത ഉറപ്പ് വരുത്തണം

വോട്ടര്‍മാര്‍ക്ക് നിഷ്പക്ഷതയില്‍ സംശയം ജനിച്ചാല്‍, സന്ദേഹം നീക്കേണ്ടത് കമ്മീഷന്റെ ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റുന്നതിന് പകരം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിക്കുകയും, തിരഞ്ഞെടുപ്പിന്റെ സുതാര്യതക്കായി സ്ഥാപിതമായ നിയമങ്ങള്‍ അട്ടിമറിക്കുകയും ചെയ്യുമ്പോള്‍ തകരുന്നത് ജനാധിപത്യമാണ്.

Published

|

Last Updated

തിരഞ്ഞെടുപ്പിന്റെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പൊതുപരിശോധനക്ക് നല്‍കുന്നതിനുള്ള വിലക്ക്, മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന കോണ്‍ഗ്രസ്സിന്റെ ആവശ്യത്തോടുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുറംതിരിഞ്ഞ നില്‍പ്പ്, വോട്ടെടുപ്പിന്റെ സി സി ടി വി, വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങള്‍ 45 ദിവസത്തിന് ശേഷം നശിപ്പിക്കണമെന്ന ഉത്തരവ് തുടങ്ങി തിരഞ്ഞെടുപ്പിന്റെ സുതാര്യതക്ക് നിരക്കാത്ത നടപടികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചുവരുന്നത്.

ബി ജെ പി നേതൃത്വത്തിലുള്ള മഹാസഖ്യം വിജയിച്ച കഴിഞ്ഞ വര്‍ഷത്തെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍കൃത്രിമം നടന്നതായി ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍, കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധിയാണ് തിരഞ്ഞെടുപ്പിന്റെ വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് കമ്മീഷനോട് ആവശ്യപ്പെട്ടത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടാല്‍, വോട്ടര്‍മാരെ വ്യക്തികള്‍ക്കോ പാര്‍ട്ടികള്‍ക്കോ തിരിച്ചറിയാനാകുകയും, വോട്ടര്‍മാര്‍ക്കെതിരെ ഭീഷണി ഉള്‍പ്പെടെയുള്ള സാധ്യതകള്‍ ഉണ്ടാകുകയും ചെയ്യുമെന്ന ബാലിശമായ ന്യായം പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യം നിരസിച്ചു. ഇത്തരം ദൃശ്യങ്ങള്‍ ആഭ്യന്തര നിരീക്ഷണത്തിന് മാത്രമാണെന്നാണ് കമ്മീഷന്റെ അവകാശവാദം.

ഓരോ ബൂത്തിലും വോട്ട് ചെയ്തവര്‍ ആരെല്ലാമെന്ന് അറിയാന്‍, പാര്‍ട്ടി നിയോഗിക്കുന്ന ബൂത്ത് ഏജന്റുമാര്‍ ഉള്‍പ്പെടെ പാര്‍ട്ടികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വേറെ തന്നെ മാര്‍ഗങ്ങളുണ്ടെന്നിരിക്കെ, വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കുന്നതുകൊണ്ട് മാത്രം വോട്ടര്‍മാരുടെ സ്വകാര്യത കാത്തുസൂക്ഷിക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും സാധിക്കുമോ? ഇതൊന്നും ജനങ്ങള്‍ അറിയേണ്ട എന്ന കമ്മീഷന്റെ സ്വേച്ഛാപരമായ നിലപാട് ജനാധിപത്യ വ്യവസ്ഥയില്‍ ന്യായീകരിക്കത്തക്കതല്ല.

വെബ്കാസ്റ്റിംഗ്, വീഡിയോ ദൃശ്യങ്ങള്‍ 45 ദിവസത്തിന് ശേഷം നശിപ്പിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന്റെ ഉദ്ദേശ്യശുദ്ധിയും സംശയാസ്പദമാണ്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ ബ്രോഡ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ശക്തമായതിന് ശേഷമാണ് കമ്മീഷന്റെ ഉത്തരവ് വന്നതെന്നത് ശ്രദ്ധേയമാണ്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം പോളിംഗ് ശതമാനത്തിലുണ്ടായ വന്‍വര്‍ധന ചൂണ്ടിക്കാണിച്ചാണ്, പോളിംഗ് ദിവസത്തെ വൈകുന്നേരം അഞ്ച് മണിക്ക് ശേഷമുള്ള സി സി ടി വി, വെബ്കാസ്റ്റിംഗ് ദൃശ്യങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പിലെയും നിയമസഭാ തിരഞ്ഞെടുപ്പിലെയും വോട്ടര്‍ പട്ടികയും പുറത്തുവിടാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ പ്രകടമായ ക്രമക്കേടുകളെക്കുറിച്ച് തിരഞ്ഞെടുപ്പ് നടന്ന ഉടന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ്സ് സമര്‍പ്പിച്ച നിവേദനത്തില്‍ വിശദമായി ചൂണ്ടിക്കാണിച്ചിരുന്നു. പോളിംഗ് ദിവസം വൈകുന്നേരം അഞ്ചിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ കണക്ക് പ്രകാരം പോളിംഗ് 58.22 ശതമാനമായിരുന്നു. പിന്നീട് ഇത് 65.02 ശതമാനമെന്നും, തുടര്‍ന്ന് 66.05 ശതമാനമെന്നും രാത്രിയില്‍ വിവരം മാറ്റിപ്പറഞ്ഞു. ഇതനുസരിച്ച്, വൈകുന്നേരം ഏകദേശം 76 ലക്ഷം പേര്‍ വോട്ട് രേഖപ്പെടുത്തിയിരിക്കണം. ഇതില്‍ അസ്വാഭാവികതയുണ്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി 2024 ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള അഞ്ച് മാസത്തിനിടയില്‍ സംസ്ഥാനത്തെ വോട്ടര്‍മാരിലുണ്ടായ വന്‍വര്‍ധനയും സംശയാസ്പദമാണ്. 47 ലക്ഷം വോട്ടര്‍മാരാണ് ഈ കാലയളവില്‍ വര്‍ധിച്ചത്.

അതിലേറെ ദുരൂഹമാണ് 1961ലെ തിരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടത്തിലെ 93(2)(എ) വകുപ്പ് ഭേദഗതി ചെയ്ത കേന്ദ്രത്തിന്റെ നടപടി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുജന പരിശോധനക്ക് നല്‍കണമെന്നായിരുന്നു 1961ലെ നിയമത്തില്‍ പറഞ്ഞിരുന്നത്. ഈ വകുപ്പിലെ “എല്ലാ രേഖകളും’ എന്നതിന് പകരം “ചട്ടങ്ങളില്‍ പ്രത്യേകം പറയുന്നവ’ എന്നാക്കി മാറ്റി സര്‍ക്കാര്‍. ഇതുവഴി, തിരഞ്ഞെടുപ്പ് കമ്മീഷന് ചട്ടത്തില്‍ പ്രത്യേകം പറയാത്ത സി സി ടി വി ദൃശ്യങ്ങള്‍, വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍ തുടങ്ങിയവ പൊതുജന പരിശോധനക്ക് നല്‍കാതെ രക്ഷപ്പെടാനാകും. നാമനിര്‍ദേശ പത്രികകള്‍, പോള്‍ ഏജന്റുമാരുടെ നിയമനങ്ങള്‍, തിരഞ്ഞെടുപ്പ് ഫലം, തിരഞ്ഞെടുപ്പ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍ എന്നിവ മാത്രം പരിശോധനക്ക് നല്‍കിയാല്‍ മതിയാകും. കമ്മീഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തിയത്.

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പോളിംഗ് സ്റ്റേഷനില്‍ രേഖപ്പെടുത്തിയ പോളിംഗിന്റെ വീഡിയോഗ്രഫി, സി സി ടി വി ദൃശ്യങ്ങള്‍, പേപ്പറുകളുടെ പകര്‍പ്പുകള്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അഭിഭാഷകനായ മഹ്്മൂദ് പാച്ചക്ക് നല്‍കണമെന്ന് 2014 ഡിസംബര്‍ ഒമ്പതിന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 1961ലെ തിരഞ്ഞെടുപ്പ് ചട്ടപ്രകാരം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുസമൂഹത്തിന് പരിശോധനക്ക് നല്‍കാന്‍ കമ്മീഷന് ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതി ഉത്തരവ്. ഇതിന് തൊട്ടുപിന്നാലെയാണ് ധൃതിപ്പെട്ട് കേന്ദ്രം നിയമത്തില്‍ ഭേദഗതി വരുത്തിയതെന്നത് ശ്രദ്ധേയമാണ്.

സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കേണ്ട ഒരു അര്‍ധ- നീതിന്യായ സ്ഥാപനമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. തീര്‍ത്തും സുതാര്യമായിരിക്കണം ജനാധിപത്യത്തിന്റെ അടിത്തറയായ തിരഞ്ഞെടുപ്പ് നിയന്ത്രിക്കേണ്ട കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍. സുതാര്യമെന്ന് കമ്മീഷന്‍ അവകാശപ്പെട്ടാല്‍ പോരാ, അത് വോട്ടര്‍മാര്‍ക്കും സമൂഹത്തിനും ബോധ്യപ്പെടുകയും വേണം. വോട്ടര്‍മാര്‍ക്ക് നിഷ്പക്ഷതയില്‍ സംശയം ജനിച്ചാല്‍, സന്ദേഹം നീക്കേണ്ടത് കമ്മീഷന്റെ ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റുന്നതിന് പകരം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ നശിപ്പിക്കുകയും, തിരഞ്ഞെടുപ്പിന്റെ സുതാര്യതക്കായി സ്ഥാപിതമായ നിയമങ്ങള്‍ അട്ടിമറിക്കുകയും ചെയ്യുമ്പോള്‍ തകരുന്നത് ജനാധിപത്യമാണ്.

---- facebook comment plugin here -----

Latest