Kerala
വിസ്മയ കേസ് പ്രതിക്ക് ജാമ്യം; ശിക്ഷാ വിധി സുപ്രീം കോടതി മരവിപ്പിച്ചു
ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി

ന്യൂഡല്‍ഹി | വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി.
സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനിയായ വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ പത്തുവര്‍ഷത്തെ തടവിനാണ് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ശിക്ഷാ വിധിക്കെതിരെ കിരണ്‍കുമാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീലില്‍ തീരുമാനമെടുക്കുന്നതുവരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കിരണ്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഈ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
2021 ജൂണ്‍ 21നാണ്് ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി നല്‍കിയ കാറില്‍ ഇഷ്ടമാകാത്തതും ആവശ്യപ്പെട്ട സ്വര്‍ണം ലഭിക്കാത്തതിനാലും ഭര്‍ത്താവ് കിരണ്‍കുമാര്‍ മാനസികമായി പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നും തുടര്‍ന്ന് വിസ്മയ ജീവനൊടുക്കുകയായിരുന്നുമായിരുന്നു കേസ്.
കേസില്‍ 2022മെയ് 23-ന് കിരണ്‍കുമാറിനെ പത്തുവര്‍ഷത്തെ തടവിന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു. 12.55 ലക്ഷം രൂപ പിഴയും ചുമത്തി. മോട്ടോര്‍ വാഹനവകുപ്പില്‍ എഎംവിഐ ആയിരുന്ന കിരണ്‍കുമാറിനെ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.