Connect with us

National

യുപിയില്‍ 33 കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ദമ്പതികള്‍ക്ക് വധശിക്ഷ

പ്രതികളുടെ മാനസികാവസ്ഥയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നും നീതി നടപ്പിലാക്കാന്‍ വധശിക്ഷ തന്നെ വേണമെന്നും കോടതി

Published

|

Last Updated

ലക്‌നൗ  | ഉത്തര്‍പ്രദേശില്‍ നിരവധി കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് ദമ്പതികള്‍ക്ക് വധശിക്ഷ വിധിച്ച് കോടതി. ബന്ദയിലുള്ള പ്രത്യേക പോക്‌സോ കോടതിയാണ് 33 കുട്ടികളെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ ദമ്പതികള്‍ക്ക് വധശിക്ഷ വിധിച്ചത്. മൂന്ന് വയസ്സുള്ള കുട്ടികള്‍ വരെ ഇവരുടെ ക്രൂരതയ്ക്ക് ഇരയായിരുന്നു.

സിബിഐ അന്വേഷിച്ച ഈ കേസില്‍ പ്രതികളായ രാംഭവന്‍, ഭാര്യ ദുര്‍ഗാവതി എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രകൃതിവിരുദ്ധ പീഡനം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം, ചൈല്‍ഡ് പോണോഗ്രഫി, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ഇരകളായ ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി ഉത്തരവിട്ടു. കൂടാതെ, പ്രതികളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത പണം ഇരകള്‍ക്കിടയില്‍ തുല്യമായി വീതിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു

പ്രതികളുടെ ചെയ്തികള്‍ അങ്ങേയറ്റം ക്രൂരവും പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്തതുമാണെന്ന് നിരീക്ഷിച്ച കോടതി, ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ചാണ് വധശിക്ഷ വിധിച്ചത്. പ്രതികളുടെ മാനസികാവസ്ഥയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നും നീതി നടപ്പിലാക്കാന്‍ വധശിക്ഷ തന്നെ വേണമെന്നും കോടതി വ്യക്തമാക്കി.

ജൂനിയര്‍ എഞ്ചിനീയറായിരുന്ന രാംഭവന്‍ 2010 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ബന്ദ, ചിത്രകൂട് ജില്ലകളിലാണ് കുറ്റകൃത്യങ്ങള്‍ നടത്തിയത്. വീഡിയോ ഗെയിമുകളും പണവും സമ്മാനങ്ങളും നല്‍കിയാണ് ഇയാള്‍ കുട്ടികളെ ആകര്‍ഷിച്ചിരുന്നത്.

പല കുട്ടികള്‍ക്കും സ്വകാര്യഭാഗങ്ങളില്‍ മാരകമായ പരിക്കേല്‍ക്കുകയും വര്‍ഷങ്ങളോളം ആശുപത്രിയില്‍ കഴിയേണ്ടി വരികയും ചെയ്തു. ശാരീരിക പീഡനത്തിന് പുറമെ പലര്‍ക്കും കണ്ണിന് പരിക്കേല്‍ക്കുകയും കടുത്ത മാനസികാഘാതം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

2020 ഒക്ടോബറിലാണ് സിബിഐ കേസ് ഏറ്റെടുത്തത്. ഡിജിറ്റല്‍ തെളിവുകളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളും കൃത്യമായി ഹാജരാക്കിയ സിബിഐയുടെ പഴുതടച്ച അന്വേഷണമാണ് പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാന്‍ സഹായിച്ചത്.

 

---- facebook comment plugin here -----

Latest