National
മംഗളുരുവില്‍ വ്യാപാരിയെ കടക്ക് മുന്നില്‍ വെട്ടിക്കൊന്നു; നഗരത്തില്‍ നിരോധനാജ്ഞ
സംഭവത്തില്‍ നാലുപേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു.

മംഗളൂരു | മംഗളൂരു സൂറത്ത്കലില്‍ വ്യാപാരിയെ കടയുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. 43കാരനായ അബ്ദുല്‍ ജലീല്‍ എന്ന വ്യാപാരിയാണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ ചൊവ്വാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വരെ പൊതുയോഗങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.
സൗന്ദര്യവര്‍ധക വസ്തുക്കളും മറ്റ് സാധനങ്ങളും വില്‍ക്കുന്ന കടയുടെ ഉടമ അബ്ദുള്‍ ജലീലിനെ രണ്ട് പേര്‍ ഞായറാഴ്ച രാത്രി 8 നും 8.30 നും ഇടയിലാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.കൊലയാളികള്‍ ഒളിവിലാണ്. വെട്ടേറ്റ ജലീലിനെ ശ്രീനിവാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ എത്തിച്ചെങ്കിലും രാത്രി 10.50 ഓടെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എജെ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലേക്ക് മാറ്റി. സംഭവത്തില്‍ നാലുപേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ പറഞ്ഞു.