Editorial
വ്യാപാര കരാറോ കീഴടങ്ങലോ?
തീരുവ 18 ശതമാനമായി കുറച്ചത് നേട്ടമെങ്കിലും ഇതിനു പകരമായി ഇന്ത്യ ചെയ്യേണ്ടി വന്ന ഇളവുകളെന്തെല്ലാമെന്നത് അവ്യക്തമാണ്. ഇതുസംബന്ധിച്ച് ട്രംപ് നടത്തിയ വെളിപ്പെടുത്തല്‍ ശരിയെങ്കില്‍ കരാര്‍ നേട്ടങ്ങളേക്കാളുപരി ഇന്ത്യക്ക് കോട്ടം സൃഷ്ടിക്കും.
വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഇന്ത്യ- അമേരിക്ക വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമായിരിക്കുന്നു. സാമൂഹിക മാധ്യമമായ ട്രൂത്ത് വഴി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് കരാര്‍ സംബന്ധിച്ച് ധാരണയിലെത്തിയ കാര്യം അറിയിച്ചത്. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍ ഡി എ പാര്‍ലിമെന്ററി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത് സ്ഥിരീകരിക്കുകയും കരാര്‍ ഇന്ത്യക്ക് വലിയ നേട്ടമാണെന്ന് അവകാശപ്പെടുകയും ചെയ്തു. ആഗോളതലത്തില്‍ വ്യാപാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും കരാര്‍ വഴി ഇന്ത്യക്ക് അനുകൂലമായ നിലപാട് സൃഷ്ടിക്കാന്‍ സാധിച്ചതായും മോദി പറയുന്നു. തിങ്കളാഴ്ച രാത്രി മോദിയും ട്രംപും തമ്മില്‍ നടന്ന അരമണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണത്തിനു പിന്നാലെയാണ് ധാരണയിലെത്തിയത്.
റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ ചൊല്ലി ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ചുമത്തിയിരുന്ന അധിക തീരുവ ഒഴിവാക്കുകയും തീരുവ 18 ശതമാനമായി കുറക്കുകയും ചെയ്തതാണ് കരാറിലെ ഏറ്റവും ശ്രദ്ധേയമായ വശം. ഇതടിസ്ഥാനത്തില്‍ ചൈന, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഇന്ത്യക്ക് യു എസിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധിക്കും. അത് ആഭ്യന്തര ഉത്പാദന മേഖലക്ക് ഉത്തേജനം സൃഷ്ടിക്കുകയും ചെയ്യും. തുണിത്തരങ്ങള്‍, ആഭരണം, സമുദ്രോത്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, വാഹനങ്ങളുടെ പാര്‍ട്‌സുകള്‍, മെക്കാനിക്കല്‍ ഉപകരണങ്ങള്‍, ഓര്‍ഗാനിക് കെമിക്കല്‍സ് തുടങ്ങിയവയാണ് ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള പ്രധാന കയറ്റുമതി ഉത്പന്നങ്ങള്‍.
തീരുവ 18 ശതമാനമായി കുറച്ചത് നേട്ടമെങ്കിലും ഇതിനു പകരമായി ഇന്ത്യ ചെയ്യേണ്ടി വന്ന ഇളവുകളെന്തെല്ലാമെന്നത് അവ്യക്തമാണ്. ഇതുസംബന്ധിച്ച് ട്രംപ് നടത്തിയ വെളിപ്പെടുത്തല്‍ ശരിയെങ്കില്‍ കരാര്‍ നേട്ടങ്ങളേക്കാളുപരി ഇന്ത്യക്ക് കോട്ടം സൃഷ്ടിക്കും. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായി നിര്‍ത്താന്‍ ഇന്ത്യ സമ്മതിച്ചുവെന്നാണ് ട്രംപ് പറയുന്നത്. പകരം എണ്ണക്കും ഇന്ധനത്തിനും ഇന്ത്യ അമേരിക്കയെയും വെനസ്വേലയെയും ആശ്രയിക്കും. അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ ഇന്ത്യ പൂര്‍ണമായും ഒഴിവാക്കുമെന്നതാണ് മറ്റൊരു വ്യവസ്ഥ. കൂടാതെ കൃഷി, ഊര്‍ജം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ 50,000 കോടി ഡോളറിലധികം മൂല്യമുള്ള ഉത്പന്നങ്ങള്‍ അമേരിക്ക ഇറക്കുമതി ചെയ്യും. തീരുവ ഇളവ് നല്‍കുന്നതിനാല്‍ വന്‍തോതില്‍ യു എസ് ഉത്പന്നങ്ങള്‍ വാങ്ങാന്‍ ഇന്ത്യ ബാധ്യസ്ഥമാണെന്ന് ട്രംപ് പറയുന്നു.
രാജ്യത്തെ കാര്‍ഷിക മേഖലക്ക് കനത്ത തിരിച്ചടിയാണ് ഈ വ്യവസ്ഥകള്‍. കൃഷിക്ക് വന്‍തോതില്‍ സബ്‌സിഡി നല്‍കുന്ന രാജ്യമാണ് അമേരിക്ക. ഇറക്കുമതി തീരുവ കൂടി ഒഴിവാക്കിയാല്‍ കുറഞ്ഞ വിലയില്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണികളില്‍ എത്തിക്കാനാകും. ഇതോടെ ഇന്ത്യന്‍ വിപണി അമേരിക്കന്‍ ഉത്പന്നങ്ങള്‍ പിടിച്ചടക്കുകയും ഇന്ത്യന്‍ കര്‍ഷകര്‍ ന്യായമായ വില ലഭിക്കാതെ പ്രതിസന്ധിയിലാകുകയും ചെയ്യും. പയര്‍ വര്‍ഗങ്ങള്‍, എണ്ണവിത്തുകള്‍, പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ വന്‍തോതില്‍ വിലയിടിവുണ്ടാകും. ആധുനിക യന്ത്രവത്കൃതമാണ് അമേരിക്കന്‍ കാര്‍ഷിക മേഖല. അവിടെ വന്‍തോതില്‍ ഉത്പാദനം നടക്കുന്നുണ്ട്. ഇന്ത്യയില്‍ ഭൂരിഭാഗവും ചെറുകിട കര്‍ഷകരാണ്. സാങ്കേതികമായി മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളിലെ കര്‍ഷകരോട് മത്സരിക്കാനുള്ള ശേഷിയില്ല ഇന്ത്യന്‍ കര്‍ഷകര്‍ക്ക്.
അമേരിക്കയുടെ വ്യാപാരക്കരാര്‍ ചര്‍ച്ച നേരത്തേ വഴിമുട്ടിയത് ക്ഷീരമേഖലയില്‍ തട്ടിയാണ്. കോടിക്കണക്കിന് ഇന്ത്യന്‍ ക്ഷീരകര്‍ഷകരുടെ ഉപജീവന മാര്‍ഗത്തെ നേരിട്ട് ബാധിക്കുമെന്നതിനാല്‍ ഇന്ത്യയിലെ ക്ഷീരോത്പന്ന വിപണി അമേരിക്കക്ക് തുറന്നു കൊടുക്കില്ലെന്ന കര്‍ക്കശ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരുന്നത്. കൂടാതെ അമേരിക്കയില്‍ കന്നുകാലികളില്‍ ഉപയോഗിക്കുന്ന വളര്‍ച്ചാ ഹോര്‍മോണുകള്‍ ഇന്ത്യയുടെ ഭക്ഷ്യസുരക്ഷക്ക് ഭീഷണിയാകുമെന്ന ആശങ്കയുമുണ്ടായിരുന്നു. കര്‍ഷകരുടെ താത്പര്യങ്ങള്‍ ബലികഴിച്ച് ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്ന നിലപാടില്‍ നിന്ന് ഇന്ത്യ പിന്നാക്കം പോയോ?
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും അവസാനിപ്പിക്കുന്നതും തിരിച്ചടിയാകും. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് പാശ്ചാത്യ ശക്തികള്‍ പ്രഖ്യാപിച്ച ഉപരോധത്തെ ചൊല്ലി, ഡിസ്‌കൗണ്ട് നിരക്കിലാണ് ഇന്ത്യക്ക് റഷ്യ എണ്ണ നല്‍കിയിരുന്നത്. ഇത് സാമ്പത്തികമായി ഇന്ത്യക്ക് ഗുണം ചെയ്യുകയും രാജ്യത്ത് ഇന്ധന വിലവര്‍ധന ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സഹായകമാകുകയും ചെയ്തിരുന്നു. ഈ സൗകര്യം അവസാനിപ്പിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങുന്നത് രാജ്യത്തിന്റെ വിദേശ നാണ്യച്ചെലവ് വര്‍ധിപ്പിക്കും. ഗതാഗത ചെലവിലെയും നിത്യോപയോഗ സാധന വിലയിലെയും വര്‍ധന വഴി ഇതിന്റെ പ്രത്യാഘാതം പൊതുജനങ്ങളിലും എത്തിപ്പെടും. റഷ്യന്‍ എണ്ണ നിര്‍ത്തുന്നത് ഇന്ത്യക്ക് പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപയുടെ അധിക ബാധ്യത വരുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
50,000 കോടി ഡോളറിന്റെ ഇറക്കുമതിക്ക് ഇന്ത്യ സമ്മതിച്ചെന്ന ട്രംപിന്റെ പ്രഖ്യാപനവും ഞെട്ടലുളവാക്കുന്നതാണ്. ഏകദേശം 45.5 ലക്ഷം കോടി രൂപ വരുമിത്. കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ വകയിരുത്തിയ 53.5 ലക്ഷം കോടി രൂപയുടെ 85 ശതമാനം. ഇത്രയും തുകക്ക് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയുടെ വ്യാപാരക്കമ്മി വര്‍ധിപ്പിക്കുകയും വിദേശ നാണ്യ ശേഖരത്തെ വന്‍തോതില്‍ ബാധിക്കുകയും ചെയ്യും. സാധാരണഗതിയില്‍ സംയുക്ത പ്രഖ്യാപനമാണ് ഉഭയകക്ഷി കരാറുകളില്‍ ഉണ്ടാകാറുളളത്. ഇന്ത്യ- യു എസ് വ്യാപാര കരാര്‍ ട്രംപിന്റെ ഏകപക്ഷീയമായ പ്രഖ്യാപനത്തിലൂടെയാണ് പുറത്തുവരുന്നതെന്നതും ശ്രദ്ധേയമാണ്. മൊത്തത്തില്‍ ആശങ്കാജനകമാണ് കരാര്‍ സംബന്ധിച്ച് പുറത്തു വരുന്ന വിവരങ്ങള്‍. ആശങ്കയകറ്റാന്‍ കേന്ദ്രത്തിന് ബാധ്യതയുണ്ട്. കരാര്‍ വ്യവസ്ഥകള്‍ സംബന്ധിച്ച് ട്രംപിന്റെ അവകാശവാദങ്ങള്‍ ശരിയല്ലെങ്കില്‍ അക്കാര്യം സര്‍ക്കാര്‍ തുറന്നു പറയട്ടെ. അല്ലെങ്കില്‍ ഇതൊരു കീഴടങ്ങലായി വിലയിരുത്താന്‍ ജനം നിര്‍ബന്ധിതരാകും.

