Connect with us

Editorial

ടൂറിസവും കേരളത്തിന്റെ സാധ്യതകളും

രാജ്യത്ത് ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മികച്ച വളര്‍ച്ചയാണ് സംസ്ഥാനം ഈ രംഗത്ത് കൈവരിച്ചത്. കൊവിഡിനു തൊട്ടു മുമ്പത്തെ വര്‍ഷം (2019) 1.96 കോടി സഞ്ചാരികളാണ് കേരളത്തിലെത്തിയത്.

Published

|

Last Updated

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കു പോലും കടം വാങ്ങേണ്ട സ്ഥിതിയിലാണ് ദശാബ്ദങ്ങളായി സംസ്ഥാനം. ഓഖിയും മഹാപ്രളയങ്ങളും കൊവിഡും ജി എസ് ടി വിഹിതം കുറഞ്ഞതും സാമ്പത്തിക ഞെരുക്കത്തിനു ആക്കം കൂട്ടി. കടമെടുക്കുന്നതിനുള്ള പരിധി കേന്ദ്രം കുറച്ചതും തിരിച്ചടിയായി. കൊവിഡ് ഏറെക്കുറെ വിട്ടൊഴിഞ്ഞെങ്കിലും സാമ്പത്തിക, തൊഴില്‍ മേഖലകളില്‍ അത് സൃഷ്ടിച്ച പ്രത്യാഘാതത്തില്‍ നിന്ന് സംസ്ഥാനത്തിന് പെട്ടെന്നു കരകയറാനാകില്ല. ഈ മേഖലകളില്‍ കൊവിഡ് സൃഷ്ടിച്ച നിശ്ചലാവസ്ഥയുടെ ഫലമായി സംസ്ഥാന നികുതി വരുമാനത്തില്‍ വന്ന കാതലായ കുറവ് പരിഹരിക്കപ്പെടണമെങ്കില്‍ അടുത്ത രണ്ട് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് വിദഗ്ധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
കാര്‍ഷിക മേഖലയായിരുന്നു നേരത്തേ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ സമ്പുഷ്ടമാക്കിയ പ്രധാന ഘടകം. പല വിധ പ്രതികൂല സാഹചര്യങ്ങളാലും ആളുകള്‍ കൃഷി കൈയൊഴിഞ്ഞ് മറ്റു മേഖലകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. വ്യവസായവത്കരണം വിപുലപ്പെടുത്താനും പരിമിതികളുണ്ട് സംസ്ഥാനത്തിന്. ടൂറിസത്തിലാണ് നിലവില്‍ കേരളത്തിന് ഏറ്റവും കൂടുതല്‍ പ്രതീക്ഷയെന്നാണ് വിദഗ്ധ പക്ഷം. കേരളത്തിലെ തൊഴില്‍ മേഖലയിലും വരുമാനത്തിലും ഏറ്റവും കൂടുതല്‍ ചലനം ഉണ്ടാക്കുന്ന രംഗമാണ് ടൂറിസം. 2019ലെ കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 11.5 ശതമാനം വരും ടൂറിസം മേഖലയുടെ സംഭാവന. സംസ്ഥാനത്തെ മൊത്തം തൊഴിലിലെ 23.52 ശതമാനം നേരിട്ടോ അല്ലാതെയോ നല്‍കുന്നത് ടൂറിസം രംഗമാണെന്ന് ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടര്‍ ഡി നാരായണ പറയുന്നു.

കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും ഹരിത സമൃദ്ധിയും ജലസമൃദ്ധിയും ആയുര്‍വേദവും കളരിപ്പയറ്റും പാരമ്പര്യകലാരൂപങ്ങളും ടൂറിസത്തിന്റെ വളര്‍ച്ചക്കു അനുയോജ്യമാണ്. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് സമുദ്രനിരപ്പില്‍ നിന്ന് 500 മുതല്‍ 2,700 വരെ മീറ്റര്‍ ഉയരമുള്ള പശ്ചിമഘട്ടവും തലങ്ങും വിലങ്ങുമായുള്ള നദികളും കായലുകളും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. നാഷനല്‍ ജ്യോഗ്രഫിക് ട്രാവലര്‍ ലോകത്തിലെ അനിവാര്യമായും സഞ്ചരിക്കേണ്ട 50 സ്ഥലങ്ങളിലൊന്നായി കേരളത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. 2017ല്‍ ബ്രിട്ടനിലെ ട്രാവല്‍ ഏജന്റുമാരുടെയും ടൂര്‍ ഓപറേറ്റര്‍മാരുടെയും സംഘടനയായ അസ്സോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ട്രാവല്‍ ഏജന്റ്സ് (ആബ്റ്റ) പുറത്തിറക്കിയ, വിനോദ സഞ്ചാരികള്‍ കണ്ടിരിക്കേണ്ട ലോകത്തെ 12 ആകര്‍ഷക കേന്ദ്രങ്ങളില്‍ കേരളവും ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ നിന്ന് കേരളം മാത്രമാണ് പട്ടികയില്‍ സ്ഥലം പിടിച്ചത്. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെപ്പറ്റിയുള്ള സചിത്ര കുറിപ്പും റിപോര്‍ട്ടിലുണ്ട്.

രാജ്യത്ത് ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മികച്ച വളര്‍ച്ചയാണ് സംസ്ഥാനം ഈ രംഗത്ത് കൈവരിച്ചത്. കൊവിഡിനു തൊട്ടു മുമ്പത്തെ വര്‍ഷം (2019) 1.96 കോടി സഞ്ചാരികളാണ് കേരളത്തിലെത്തിയത്. 1.83 കോടി ആഭ്യന്തര സഞ്ചാരികളും 11.89 ലക്ഷം വിദേശ സഞ്ചാരികളും അക്കാലത്ത് സംസ്ഥാനം സന്ദര്‍ശിച്ചു. 24 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയത് ഈ വര്‍ഷമായിരുന്നുവെന്നാണ് റിപോര്‍ട്ട്. 17.2 ശതമാനത്തിന്റെ വര്‍ധനവാണ് വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 2019ല്‍ ഉണ്ടായത്. 45,010.69 കോടിയുടെ വരുമാനം വിനോദസഞ്ചാര മേഖലയില്‍ നിന്ന് കേരളത്തിനുണ്ടായെന്നും ഔദ്യോഗിക കണക്കുകള്‍ പറയുന്നു. മഹാപ്രളയം വന്‍ നാശനഷ്ടമുണ്ടാക്കിയ 2018ല്‍ 1.67 കോടിയായിരുന്നു വിനോദ സഞ്ചാരികളുടെ എണ്ണം. ഇതില്‍ 1.56 കോടി ആഭ്യന്തര സഞ്ചാരികളും 10.96 ലക്ഷം വിദേശീയരും ഉള്‍പ്പെടുന്നു.
ഒരു കാലത്ത് നാട് കാണലായിരുന്നു ടൂറിസമെങ്കില്‍ ഇന്ന് ഈ മേഖല വൈവിധ്യവത്കരിക്കപ്പെട്ടു കഴിഞ്ഞു. മെഡിക്കല്‍ ടൂറിസം, സാഹസിക ടൂറിസം, വെല്‍നസ് ടൂറിസം, ക്രൂയിസ് ടൂറിസം, കാരവന്‍ ടൂറിസം തുടങ്ങിയവയെല്ലാം ഇന്ന് സഞ്ചാരികളെ ആകര്‍ഷിച്ചു വരുന്നു. ഇവയിലെല്ലാം കേരളത്തിന് ധാരാളം സാധ്യതകളുണ്ട്. രാജ്യത്തെ പരമ്പരാഗത ആരോഗ്യ സംരക്ഷക രീതികളായ ആയുര്‍വേദവും യുനാനിയും യോഗയും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ ധാരാളം വിദേശികള്‍ സുഖചികിത്സക്കും വിവിധ രോഗചികിത്സക്കുമായി കേരളത്തില്‍ എത്തുന്നുണ്ട്. സാഹസിക ടൂറിസത്തിനു കേരളത്തില്‍ വലിയ സാധ്യതകളുള്ളതായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന “കേരളത്തിലെ ടൂറിസം സാധ്യതയുള്ള മേഖലകള്‍’ എന്ന സെമിനാറില്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. കാടുകളും മലകളും ജലാശയങ്ങളും കൊണ്ട് സമ്പന്നമായ സംസ്ഥാനത്തിന്റെ ഭൂപ്രകൃതി ഇതിനനുയോജ്യമാണെന്നും വയനാട്, മലബാര്‍ മേഖലകളില്‍ സാഹസിക ടൂറിസത്തിനു കൂടുതല്‍ സ്ഥലങ്ങള്‍ കണ്ടെത്തി വികസിപ്പിക്കേണ്ടതുണ്ടെന്നും സെമിനാര്‍ ചൂണ്ടിക്കാട്ടി. സാഹസിക ടൂറിസം രംഗത്ത് സുരക്ഷിതത്വവും ഗുണനിലവാരവും ഉറപ്പാക്കാനുള്ള രജിസ്ട്രേഷന്‍ നടപ്പാക്കിയിട്ടുമുണ്ട് അടുത്തിടെയായി കേരളം.

അതേസമയം ടൂറിസത്തിന്റെ വളര്‍ച്ച നാടിന്റെ സാംസ്‌കാരിക, പരിസ്ഥിതി തകര്‍ച്ചക്ക് ഇടയാക്കാതിരിക്കാനുള്ള മുന്‍കരുതലും ജാഗ്രതയും ആവശ്യമാണ്. മിക്ക തെക്കു കിഴക്കന്‍ രാജ്യങ്ങളിലെയും ടൂറിസം വികസനം ലൈംഗിക ടൂറിസവുമായി ബന്ധപ്പെട്ടാണ് വളര്‍ന്നത്. ടൂറിസവും ലൈംഗിക അരാജകത്വവും തമ്മിലുള്ള ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഞെട്ടിക്കുന്ന റിപോര്‍ട്ടുകള്‍ പത്രമാധ്യമങ്ങളിലൂടെ പുറത്തുവരാറുമുണ്ട.് നമ്മുടെ സാംസ്‌കാരിക അന്തരീക്ഷം അത്തരമൊരു പതനത്തിലേക്കെത്തരുത്. പ്രകൃതിയെ ചൂഷണം ചെയ്യാതെ ബീച്ചുകളുടെയും കായലുകളുടെയും പുഴകളുടെയും ഹൈറേഞ്ചുകളുടെയും തനിമ സംരക്ഷിച്ചും സാംസ്‌കാരികാന്തരീക്ഷത്തിനു കോട്ടം തട്ടാതെയുമുള്ള വികസനമാണ് ടൂറിസം രംഗത്ത് കേരളം നടപ്പില്‍ വരുത്തേണ്ടത്.

---- facebook comment plugin here -----

Latest