Connect with us

National

വജ്രായുധം വീശി വിജയ്; ഡിഎംകെ - എഐഎഡിഎംകെ സഖ്യനീക്കമുണ്ടായാൽ മുഴുവൻ ടി വി കെ എം എൽ എമാരും രാജിവെക്കും

ടി വി കെക്ക് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന നിഗമനത്തിൽ ഗവർണർ ആർ വി അർലേക്കർ വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാൻ വിസമ്മതിക്കുന്നത് പ്രതിസന്ധി സങ്കീർണ്ണമാക്കിയിരിക്കുകയാണ്

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ നാടകങ്ങൾ മുറുകുന്നു. അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ച നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടി വി കെ) തങ്ങളുടെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. തമിഴ് രാഷ്ട്രീയത്തിലെ പ്രമുഖ ദ്രാവിഡ കക്ഷികളായ എം കെ സ്റ്റാലിന്റെ ഡി എം കെയും ഇ പളനിസ്വാമിയുടെ എ ഐ എ ഡി എം കെയും ചേർന്ന് സർക്കാർ രൂപീകരിക്കാൻ ശ്രമിച്ചാൽ തങ്ങളുടെ മുഴുവൻ എം എൽ എമാരും രാജിവെക്കുമെന്ന് ടി വി കെ മുന്നറിയിപ്പ് നൽകിയതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

നിലവിൽ 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. ടി വി കെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷത്തിന് 10 സീറ്റുകൾ കൂടി ആവശ്യമാണ്. വിജയ് രണ്ട് മണ്ഡലങ്ങളിൽ നിന്ന് വിജയിച്ചതിനാൽ അതിലൊന്ന് രാജിവെക്കുന്നതോടെ ടി വി കെ എം എൽ എമാരുടെ എണ്ണം 107 ആയി കുറയും. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചെങ്കിലും 5 എം എൽ എമാരുള്ള കോൺഗ്രസിന്റെ പിന്തുണയോടെയും വിജയിക്ക് ഭൂരിപക്ഷം തികയ്ക്കാൻ 6 പേരുടെ കൂടി കുറവുണ്ട്.

ടി വി കെക്ക് ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന നിഗമനത്തിൽ ഗവർണർ ആർ വി അർലേക്കർ വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാൻ വിസമ്മതിക്കുന്നത് പ്രതിസന്ധി സങ്കീർണ്ണമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഡി എം കെയും എ ഐ എ ഡി എം കെയും ടി വി കെയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ രഹസ്യ ധാരണയുണ്ടാക്കുമെന്ന അഭ്യൂഹം ശക്തമായത്. ഇത്തരമൊരു നീക്കമുണ്ടായാൽ സഭയിൽ സമ്മർദ്ദം ചെലുത്തുന്നതിനായി മുഴുവൻ ടി വി കെ എം എൽ എമാരെയും രാജിവെപ്പിച്ച് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കാനാണ് വിജയിയുടെ നീക്കം.

അതേസമയം, തങ്ങളുടെ എം എൽ എമാരെ ടി വി കെ പാളയത്തിലെത്തിക്കുമോ എന്ന ഭയത്താൽ എ ഐ എ ഡി എം കെ തങ്ങളുടെ ജനപ്രതിനിധികളെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. വി സി കെ, ഇടത് പാർട്ടികൾ തുടങ്ങിയവരുടെ പിന്തുണ ഉറപ്പാക്കി ഭൂരിപക്ഷം തെളിയിക്കാമെന്ന ആത്മവിശ്വാസത്തിലാണ് നിലവിൽ വിജയ്.

Summary

The political situation in Tamil Nadu has intensified as actor Vijay’s TVK party warned that all its 107 MLAs would resign if DMK or AIADMK attempted to form a coalition government. Despite being the single largest party with 108 seats, TVK is still short of the majority mark, leading to a stalemate with the Governor. This move is seen as a strategic pressure tactic to prevent the traditional Dravidian majors from reclaiming power through alternative alliances.

 

Latest