National
ജന്മദിന കേക്കിലെ അലങ്കാരത്തിനുള്ളിലെ ലോഹ കമ്പികള്‍ വിഴുങ്ങി; മൂന്ന് വയസുകാരന്‍ ആശുപത്രിയില്‍
കേക്ക് ഓര്‍ഡര്‍ ചെയ്തപ്പോഴോ ഡെലിവറി ചെയ്തപ്പോഴോ ബേക്കറിക്കാര്‍ ഈ കമ്പികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് അമ്മ
താനെ | മുംബൈയ്ക്ക് സമീപം താനെയില്‍ ജന്മദിന കേക്കിലെ അലങ്കാരങ്ങള്‍ക്കുള്ളില്‍ ഉണ്ടായിരുന്ന രണ്ട് കമ്പികള്‍ മൂന്ന് വയസ്സുകാരന്‍ വിഴുങ്ങി. മേയ് 31-നായിരുന്നു സംഭവം. അടുത്ത ദിവസമായിരുന്നു കുട്ടി രയാന്‍ഷിന്റെ യഥാര്‍ത്ഥ ജന്മദിനമെങ്കിലും, ബന്ധുക്കള്‍ക്ക് ഞായറാഴ്ച വരാന്‍ എളുപ്പമുള്ളതുകൊണ്ട് കുടുംബം നേരത്തെ തന്നെ ആഘോഷം നടത്തുകയായിരുന്നു.
സമീപത്തെ ബേക്കറിയില്‍ നിന്നാണ് ബോളിംഗ് പ്രമേയമാക്കിയുള്ള കേക്ക് കുടുംബം ഓര്‍ഡര്‍ ചെയ്തത്. സ്വര്‍ണ്ണ നിറത്തിലുള്ള ബോളിംഗ് പിന്നുകള്‍ വെച്ച കേക്ക് കണ്ട് രയാന്‍ഷ് ഏറെ സന്തോഷിക്കുകയും സ്വയം എടുത്തു കഴിക്കാന്‍ തുടങ്ങുകയും ചെയ്തതായി അമ്മ സ്‌നേഹ ഷെലാര്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
പിന്നീടാണ് കേക്കിലെ ഓരോ അലങ്കാര പിന്നുകള്‍ക്കും ഉള്ളില്‍ താങ്ങിനായി നേര്‍ത്ത കമ്പികള്‍ ഉണ്ടായിരുന്നുവെന്ന് കുടുംബം കണ്ടെത്തിയത്. കേക്ക് ഓര്‍ഡര്‍ ചെയ്തപ്പോഴോ ഡെലിവറി ചെയ്തപ്പോഴോ ബേക്കറിക്കാര്‍ ഈ കമ്പികളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് അമ്മ പറഞ്ഞു.
കുടുംബത്തിലെ മുതിര്‍ന്ന രണ്ട് കുട്ടികള്‍ കേക്ക് കഴിച്ചപ്പോള്‍ വായയില്‍ എന്തോ കട്ടിയുള്ള സാധനം തടഞ്ഞതോടെയാണ് ഈ കമ്പികള്‍ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് ബേക്കറി ഉടമയോട് ചോദിച്ചപ്പോള്‍, അലങ്കാരങ്ങള്‍ക്കായി കമ്പികള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് അവര്‍ സ്ഥിരീകരിച്ചു. അപ്പോഴേക്കും രയാന്‍ഷ് രണ്ട് കമ്പികള്‍ വിഴുങ്ങിയിരുന്നു. ഉടന്‍ തന്നെ കുടുംബം കുട്ടിയെ താനെയിലെ ജൂപ്പിറ്റര്‍ ആശുപത്രിയില്‍ എത്തിച്ചു. അവിടെ നടത്തിയ എക്‌സ്‌റേയില്‍ കമ്പികള്‍ കുട്ടിയുടെ ചെറുകുടലില്‍ എത്തിയതായി കണ്ടെത്തി. ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച ഡോക്ടര്‍മാര്‍ കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.







