Connect with us

National

മമതക്ക് വൻ പ്രഹരം; ശത്രുഘ്നൻ സിൻഹയും യൂസുഫ് പഠാനും ഉൾപ്പെടെ 19 തൃണമൂൽ എം പിമാർ ബിജെപിയിലേക്ക്

എൻ ഡി എ സഖ്യത്തിൽ ചേരാൻ അനുമതി തേടി 19 ലോക്സഭാ എം പിമാർ സ്പീക്കർക്ക് കത്ത് നൽകി

Published

|

Last Updated

ന്യൂഡൽഹി | പശ്ചിമ ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ പൂർണ്ണമായും ഉലച്ച് വൻ രാഷ്ട്രീയ അട്ടിമറി. ശത്രുഘ്നൻ സിൻഹ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസുഫ് പഠാൻ എന്നിവരടക്കം 19 തൃണമൂൽ കോൺഗ്രസ് ലോക്സഭാ എം പിമാർ ബി ജെ പി നയിക്കുന്ന എൻ ഡി എ സഖ്യവുമായി സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തി. തങ്ങളെ പ്രത്യേക പാർലമെന്ററി ബ്ലോക്കായി അംഗീകരിക്കണമെന്നും എൻ ഡി എ സഖ്യത്തെ പിന്തുണക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എം പിമാർ ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് കത്ത് നൽകിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നാല് തവണ എം പിയായ കാകോലി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിലാണ് വിമതർ പ്രത്യേക പാർലമെന്ററി ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരമുള്ള കൂറുമാറ്റ നിരോധന നിയമത്തിലെ നിയമക്കുരുക്കുകൾ മറികടക്കാൻ കൃത്യമായ രാഷ്ട്രീയ കണക്കുകൂട്ടലുകളോടെയാണ് വിമത നീക്കം. നിലവിൽ തൃണമൂൽ കോൺഗ്രസിന് ലോക്സഭയിൽ 28 അംഗങ്ങളാണുള്ളത്. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത ഒഴിവാക്കാൻ മൊത്തം എം പിമാരുടെ മൂന്നിൽ രണ്ട് ഭാഗത്തിന്റെ പിന്തുണ ആവശ്യമാണ്. 28 അംഗങ്ങളുള്ള പാർട്ടിയിൽ അയോഗ്യത ഭീഷണിയില്ലാതെ പിളർപ്പ് സാധ്യമാക്കാൻ 19 എം പിമാരുടെ പിന്തുണ വേണം. കൃത്യം 19 പേരുടെ ഒപ്പുകളോടെയാണ് വിമതർ ഇപ്പോൾ സ്പീക്കറെ സമീപിച്ചിരിക്കുന്നത്. പാർലമെന്ററി അധികൃതർ ഈ ഗ്രൂപ്പിന് അംഗീകാരം നൽകിയാൽ അയോഗ്യതയിൽ നിന്ന് രക്ഷനേടാനും എൻ ഡി എ സഖ്യത്തിലേക്കുള്ള മാറ്റം നിയമവിധേയമാക്കാനും ഇവർക്ക് സാധിക്കും.

യൂസുഫ് പഠാൻ, ശത്രുഘ്നൻ സിൻഹ, കാകോലി ഘോഷ് ദസ്തിദാർ, സായോനി ഘോഷ് എന്നിവർക്ക് പുറമെ ജഗദീഷ് ചന്ദ്ര ബസൂനിയ (കൂച്ച് ബീഹാർ), ഖലീലുർ റഹ്മാൻ (ജംഗിപൂർ), അബു താഹിർ ഖാൻ (മുർഷിദാബാദ്), പാർത്ഥ ഭൗമിക് (ബാരക്പൂർ), ബാപി ഹൽദാർ (മഥുരാപൂർ), മാലാ റോയ് (കൊൽക്കത്ത സൗത്ത്), മിതാലി ബാഗ് (ആരംഭാഗ്), ദീപക് അധികാരി (ഘട്ടാൽ), കലിപദ സോറൻ (ഝാർഗ്രാം), ജൂൺ മാലിയ (മേദിനിപൂർ), അരൂപ് ചക്രവർത്തി (ബാങ്കുറ), ഡോ ശർമ്മിള സർക്കാർ (ബർധമാൻ ഈസ്റ്റ്), അസിത് കുമാർ മാൽ (ബോൽപൂർ), ശതാബ്ദി റോയ് (ബീർഭൂം), രചന ബാനർജി (ഹൂഗ്ലി) എന്നിവരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്ന എം പിമാർ.

മമതാ ബാനർജിയുടെ അടുത്ത അനുയായിയായിരുന്ന കാകോലി ഘോഷ് ദസ്തിദാറിന് ബംഗാൾ തിരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക സുരക്ഷ അനുവദിച്ചിരുന്നു. ഇത് ബി ജെ പിയുമായുള്ള ഇവരുടെ രാഷ്ട്രീയ സമവാക്യങ്ങളുടെ മാറ്റത്തിന്റെ സൂചനയായിരുന്നു. ബംഗാളിലെ ക്രമസമാധാന തകർച്ച, ദുർഭരണം, തൊഴിലില്ലായ്മ എന്നിവയിൽ പ്രതിഷേധിച്ചാണ് തൃണമൂൽ വിടുന്നതെന്നാണ് വിമത വിഭാഗത്തിന്റെ വിശദീകരണം. കഴിഞ്ഞ ഏതാനും വർഷങ്ങളായി ബംഗാളിലെ കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും മമതക്കൊപ്പം 40 വർഷത്തോളം താൻ പ്രവർത്തിച്ചിട്ടുണ്ടെന്നും അവർ അധികാരത്തിൽ ഇല്ലാത്തതുകൊണ്ടല്ല പാർട്ടി വിടുന്നതെന്നും കാകോലി ഘോഷ് ദസ്തിദാർ പ്രതികരിച്ചു.

തൃണമൂൽ കോൺഗ്രസിനെ പിടിച്ചുകുലുക്കിയ ഈ സംഘടനാ പ്രതിസന്ധി ബംഗാൾ നിയമസഭയിൽ നിന്ന് ആരംഭിച്ച് ഇപ്പോൾ പാർലമെന്റിലേക്ക് പടരുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് 58 തൃണമൂൽ എം എൽ എമാർ പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് രംഗത്തെത്തിയിരുന്നു. വിമതർ നൽകുന്ന സൂചനയനുസരിച്ച് നിലവിൽ 64 എം എൽ എമാർ ഔദ്യോഗിക നേതൃത്വത്തിന് എതിരാണ്. പാർട്ടി ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്ത ശോഭൻദേബ് ചട്ടോപാധ്യായക്ക് പകരം പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട എം എൽ എ റിതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി ഇവർ പിന്തുണച്ചിരുന്നു.

1998 ൽ രൂപീകൃതമായതിന് ശേഷം മമതാ ബാനർജിയുടെ പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിത്. പാർട്ടിയുടെ നിയമനിർമ്മാണ ശക്തിയെയും പാർലമെന്റിലെ പങ്കാളിത്തത്തെയും ഇത് ദോഷകരമായി ബാധിക്കും. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പാർട്ടിക്ക് തിരിച്ചടിയേറ്റു കഴിഞ്ഞു. മുതിർന്ന രാജ്യസഭാ അംഗങ്ങളായ സുഖേന്ദു ശേഖർ റോയ്, സുഷ്മിത ദേവ് എന്നിവർ പാർട്ടിയിൽ നിന്നും എം പി സ്ഥാനത്തുനിന്നും രാജിവെച്ചതോടെ തൃണമൂലിലെ പിളർപ്പ് പൂർണ്ണമായിരിക്കുകയാണ്.

Content Highlights:

In a major political setback for Mamata Banerjee, 19 Trinamool Congress Lok Sabha MPs, including high-profile leaders like Shatrughan Sinha and Yusuf Pathan, have expressed their desire to ally with the BJP-led National Democratic Alliance. Led by Kakoli Ghosh Dastidar, the rebel faction has submitted a formal letter to Lok Sabha Speaker Om Birla to recognize them as a separate parliamentary bloc, effectively hitting the two-thirds threshold required to bypass the anti-defection law. This parliamentary split follows a massive rebellion within the party’s Bengal Assembly ranks and the recent resignations of senior Rajya Sabha MPs, plunging the party into its deepest crisis since its inception in 1998.

Latest