Kerala
ഷിഗല്ല; വയനാട് ജില്ലയിലെ 13 സ്‌കൂളുകള്‍ക്ക് അവധി
കോളിയാടിയിലെ സ്‌കൂളും പരിസര പ്രദേശവും സന്ദര്‍ശിച്ച വിദഗ്ധ സംഘം രോഗവ്യാപനം തടയാനും ഉള്ള നിര്‍ദേശങ്ങള്‍ നല്‍കി.
കല്‍പ്പറ്റ | വയനാട് ജില്ലയില്‍ ഇന്ന് അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്ക വ്യാപനം കണക്കിലെടുത്ത് ജില്ലയിലെ 13 സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനായി കോളിയാടിയിലെ സ്‌കൂളും പരിസര പ്രദേശവും സന്ദര്‍ശിച്ച വിദഗ്ധ സംഘം രോഗവ്യാപനം തടയാനും ഉള്ള നിര്‍ദേശങ്ങള്‍ നല്‍കി. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ രോഗ പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്
ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശങ്ങളും പ്രതിരോധ മാര്‍ഗങ്ങളും പൊതുജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വ്യക്തി, ഭക്ഷണ, പരിസര ശുചിത്വ കാര്യങ്ങളില്‍ യാതൊരുവിധ വീഴ്ചയും വരുത്തരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്നും ഡിഎംഒ അറിയിച്ചു.
ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാംപിളുകളുടെ ഫലമാണ് ഇന്ന് ലഭിച്ചത്. അഞ്ച്, ഏഴ്, എട്ട്, ഒന്‍പത്, 11 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ രോഗം സ്ഥിരീകരിച്ച എട്ട് കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്.







