Connect with us

SUPREME COURT

രൂപരേഖ തയ്യാറാക്കാൻ മൂന്നാഴ്ച കൂടി; സമൂഹ അടുക്കള ഉറപ്പാക്കാൻ അന്ത്യശാസനം

പട്ടിണി മരണം ഇല്ലെന്ന് ഉറപ്പാക്കണം. സത്യവാങ്മൂലത്തിൽ കോടതിക്ക് അതൃപ്തി

Published

|

Last Updated

ന്യൂഡൽഹി | രാജ്യവ്യാപകമായി സമൂഹ അടുക്കള ആരംഭിക്കുന്നത് സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാൻ കേന്ദ്രത്തിന് അന്ത്യശാസനം നൽകി സുപ്രീം കോടതി. മൂന്നാഴ്ചക്കുള്ളിൽ രൂപരേഖ തയ്യാറാക്കി സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ച് കേന്ദ്രത്തിന് നിർദേശം നൽകി. ആരും പട്ടിണി കാരണം മരിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നത് രാഷ്ട്രത്തിന്റെ ബാധ്യതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ കേന്ദ്ര ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃ മന്ത്രാലയം സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി അറിയിച്ചു.

രാജ്യവ്യാപകമായി സമൂഹ അടുക്കള ആരംഭിക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് രൂപരേഖ തയ്യാറാക്കാൻ ഒക്ടോബർ 27ന് കേന്ദ്ര സർക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങൾ നടത്തുന്ന സമൂഹ അടുക്കളകൾ സംബന്ധിച്ച വിവരങ്ങൾ മാത്രമാണ് കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയെന്നും ഇക്കാര്യത്തിൽ കാഴ്ചപ്പാട് രൂപവത്കരിച്ചതായും കേന്ദ്ര സർക്കാറിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ മാധവി ദിവാൻ അറിയിച്ചു. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ നയമെന്താണെന്ന കാര്യം സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടില്ലെന്ന് ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, ഹിമ കൊഹ്‌ലി എന്നിവരടങ്ങിയ ബഞ്ച് ചൂണ്ടിക്കാട്ടി.

രാജ്യമെമ്പാടും ഏകരൂപത്തിലുള്ള സമൂഹ അടുക്കള പദ്ധതി തയ്യാറാക്കാനാണ് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നത്. അതിന്റെ വിവരങ്ങളൊന്നുമില്ല. മന്ത്രാലയത്തിലെ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം അണ്ടർ സെക്രട്ടറി സത്യവാങ്മൂലം ഫയൽ ചെയ്തതിലും കോടതി അതൃപ്തി അറിയിച്ചു. ബന്ധപ്പെട്ട സെക്രട്ടറിയാണ് ഫയൽ ചെയ്യേണ്ടതെന്ന് കോടതി പറഞ്ഞു. ഈ ഘട്ടത്തിൽ കോടതിയിൽ ഹാജരായ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിനുള്ളിൽ നിന്നുള്ള സമഗ്രമായ പദ്ധതി തയ്യാറാക്കി സമർപ്പിക്കാമെന്ന് അറിയിച്ചു. ഇക്കാര്യം കോടതി അംഗീകരിച്ച് മൂന്നാഴ്ച കൂടി സമയം നൽകുകയായിരുന്നു.

---- facebook comment plugin here -----

Latest