National
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 20 ലക്ഷം രൂപയ്ക്കു വില്‍പ്പനക്കു വച്ചവര്‍ പിടിയില്‍
കന്യകയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മനോരോഗം മാറുമെന്ന അന്ധവിശ്വാസത്തിന്റെ മറവിലാണ് സംഘം സോഷ്യല്‍ മീഡിയ വഴി കച്ചവടത്തിനിറങ്ങിയത്

ബെംഗളൂരു | കര്‍ണാടകയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 20 ലക്ഷം രൂപയ്ക്കു വില്‍പ്പനക്കുവച്ച സംഘം പിടിയില്‍. കന്യകയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മനോരോഗം മാറുമെന്ന അന്ധവിശ്വാസത്തിന്റെ മറവിലാണ് സംഘം സോഷ്യല്‍ മീഡിയ വഴി കച്ചവടത്തിനിറങ്ങിയത്.
ബെംഗളൂരു സ്വദേശിയായ ശോഭ, അവരുടെ സഹായി തുളസീകുമാര്‍ എന്നിവടങ്ങിയ പെണ്‍വാണിഭ സംഘത്തെയാണ് മൈസൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ഇവര്‍ക്ക് എവിടെ നിന്നാണ് ലഭിച്ചത്, ശോഭയ്ക്ക് എങ്ങനെ കുട്ടിയെ ലഭിച്ചു തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. ‘ഒടനടി സേവ സംസ്തേ’ എന്ന സന്നദ്ധ സംഘടനയാണ് സംഘത്തെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്. ശോഭ ഇത്തരം അന്ധവിശ്വാസങ്ങളുളള ഉപയോക്താക്കളെ തിരയുന്നുണ്ടെന്ന വിവരമാണ് എന്‍ ജി ഒയ്ക്ക് ലഭിച്ചത്. പന്ത്രണ്ടും പതിമൂന്നും വയസ് പ്രായമുളള പെണ്‍കുട്ടികളെ വാട്സ്ആപ്പിലൂടെ ആവശ്യക്കാര്‍ക്ക് വീഡിയോകോള്‍ വഴി കാണിച്ചുകൊടുത്തതായും എന്‍ ജി ഒ കണ്ടെത്തി.
സന്നദ്ധ സംഘടന പോലീസിനെ വിവരമറിയിച്ചു. പോലീസ് നിര്‍ദ്ദേശ പ്രകാരം ഒരു എന്‍ ജി ഒ ജീവനക്കാരന്‍ ആവശ്യക്കാരനെന്ന വ്യാജേന ശോഭയെ സമീപിക്കുകയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൈസുരുവില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ശനിയാഴ്ച്ച രണ്ടുമണിയോടെ എത്താമെന്ന് ശോഭ അറിയിച്ചു. തുടര്‍ന്ന് എന്‍ ജി ഒ സ്ഥാപകരായ കെ വി സ്റ്റാന്‍ലിയും എം എല്‍ പരശുരാമയും വിജയനഗര്‍ പോലീസുമായി ചേര്‍ന്ന് ഇവര്‍ക്കായി വലവിരിക്കുകയായിരുന്നു. ശോഭ എത്തി എന്‍ ജി ഒ ജീവനക്കാരനുമായി വിലപേശല്‍ ആരംഭിച്ചു. ശോഭ 20 ലക്ഷം രൂപയാണ് പെണ്‍കുട്ടിയെ ലൈംഗികബന്ധത്തിനായി നല്‍കുന്നതിന് ആവശ്യപ്പെട്ടത്.
ആദ്യം കുട്ടിയുടെ അമ്മയാണെന്നും പിന്നീട് പെണ്‍കുട്ടി അവരുടെ സഹോദരിയുടെ മകളാണെന്നും പറഞ്ഞ ശോഭ അവസാനം അത് താന്‍ ദത്തെടുത്ത കുട്ടിയാണെന്ന് വരെ പറഞ്ഞു. പിന്നീടാണ് സെക്സ് റാക്കറ്റാണെന്ന് സമ്മതിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന തുളസീകുമാര്‍ ഭര്‍ത്താവാണെന്നാണ് ശോഭ പറഞ്ഞത്.
പോലീസ് ഉടന്‍ തന്നെ ആറാംക്ലാസുകാരിയായ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുക്കുകയും ചില്‍ഡ്രന്‍സ് ഹോമിലാക്കുകയും ചെയ്തു. അറസ്റ്റിലായ ശോഭയെയും തുളസീകുമാറിനെയും റിമാന്‍ഡ് ചെയ്തു. വിജയനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.