Connect with us

തെളിയോളം

രണ്ടു നേരം കുളിക്കുന്നവർക്ക് ഒരു ശത്രുവുണ്ട്!

നിങ്ങളുടെ ശത്രുക്കളോട് എപ്പോഴും ക്ഷമിക്കുക എന്നതാണ് അവരെ ഏറ്റവും ശക്തമായി അലോസരപ്പെടുത്താനുള്ള വഴി' എന്ന് ഓസ്കാർ വൈൽഡ്.

Published

|

Last Updated

രു കാരണവുമില്ലാതെ നിങ്ങളെ വെറുക്കുന്ന ആളുകൾ ഉണ്ടാകുന്നതിന്റെ ഒരു കാര്യം, പലരുടെയും നിങ്ങളോടുള്ള പ്രതികരണം നിങ്ങൾ യഥാർഥത്തിൽ ആരാണെന്നതിനോടല്ല, മറിച്ച് അവർ മനസ്സിൽ സൃഷ്ടിച്ച നിങ്ങളുടെ പതിപ്പിനോടായിരിക്കും എന്നതാണ്.
നിങ്ങൾ വളരെ അച്ചടക്കത്തോടെ കൃത്യമായ നിലപാടുകൾ സ്വീകരിച്ച് ആർക്കും പ്രയാസമുണ്ടാകാതെ ജീവിക്കുകയാണെന്ന് കരുതുക, ഒന്നിനും ഒരു ചിട്ടയുമില്ലാതെ തോന്നിയ പോലെ നടക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾക്ക് അത് അഹങ്കാരമായി തോന്നാം. ദിവസവും രണ്ട് നേരം കുളിക്കുന്ന നിങ്ങളോട് ആഴ്ചയിൽ രണ്ട് ദിവസം മാത്രം കുളിക്കുന്നവർക്ക് വെറുപ്പ് തോന്നിയാൽ എന്തെങ്കിലും പ്രശ്നമുണ്ടോ? നിങ്ങളെ ഇങ്ങനെ അകാരണമായി വെറുക്കുന്നവരോട് നിങ്ങൾ അനുതാപത്തോടെ പെരുമാറാൻ ശ്രമിക്കുന്നതിലാണ് നിങ്ങളുടെ പക്വത നിലനിൽക്കുന്നത്. നമ്മൾ തിരിച്ചും ഇത്തരം ആളുകളെ തെറ്റിദ്ധരിച്ചു തുടങ്ങിയാൽ അവർ നിങ്ങളെക്കുറിച്ച് അഹങ്കാരി എന്ന് ചിന്തിച്ചത് ശരിയാകാനുള്ള സാധ്യത തെളിയും.

പല അനിഷ്ടങ്ങളും സന്ദർഭവശാൽ ഉണ്ടാകുന്നതാണ് എന്നറിയണം. വ്യക്തിപരമായി, ഒരാൾ നിങ്ങളോട് വളരെ സ്നേഹപൂർണമായി ഇടപെടുന്നുണ്ടാകാം, പക്ഷേ ഒരു ഗ്രൂപ്പിലെത്തിയാൽ അയാളുടെ അഭിപ്രായങ്ങൾ മാറുകയും ചെയ്യാം. ആൾക്കൂട്ടത്തിൽ നിന്നാണ് ചിലരെങ്കിലും അവരുടെ മനോഭാവങ്ങൾ കടമെടുക്കുന്നുത്. ഇത് മനസ്സിലാക്കിയാൽ നമുക്ക് കുറച്ചുകൂടി ഊർജം ലാഭിക്കാം. കാരണം എല്ലാ എതിർപ്പുകളും വ്യക്തിപരമല്ല എന്ന തിരിച്ചറിവിലേക്ക് നിങ്ങളെത്തും. എല്ലാവരെയും പ്രീതിപ്പെടുത്താൻ ശ്രമിച്ചാൽ നിങ്ങളതിൽ പരാജയപ്പെടും എന്നുറപ്പാണ്. ആരെങ്കിലുമൊരാൾ നിങ്ങളുടെ കുറ്റം കണ്ടെത്താൻ എപ്പോഴും ഉണ്ടാകും. എല്ലാ അഭിപ്രായങ്ങളോടും പ്രതികരിച്ചും എല്ലാ വാദങ്ങളിലും പങ്കെടുത്തും അവരെ തിരുത്താനുള്ള ശ്രമങ്ങൾ നിങ്ങളുടെ അന്തസിനെ കളങ്കപ്പെടുത്തുകയാണ് ചെയ്യുക. “ഒരിക്കലും സ്വയം വിശദീകരിക്കരുത്. നിങ്ങളുടെ സുഹൃത്തുക്കൾക്ക് അത് ആവശ്യമില്ല, നിങ്ങളുടെ ശത്രുക്കൾ അത് വിശ്വസിക്കുകയുമില്ല.’ എന്ന് എൽബർട്ട് ഹബ്ബാർഡ്.

ആരെങ്കിലും നമ്മെ വെറുക്കാൻ സാധുവായ ഒരു കാരണവുമില്ലെങ്കിൽ, ആ വെറുപ്പ് നമ്മൾ കാണുകയോ അതിൽ മനം വേവുകയോ അതിനോട് പ്രതികരിക്കുകയോ വേണ്ടതില്ല. സിംഹം ഒരിക്കലും ആടുകൾക്ക് തന്നെക്കുറിച്ചുള്ള അഭിപ്രായമെന്ത് എന്ന് ശ്രദ്ധിക്കാറില്ല എന്ന ടൈവിൻ ലാനിസ്റ്ററിന്റെ വചനമോർക്കുക. ചിലപ്പോൾ ചിലർക്ക് നമ്മുടെ പ്രവൃത്തികളെ അംഗീകരിക്കാൻ കഴിയില്ല, അവർ കാണുന്ന എല്ലാത്തിനും കൈയടിക്കുന്നവരാകില്ല. നമ്മൾ എടുക്കുന്ന ഓരോ നല്ല തീരുമാനത്തെയും അവർ അഭിനന്ദിക്കുന്നുണ്ടാകില്ല, അത് വെറുപ്പല്ല; അതാണ് കാഴ്ചപ്പാട്. ഒരാളുടെ അറിവ്, അനുഭവങ്ങൾ, പ്രതീക്ഷകൾ – ഇതെല്ലാമാണ് അവരുടെ അഭിപ്രായങ്ങളെ രൂപപ്പെടുത്തുന്നത്. ഒരു പുതിയ ധാരണ ലഭിക്കുന്നത് വരെ അവരുടെ നിലപാട് നിലനിൽക്കും എന്ന് മനസ്സിലാക്കാൻ നമുക്ക് കഴിഞ്ഞാൽ മതി. മനുഷ്യർ സാമൂഹിക ജീവികളാണ് എന്നതോടൊപ്പം മത്സരബുദ്ധി നമ്മുടെ സഹജവാസനയുമാണ്.

ഒരാൾ വേഗത്തിൽ വളരുകയാണെങ്കിൽ, ആരെങ്കിലുമൊക്കെ താൻ ചെറുതാകുമെന്ന് ഭയപ്പെട്ടേക്കാം. അത് തിന്മയല്ല; മനുഷ്യസ്വഭാവമാണ്. നാം ഇഷ്ടപ്പെടുന്ന ഒരു ഗ്രൂപ്പിന്റെ അഭിപ്രായത്തോട് വേഗത്തിൽ യോജിക്കാനും മറുഭാഗത്തോട് വേഗത്തിൽ വെറുക്കാനും കഴിയുന്നത് ഈ സ്വഭാവ സവിശേഷത കൊണ്ടാണ്. ഇരുവശത്തും കാഴ്ചപ്പാടുകൾ മാറുകയാണെങ്കിൽ, സമാധാന അന്തരീക്ഷം സാധ്യമാകുന്നത് കാണാനാകും. എല്ലാ യുദ്ധങ്ങളും എന്റെ ഊർജം അർഹിക്കുന്നില്ല; ചിലത് എന്റെ നിശബ്ദതയാണ് അർഹിക്കുന്നത് എന്ന തത്വം പാലിച്ച് ആശയവിനിമയം പരിമിതപ്പെടുത്തുകയും, അതിരുകൾ പാലിക്കുകയും, ബഹുമാനം നിലനിർത്തുകയും ചെയ്തു നോക്കൂ. അവിടെ സ്വസ്ഥതയുടെ വെളിച്ചം പടരുന്നത് കാണാം. നമ്മെ സ്നേഹിക്കുന്നവരോടല്ല വെറുക്കുന്നവരോട് എങ്ങനെ പെരുമാറുന്നു എന്നതാണ് നമ്മുടെ സ്വഭാവം നിർണയിക്കുന്നത്. നിങ്ങൾ നല്ല രീതിയിൽ ഇടപഴകിയാലും വിദ്വേഷം തീരാത്തവരെക്കുറിച്ച് ആധി കൊള്ളാതിരിക്കുകയും വേണം. ശ്വാസം അടക്കിപ്പിടിച്ചവർ ശുദ്ധവായുവിനെ വിലമതിക്കുന്നില്ല എന്ന് മാത്രം കരുതുക. “നിങ്ങളുടെ ശത്രുക്കളോട് എപ്പോഴും ക്ഷമിക്കുക എന്നതാണ് അവരെ ഏറ്റവും ശക്തമായി അലോസരപ്പെടുത്താനുള്ള വഴി’ എന്ന് ഓസ്കാർ വൈൽഡ്.

 

 

---- facebook comment plugin here -----

Latest