operation sindoor
ഇതാണ് ഞങ്ങളുടെ മറുപടി; ഇന്ത്യന്‍ സൈന്യം അഭിമാനമെന്നും ആരതി
കണ്ട കാഴ്ചകള്‍ മറക്കാനാകില്ല. പക്ഷേ, ഇന്ത്യക്കാരി എന്നതില്‍ ഇപ്പോള്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും ആരതി

കൊച്ചി | ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂരിലൂടെ പാകിസ്താന് നല്‍കിയ തിരിച്ചടിയില്‍ അഭിമാനമെന്ന് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി. വാര്‍ത്ത കേട്ടപ്പോള്‍ സന്തോഷം തോന്നിയെന്നും ഇന്ത്യന്‍ സൈന്യം അഭിമാനമാണെന്നും ആരതി മാധ്യമങ്ങളോട് പ്രതികരിച്ചു.
സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയവരുടെ 9 കേന്ദ്രങ്ങള്‍ അവിടെപ്പോയി ആക്രമിച്ച് ഏറ്റവും ധീരതയുള്ള കാര്യമാണ്. ഇവിടെ വന്ന് സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് ഭീരുത്വമാണ്. ഇതാണ് ഇന്ത്യ, ഇതാണ് ഞങ്ങളുടെ മറുപടിയെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു
നമുക്ക് വേണ്ടി രാജ്യം ഇത് ചെയ്യുന്നുവെന്നത് സന്തോഷകരമാണ്. നമ്മുടെ മണ്ണിലാണ് ഞങ്ങള്‍ നിന്നിരുന്നത്. ആ മണ്ണിലാണ് അവര്‍ വന്ന് ഒരു ദയയുമില്ലാതെ നിരപരാധകളെ കൊന്നുകളഞ്ഞത്. ഇതുപോലെ ഇന്ത്യ തിരിച്ചടിക്കണം. എനിക്കടക്കം ഉണ്ടായ നഷ്ടം നികത്താനാകില്ല. കണ്ട കാഴ്ചകള്‍ മറക്കാനാകില്ല. പക്ഷേ, ഇന്ത്യക്കാരി എന്നതില്‍ ഇപ്പോള്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും ആരതി കൂട്ടിച്ചേര്‍ത്തു.
ആരതിയുടെ മുന്നില്‍ വെച്ചാണ് ഭീകരര്‍ കൊച്ചി ഇടപ്പള്ളി സ്വദേശിയായ രാമചന്ദ്രനെ കൊലപ്പെടുത്തിയത്.
ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണത്തില്‍ 30 ഭീകരര്‍ കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 80 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഫ്രാന്‍സ് നിര്‍മിത സ്‌കാല്‍പ് മിസൈലുകള്‍, ക്രൂയിസ് മിസൈലുകള്‍ എന്നിവ ആക്രമണത്തിനായി സേനകള്‍ ഉപയോഗിച്ചു. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍പുതന്നെ ശേഖരിച്ചിരുന്നു.
തുടര്‍ന്ന് മൂന്ന് സേനകള്‍ക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകള്‍ സംയുക്തമായി ആക്രമണ പദ്ധതികള്‍ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലാണ് ആക്രമണം.