Connect with us

Ongoing News

ജീവന്‍ രക്ഷകരായ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് തിരുവല്ല പൗരാവലിയുടെ ആദരം

ബസില്‍ ബോധരഹിതയായ പെണ്‍കുട്ടിയെ തക്കസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച ജീവനക്കാരെയാണ് ആദരിച്ചത്

Published

|

Last Updated

തിരുവല്ല | യാത്രാ മധ്യേ ബസില്‍ ബോധരഹിതയായ പെണ്‍കുട്ടിയെ തക്കസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിച്ച കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കും ബസില്‍ വെച്ച് പെണ്‍കുട്ടിക്ക് സി പി ആര്‍ കൊടുത്തുസഹായിച്ച സഹയാത്രികക്കും തിരുവല്ല പൗരാവലി സ്വീകരണവും ആദരവും നല്‍കി. തിരുവല്ല ഡിപ്പോയിലെ കണ്ടക്ടര്‍ സി ആര്‍ പ്രകാശ്, ഡ്രൈവര്‍ എ എസ് മനോജ് എന്നിവര്‍ക്കും സി പി ആര്‍ കൊടുത്തു സഹായിച്ച ഓമല്ലൂര്‍ സ്വദേശി ഗീതു ശിവാനന്ദനും ആണ് അനുമോദനം നല്‍കിയത്.

കോഴഞ്ചേരിയില്‍ നിന്ന് തിരുവല്ലക്ക് പോകാന്‍ ബസില്‍ കയറിയ പെണ്‍കുട്ടിക്ക് ബസ്സില്‍ വച്ച് ബോധക്ഷയം സംഭവിക്കുകയായിരുന്നു. ഇത് കണ്ടുനിന്ന ഗീതു തനിക്ക് മുമ്പേ ലഭിച്ച സി പി ആര്‍ ട്രെയിനിംഗ് ഓര്‍ത്തെടുത്ത് പെണ്‍കുട്ടിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കുകയും ബസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഉടന്‍ തന്നെ കണ്ടക്ടറുടെ നിര്‍ദേശപ്രകാരം ഡ്രൈവര്‍ ബസ് തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

തിരുവല്ല കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ നടന്ന അനുമോദന സമ്മേളനം തിരുവല്ല മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് എം സലിം ഉദ്ഘാടനം ചെയ്തു. ടി എം എം ഇന്‍സ്റ്റിറ്റിയൂഷന്‍സ് ബെന്നി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കെ എസ് ആര്‍ ടി സി തിരുവല്ല എ ടി ഒ അജീഷ് കുമാര്‍ കെ ആര്‍, ടി എം എം എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം മേധാവി ഡോ. ശ്യാമ വിശ്വനാഥ്, ഡയറക്ടര്‍ കേണല്‍ ഡോ. ടെന്നിസ് എബ്രഹാം, പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് സന്തോഷ്, ജോയ് ആലുക്കാസ് മാള്‍ മാനേജര്‍ ഷെല്‍ട്ടന്‍ വി റാഫേല്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മാത്യൂസ് ചാലക്കുഴി, തിരുവല്ല മെഡിക്കല്‍ മിഷന്‍ ട്രഷറര്‍ എബി ജോര്‍ജ്, വൈ എം സി എ സെക്രട്ടറി ജോയ് ജോണ്‍, ഷാജി തിരുവല്ല, ആര്‍ ജയകുമാര്‍, സിബി തോമസ് അനുമോദനമര്‍പ്പിച്ചു സംസാരിച്ചു.

Latest