Connect with us

Kerala

ശബരിമല പൂങ്കാവന പ്രദേശം മദ്യ-മയക്കുമരുന്ന് വിമുക്ത മേഖലയായി പ്രഖ്യാപിച്ചു

നവംബര്‍ 15 മുതല്‍ 2027 ജനുവരി 20 വരെയാണ് നിരോധനം

Published

|

Last Updated

പത്തനംതിട്ട  | ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് പൂങ്കാവന പ്രദേശം മദ്യ, മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപഭോഗവും നിരോധിച്ച മേഖലയായി പ്രഖ്യാപിച്ചു ഉത്തരവായി. നവംബര്‍ 15 മുതല്‍ 2027 ജനുവരി 20 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ താല്‍ക്കാലിക എക്‌സൈസ് റേഞ്ച് ഓഫീസുകളുടെ പ്രവര്‍ത്തനം ആരംഭിച്ചു.

പമ്പ കേന്ദ്രീകരിച്ച് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള കണ്‍ട്രോള്‍ റൂം നവംബര്‍ 15 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. റാന്നി താലൂക്കിലെ പെരുനാട് വില്ലേജില്‍ ഉള്‍പ്പെടുന്ന ചാലക്കയം, പമ്പ, പമ്പ റിവര്‍, ത്രിവേണി, കരിമല, ചെറിയാനവട്ടം, വലിയാനവട്ടം, നീലിമല, ശബരിപീഠം, മരക്കൂട്ടം, സന്നിധാനം, കുമ്പളാംതോട്, ഒരക്കുഴി, പ്ലാപ്പള്ളി, നിലയ്ക്കല്‍, അട്ടത്തോട്, കൊല്ലമൂഴി എന്നീ പ്രദേശങ്ങളിലും കൊല്ലമുള വില്ലേജിലെ പമ്പാവാലിയിലും (അരയാഞ്ഞിലിമണ്‍ ഒഴികെ) നിരോധനം ബാധകമാണ്. പമ്പ, നിലയ്ക്കല്‍, അട്ടത്തോട്, ആങ്ങമൂഴി, ഗവി, കോന്നി, റാന്നി താലൂക്കുകളിലെ വനമേഖലകള്‍ എന്നിവിടങ്ങളില്‍ എക്‌സൈസ്, പോലീസ്, വനംവകുപ്പ് സംയുക്ത പരിശോധനകളും റെയ്ഡുകളും നടത്തിവരുന്നു. മദ്യനിരോധനം സംബന്ധിച്ച മുന്നറിയിപ്പ് ബോര്‍ഡുകള്‍ വിവിധ ഭാഷകളില്‍ പൂങ്കാവന പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. മണ്ണാറക്കുളഞ്ഞി മുതല്‍ പമ്പ വരെ എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും വാഹനപരിശോധന നടത്തും. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രണ്ട് സ്‌ട്രൈക്കിങ് യൂണിറ്റുകളെയും നിയോഗിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരും കച്ചവടക്കാരും ഉള്‍പ്പെടെ ശബരിമല, പമ്പ, നിലയ്ക്കല്‍ മേഖലകളിലെത്തുന്ന എല്ലാവരും നിരോധനവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പാലിക്കണം. മദ്യ-മയക്കുമരുന്ന് സംബന്ധമായ വിവരങ്ങള്‍ ജില്ലാ കണ്‍ട്രോള്‍ റൂം നമ്പരായ 0468-2222873 ലും ടോള്‍ ഫ്രീ നമ്പരായ 155358 ലും അറിയിക്കണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം സൂരജ് അറിയിച്ചു.

Content Highlights: Sabarimala Poongavanam area has been declared a liquor, drug, and tobacco-free zone from November 15 to January 20, 2027. Special excise range offices and control rooms have been opened at Sannidhanam, Pamba, and Nilakkal. Joint raids and 24-hour vehicle checks are underway to enforce strict compliance.

---- facebook comment plugin here -----

Latest