Connect with us

Lead News

യെച്ചൂരിക്ക് മൂന്നാമൂഴം

കേരളത്തില്‍ നിന്ന് എ വിജയരാഘവനെ പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുത്തു.

Published

|

Last Updated

കണ്ണൂർ |   തുടര്‍ച്ചയായി മൂന്നാം തവണയും സി പി എമ്മിന്റെ അമരത്ത് സീതാറാം യെച്ചൂരി. കണ്ണൂരിൽ നടന്ന ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിൽ 85 അംഗ കേന്ദ്രകമ്മിറ്റി ആദ്യയോഗം ചേര്‍ന്നാണ് യച്ചൂരിയെ വീണ്ടും ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.  വിശാഖപട്ടണത്ത് 2015 ല്‍ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി സെക്രട്ടറിയായത്. കേരളത്തില്‍ നിന്ന് എ വിജയരാഘവനെ പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുത്തു.

85 അംഗ കേന്ദ്ര കമ്മിറ്റിയിൽ ആകെ 17 പേരാണ് പുതുമുഖങ്ങളായുള്ളത്. കേരളത്തിൽ നിന്ന്‌ നാല്‌ പുതുമുഖങ്ങളാണുള്ളത്‌. പി രാജീവ്‌, കെ എൻ ബാലഗോപാൽ, പി സതീദേവി, സി എസ്‌ സുജാത എന്നിവർ കമ്മിറ്റിയിലെത്തി. കമ്മിറ്റിയിൽ 15 പേർ വനിതകളാണ്‌.

പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന പാര്‍ട്ടിയെ നയിക്കുകയെന്ന നിര്‍ണായക ദൗത്യമാണ് സീതാറാം യെച്ചൂരിയുടേത്. വിശാഖപട്ടണത്ത് നടന്ന ഇരുപത്തിയൊന്നാമത് പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് എത്തുന്നത്. എസ് രാമചന്ദ്രന്‍ പിള്ളയെ തലപ്പത്ത് എത്തിക്കാനുള്ള പ്രകാശ് കാരാട്ടിന്റെയും കേരളഘടകത്തിന്റെയും നീക്കത്തെ അതീജിവിച്ചാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായത്. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിയെ മാറ്റാനുള്ള നീക്കത്തെ ബംഗാള്‍ ഘടകം മറികടന്നത് രഹസ്യ ബാലറ്റ് എന്ന നിര്‍ദ്ദേശത്തിലൂടെയാണ്. സി ബി എസ് ഇ ഹയര്‍സെക്കന്ററി തലത്തില്‍ അഖിലേന്ത്യയില്‍ ഒന്നാം റാങ്ക് നേടിയിട്ടുണ്ട് സീതാറാം യെച്ചൂരി. സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിരുദവും ജെഎന്‍യു സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. കോളേജ് കാലത്ത് എസ്എഫ്‌ഐയിലൂടെയാണ് സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്.

17 അംഗ പൊളിറ്റ് ബ്യൂറോ:

  1. സീതാറാം യെച്ചുരി
  2. പ്രകാശ് കാരാട്ട്
  3. പിണറായി വിജയൻ
  4. കോടിയേരി ബാലകൃഷ്ണൻ
  5. ബ്രിന്ദ കാരാട്ട്
  6. മണിക് സർക്കാർ
  7. മുഹമ്മദ് സലിം
  8. സൂര്യകാന്ത് മിശ്ര
  9. ബി വി രാഘവുലു
  10. തപൻ സെൻ
  11. നിലോൽപൽ ബസു
  12. എം എ ബേബി
  13. ജി രാമകൃഷ്ണൻ
  14. സുഭാഷിണി അലി
  15. രാമചന്ദ്ര ദോം
  16. അശോക് ധാവ്ളെ
  17. എ വിജയരാഘവൻ
    കൺട്രോൾ കമ്മീഷൻ:
    1. സ. എ കെ പദ്മനാഭൻ (ചെയർമാൻ)
    2. സ. എം വിജയകുമാർ
    3. സ. ശ്രീധർ
    4. സ. മാലിനി ഭാട്ടാചാര്യ
    5. സ. വീരയ്യ

Latest