Kerala
കൊല്ലും, ബോംബ് വെക്കും; കളമശ്ശേരി സ്ഫോടന കേസില്‍ ഡോമിനിക് മാര്‍ട്ടിനെതിരെ സാക്ഷി പറയുന്നവര്‍ക്ക് ഭീഷണി
ഭീഷണി സന്ദേശമെത്തിയത് മലേഷ്യന്‍ നമ്പറില്‍ നിന്ന്

കൊച്ചി | കളമശ്ശേരി സ്ഫോടന കേസില്‍ പ്രതി ഡോമിനിക് മാര്‍ട്ടിനെതിരെ മൊഴി നല്‍കരുതെന്ന് ഭീഷണി. സാക്ഷി പറയുന്നവരെ കൊല്ലുമെന്നാണ് യഹോവ സാക്ഷികളുടെ പി ആര്‍ ഒയുടെ വാട്‌സാപ്പില്‍ ഭീഷണി സന്ദേശമെത്തിയത്. സാക്ഷി പറഞ്ഞാല്‍ യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വെക്കുമെന്നും ഭീഷണിയിലുണ്ട്. ഇന്നലെ രാത്രി 12നാണ് വാട്സ്ആപ് മുഖാന്തരമാണ് ഭീഷണി സന്ദേശം വന്നത്.
മലേഷ്യന്‍ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. സംഭവത്തില്‍ കളമശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2023 ഒക്ടോബര്‍ 29ന് രാവിലെ ഒമ്പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടന്ന കളമശ്ശേരി സംറ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ ഹാളില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്ന സമയത്തായിരുന്നു സ്‌ഫോടനം.
സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കൊരട്ടി പൊലീസ് സ്റ്റേഷനില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിന്‍ കീഴടങ്ങിയിരുന്നു. താനാണ് സ്‌ഫോടനം നടത്തിയതെന്ന് വെളിപ്പെടുത്തിയായിരുന്നു കീഴടങ്ങല്‍. സ്‌ഫോടനം നടത്തിയത് താന്‍ ഒറ്റയ്ക്കാണെന്നും പക മൂലമാണ് അക്രമം നടത്തിയതെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു. വീട്ടില്‍ വെച്ചാണ് ഇയാള്‍ സ്‌ഫോടക വസ്തു തയ്യാറാക്കിയതെന്നും രണ്ട് മാസം മുമ്പേ സ്‌ഫോടനത്തിനായി തയ്യാറെടുപ്പ് നടത്തിയിരുന്നെന്നും വിവരങ്ങള്‍ യൂട്യൂബ് നോക്കി പഠിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തി.