National
മേഘാലയയില്‍ ബീഫിന് യാതൊരു നിയന്ത്രണവുമില്ല; ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഏണസ്റ്റ് മാവ്രി
ചില സംസ്ഥാനങ്ങള്‍ ബീഫ് നിരോധനം പാസാക്കിയിട്ടുണ്ട്. എന്നാല്‍, മേഘാലയയില്‍ നിരോധനമില്ലെന്നു മാത്രമല്ല, താനും ബീഫ് കഴിക്കാറുണ്ടെന്നും മാവ്രി.
ഷില്ലോങ്| മേഘാലയയില്‍ ബീഫ് കഴിക്കുന്നതിന് നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ഏണസ്റ്റ് മാവ്രി. ബീഫ് വിഷയത്തില്‍ ഇതര സംസ്ഥാനങ്ങള്‍ അംഗീകരിച്ച പ്രമേയത്തെക്കുറിച്ച് പ്രതികരിക്കേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് ജനങ്ങളുടെ ജീവിത ശൈലിയില്‍ പെട്ടതാണ്. ആര്‍ക്കും അത് തടയാന്‍ കഴിയില്ല. ഇന്ത്യയില്‍ ചില സംസ്ഥാനങ്ങള്‍ ബീഫ് നിരോധനം പാസാക്കിയിട്ടുണ്ട്. എന്നാല്‍, മേഘാലയയില്‍ നിരോധനമില്ലെന്നു മാത്രമല്ല, താനും ബീഫ് കഴിക്കാറുണ്ടെന്നും മാവ്രി വ്യക്തമാക്കി.
ബി ജെ പി ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടിയാണെന്ന പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ ആരോപണം നിരസിച്ചഅദ്ദേഹം ഇത് രാഷ്ട്രീയ പ്രചാരണം മാത്രമാണെന്ന് പറഞ്ഞു. എന്‍ ഡി എ സര്‍ക്കാര്‍ ഒമ്പത് വര്‍ഷമായി രാജ്യം ഭരിക്കുന്നു. അതിനിടയില്‍ ഒരു പള്ളി പോലും ആക്രമിക്കപ്പെട്ടിട്ടില്ല. മേഘാലയ ക്രിസ്ത്യന്‍ ആധിപത്യമുള്ള സംസ്ഥാനമാണെന്നും മാവ്രി വിശദീകരിച്ചു.
ഗോവയും നാഗാലാന്‍ഡും ഭരിക്കുന്നത് ബി ജെ പിയാണ്. അവിടങ്ങളിലൊന്നും ഒരു പള്ളിയും ആക്രമിക്കപ്പെട്ടിട്ടില്ല. ഞാനും ഒരു ക്രിസ്ത്യാനിയാണെന്നും അവര്‍ ഒരിക്കലും എന്നോട് ചര്‍ച്ചില്‍ പോകരുതെന്ന് പറഞ്ഞിട്ടില്ലെന്നും ഏണസ്റ്റ് മാവ്രി കൂട്ടിച്ചേര്‍ത്തു.