Connect with us

Articles

നികുതിയിളവിലുമുണ്ട് രാഷ്ട്രീയ കൗശലം

വിലക്കയറ്റം ജനത്തെ വലയ്ക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അതിന്റെ ശതമാനക്കണക്കുകള്‍ കേന്ദ്ര സര്‍ക്കാറിന്റെ സ്ഥിതിവിവര വകുപ്പ് തന്നെ പുറത്തുവിട്ടിട്ടുമുണ്ട്. അപ്പോഴൊന്നുമുണ്ടാകാതിരുന്ന വേവലാതി, ജി എസ് ടിയിലെ സുപ്രീം കോടതി വിധി വന്ന് മൂന്നാം ദിവസമുണ്ടാകുമ്പോള്‍ അതില്‍ പ്രത്യക്ഷവും പരോക്ഷവുമായ രാഷ്ട്രീയമുണ്ടെന്ന് കാണണം. രാജീവ് ശങ്കരന്‍

Published

|

Last Updated

രാജ്യത്തെ ഇന്ധന വിലയില്‍ കുറവുണ്ടാകും വിധത്തില്‍ പെട്രോളിനും ഡീസലിനും മേല്‍ ചുമത്തിയിരുന്ന എക്‌സൈസ് നികുതി കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പല ഘട്ടങ്ങളിലായി എക്‌സൈസ്് നികുതി ഉയര്‍ത്തിയിരുന്നു. 2014ല്‍ ഉണ്ടായിരുന്ന നികുതിയുമായി താരതമ്യം ചെയ്താല്‍ കൂട്ടിയത് ഏതാണ്ട് മുപ്പത് രൂപയില്‍ അധികമാണ്. അതില്‍ പെട്രോളിന് ലിറ്ററിന് 15.41 രൂപയും ഡീസലിന് ലിറ്ററിന് 17.36 രൂപയുമാണ് രണ്ട് ഘട്ടമായി കുറച്ചത്. കേന്ദ്ര ഖജനാവിലേക്ക് മാത്രം വിഹിതം ലഭിക്കും വിധത്തിലാണ് 2014ന് ശേഷമുണ്ടായ എല്ലാ വര്‍ധനയും. അത് തന്നെയാണ് ഇപ്പോള്‍ കുറക്കുന്നതും. കേന്ദ്രം നികുതി വര്‍ധിപ്പിച്ച്, പൊതുവിപണിയില്‍ എണ്ണ വില കൂട്ടുമ്പോള്‍ മൂല്യ വര്‍ധിത നികുതിയില്‍ ആനുപാതികമായുണ്ടാകുന്ന വര്‍ധന സംസ്ഥാന സര്‍ക്കാറുകളുടെ ഖജനാവിലും എത്തിയിരുന്നു. കേന്ദ്രം നികുതി കുറച്ചത് മൂലം വിപണിവിലയില്‍ കുറവുണ്ടാകുമ്പോള്‍ മൂല്യ വര്‍ധിത നികുതിയിലും കുറവുണ്ടാകും. ആനുപാതികമായ ആ കുറവ് മാത്രമേ കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളിലെങ്കിലും ഉപഭോക്താവിന് ലഭിക്കുന്നുള്ളൂ. കേന്ദ്രം കുറച്ചതിന് തുല്യമായ കുറവ് സംസ്ഥാനങ്ങളും വരുത്തി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്ന വാദം ബി ജെ പിയും സംഘ്പരിവാര അനുകൂലികളും വലിയ തോതില്‍ ഉയര്‍ത്തുന്നുണ്ട്. എക്‌സൈസ് നികുതി മുപ്പത് രൂപയിലധികം കൂട്ടുകയും (അതില്‍ പകുതിയില്‍ അല്‍പ്പം അധികമേ ഇപ്പോള്‍ കുറച്ചിട്ടുള്ളൂ) പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങിവക്കുണ്ടായിരുന്ന സബ്‌സിഡി പൂര്‍ണമായി ഇല്ലാതാക്കുകയും ചെയ്ത കേന്ദ്രം, സംസ്ഥാനങ്ങള്‍ നികുതി കുറക്കണമെന്ന് ആവശ്യപ്പെടുന്നതില്‍ യുക്തിയില്ല. ചരക്ക് സേവന നികുതി സമ്പ്രദായം നിലവില്‍ വന്നതിനു ശേഷം സംസ്ഥാനങ്ങള്‍ക്ക് നികുതി അധികാരമുള്ള അപൂര്‍വം ഉത്പന്നങ്ങളിലൊന്നാണ് പെട്രോളിയം ഉത്പന്നങ്ങള്‍. കേന്ദ്രം കൂട്ടിയതിന്റെ ഭാരം കുറക്കുന്നതിന് സംസ്ഥാനങ്ങള്‍ അവരുടെ നികുതി വേണ്ടെന്നുവെക്കണമെന്ന് പറയുന്നത്, സംസ്ഥാനങ്ങളുടെ പരിമിതമാക്കപ്പെട്ട സാമ്പത്തിക അധികാരങ്ങള്‍ കൂടി വെട്ടിക്കുറക്കുന്നതായി മാറും. കേന്ദ്ര സര്‍ക്കാറിന്റെ ആശ്രിത സ്ഥാനം മാത്രം സംസ്ഥാനങ്ങള്‍ക്ക് മതിയെന്ന് വിചാരിക്കുന്ന, അധികാരത്തിന്റെ സമ്പൂര്‍ണ കേന്ദ്രീകരണം ലക്ഷ്യമിടുന്നവര്‍ക്ക് മാത്രമേ ആ വാദവുമായി യോജിക്കാനാകൂ.

പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യം കുറവ് വരുത്തുന്നത് ഉത്തര്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുമ്പാണ്. അതിന് പിറകെ ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളൊക്കെ മൂല്യ വര്‍ധിത നികുതിയില്‍ കുറവ് വരുത്തി. തിരഞ്ഞെടുപ്പിലെ വിജയമെന്ന ഒരൊറ്റ ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു അന്നത്തെ നികുതി കുറക്കല്‍. ആ തിരഞ്ഞെടുപ്പ് കാലത്ത് (മുന്‍ തിരഞ്ഞെടുപ്പ് കാലങ്ങളിലും) അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുതിച്ചുയര്‍ന്നിട്ടും, പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയും വിലയില്‍ മാറ്റമേതുമുണ്ടായില്ല എന്നത് കൂടി കണക്കിലെടുത്താല്‍ ലക്ഷ്യം തിരഞ്ഞെടുപ്പായിരുന്നുവെന്നത് വ്യക്തമാകും.

ഇപ്പോഴുണ്ടായ കുറവിന് പിറകിലും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകണം. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലൊക്കെ തിരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. അത് ലക്ഷ്യമിട്ട് മുന്‍കൂട്ടി എറിയാനുള്ള സൗകര്യം യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശത്തെത്തുടര്‍ന്നുള്ള അന്താരാഷ്ട്ര സാഹചര്യം നരേന്ദ്ര മോദി സര്‍ക്കാറിന് നല്‍കുകയും ചെയ്യുന്നു. റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നതൊഴിവാക്കാന്‍ യുക്രൈന്‍ അധിനിവേശത്തില്‍ രോഷം പൂണ്ട യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങളും അമേരിക്കയുടെ ഇതര സഖ്യരാഷ്ട്രങ്ങളും തീരുമാനിച്ചു. റഷ്യയില്‍ നിന്ന് കുറഞ്ഞ വിലക്ക് കൂടുതല്‍ അസംസ്‌കൃത എണ്ണ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. എണ്ണ ഇറക്കുന്നതിന് വേണ്ടിവരുന്ന വിലയില്‍ ഉണ്ടാകുന്ന കുറവ് കേന്ദ്ര ഖജനാവിന് ചെറിയ ആശ്വാസം നല്‍കുന്നു. അതുകൊണ്ട് തന്നെ എക്‌സൈസ് നികുതിയില്‍ വരുത്തുന്ന കുറവ് ഖജനാവിന് നഷ്ടമുണ്ടാക്കില്ലെന്ന കണക്കുകൂട്ടലിലാണ് കേന്ദ്രം. അതുവഴിയുണ്ടാകാന്‍ ഇടയുള്ള രാഷ്ട്രീയ നേട്ടം പുറമെയും.

ഇതൊക്കെ നിലനില്‍ക്കെ, മറ്റൊരു “വിജയം’ കേന്ദ്ര സര്‍ക്കാര്‍ നേടിക്കഴിഞ്ഞിരിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും സബ്‌സിഡി എന്നത് പൂര്‍ണമായും ഇല്ലാതാക്കിയിരിക്കുന്നു, ഇനിയൊരിക്കലും പുനഃസ്ഥാപിക്കേണ്ടതില്ലാത്ത വിധത്തില്‍. ലിറ്ററിന് നൂറ് രൂപയിലധികം നല്‍കി പെട്രോളും ഡീസലും വാങ്ങുക എന്നതൊരു നിത്യജീവിത യാഥാര്‍ഥ്യമാണെന്ന മാനസികാവസ്ഥയിലേക്ക് ജനങ്ങളെ എത്തിക്കുന്നതിലും. ഇന്ധനം മൊത്തമായി വാങ്ങുന്നവരില്‍ നിന്ന് ഉയര്‍ന്ന വില ഈടാക്കുക എന്ന തീരുമാനം നടപ്പാക്കിക്കൊണ്ട്, എക്‌സൈസ് നികുതി കുറക്കുന്നത് മൂലമുണ്ടാകുന്ന നഷ്ടത്തിലൊരു വിഹിതം തിരികെപ്പിടിക്കുകയും ചെയ്യുന്നു. വലിയ അളവില്‍ ഇന്ധനം പതിവായി വാങ്ങുന്നവര്‍ക്ക് തുടര്‍ന്നങ്ങോട്ട് ഇന്ധനം നല്‍കരുതെന്ന് പമ്പുടമകളോട് നിര്‍ബന്ധിച്ച് എണ്ണ വിതരണ കമ്പനികള്‍ കേന്ദ്ര ഇംഗിതം പരമാവധി നടപ്പാക്കിക്കൊടുക്കാന്‍ ശ്രദ്ധിക്കുന്നുമുണ്ട്. മൊത്തമായി വാങ്ങുന്നവര്‍ കൂടിയ വിലക്ക് ഇന്ധനം വാങ്ങേണ്ടിവന്നാല്‍ അതുണ്ടാക്കുന്ന ആഘാതവും ജനങ്ങളുടെ പോക്കറ്റിലാണ് ഉണ്ടാകുക എന്നത് ശ്രദ്ധിക്കപ്പെടില്ലല്ലോ! അങ്ങനെ പിഴിയല്‍ വൈവിധ്യവത്കരിച്ച് മുഖം മിനുക്കുക എന്ന പണിയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് എന്ന് ചുരുക്കം. ഉജ്വല യോജനയുടെ ഉപഭോക്താക്കളായവര്‍ക്ക് മാത്രമായി പാചക വാതകത്തിന് സബ്‌സിഡി പുനഃസ്ഥാപിക്കുമ്പോള്‍ അതിന് പുറത്തുള്ളവര്‍ക്ക് ഇനിയൊരിക്കലും സബ്‌സിഡിയുണ്ടാകില്ലെന്ന് അറിയിക്കുക കൂടിയാണ് കേന്ദ്രം. ഉജ്വലയിലെ സബ്‌സിഡി തന്നെ അധികം വൈകാതെ നിശ്ശബ്ദം ഇല്ലാതാക്കാന്‍ റഷ്യന്‍ അസംസ്‌കൃതം കേന്ദ്രത്തെ സഹായിക്കുകയും ചെയ്യും.

ഇന്ധന വില കമ്പോളത്തിന് വിട്ടുകൊടുത്ത്, സ്വകാര്യ കമ്പനികള്‍ക്ക് (അംബാനിക്ക് എന്ന് വായിക്കാം) അവസരം ഉറപ്പാക്കി, പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില്‍ക്കുക എന്ന കോണ്‍ഗ്രസ്സ് നയം വിജയിപ്പിക്കുന്നതില്‍ വലിയ അളവ് മുന്നേറിയ ശേഷമാണ് എക്‌സൈസ് നികുതി കുറച്ച് ചെറിയ ആശ്വാസമുണ്ടായെന്ന തോന്നല്‍ ജനങ്ങളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ജനിപ്പിക്കുന്നത്. ഉയര്‍ന്ന ഇന്ധന വിലയും അതുവഴി സര്‍വതിലുമുണ്ടാക്കുന്ന വിലക്കയറ്റവും ഉണര്‍ത്തുന്ന രോഷത്തെ വര്‍ഗീയ വികാരം തീവ്രമായി ജ്വലിപ്പിച്ച് തണുപ്പിക്കാന്‍ സംഘ്പരിവാരത്തിന് സാധിക്കുന്നുമുണ്ട്.

വിലക്കയറ്റം പിടിച്ചുനിര്‍ത്താനാണ് നികുതിയില്‍ വരുത്തിയ കുറവെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഒരു പരിധിവരെ അത് ശരിയുമാണ്. പക്ഷേ, കൊവിഡ് വ്യാപിച്ച് ജനസംഖ്യയില്‍ വലിയൊരു വിഭാഗം ഉപജീവന മാര്‍ഗം പോലുമില്ലാതെ വലഞ്ഞ കാലത്ത് ഇന്ധന വിലയിലെ നികുതി വര്‍ധിപ്പിച്ചവര്‍ (അക്കാലത്ത് മാത്രം കൂട്ടിയത് ലിറ്ററിന്മേല്‍ പന്ത്രണ്ട് രൂപയിലധികമാണ്) ഇപ്പോള്‍ വിലക്കയറ്റം ജനത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ട് തിരിച്ചറിയുന്നുവെന്ന് പറഞ്ഞാല്‍ അതത്ര വിശ്വസനീയവുമല്ല. അപ്പോള്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുക എന്നതിനപ്പുറത്തൊരു അജന്‍ഡ കേന്ദ്ര സര്‍ക്കാറിനുണ്ടാകണം. അത് ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് അടുത്തിടെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ്. ജി എസ് ടിയിലെ നിയമ നിര്‍മാണത്തിന് കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യാവകാശമാണെന്നും ജി എസ് ടി കൗണ്‍സിലിലെ തീരുമാനങ്ങള്‍ നടപ്പാക്കേണ്ട ബാധ്യത സംസ്ഥാനങ്ങള്‍ക്കില്ലെന്നുമാണ് സുപ്രീം കോടതി വിധിച്ചത്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ ഭരണക്രമമെന്നത് സഹകരണത്തിന്റേത് മാത്രമല്ല, വിയോജിപ്പ് പ്രകടിപ്പിക്കാന്‍ കൂടിയുള്ളതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ജി എസ് ടിയുടെ മറവില്‍ ഇല്ലാത്ത അധികാരം പ്രയോഗിച്ച് സംസ്ഥാനങ്ങളെ, പ്രത്യേകിച്ച് പ്രതിപക്ഷ ഭരണത്തിലുള്ളവയെ, ഞെരിക്കാന്‍ കേന്ദ്രം മടിച്ചിട്ടില്ല. അതില്‍ അതൃപ്തിയുള്ള സര്‍ക്കാറുകള്‍, ഭരണഘടന വിഭാവനം ചെയ്യും വിധത്തിലുള്ള ഫെഡറല്‍ അധികാരം ഉറപ്പിക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയുള്ള സര്‍ക്കാറുകള്‍ സ്വസംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം വീണ്ടെടുക്കാന്‍ പാകത്തില്‍ ജി എസ് ടിയില്‍ ഇടപെട്ടാല്‍ സംഗതി പ്രശ്‌നമാകും. കേന്ദ്ര സര്‍ക്കാറിന് മാത്രമല്ല, ജി എസ് ടി സമ്പ്രദായം ഉപയോഗിച്ച് സംസ്ഥാനാതിരുകളില്ലാതെ വ്യാപാരം വികസിപ്പിക്കുന്ന വന്‍കിട കമ്പനിക്കാര്‍ക്കും. അങ്ങനെ സംഭവിക്കരുതെന്ന് നിര്‍ബന്ധമുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ (അംബാനി മൊബൈല്‍ ഫോണ്‍ സേവനം തുടങ്ങിയപ്പോള്‍ മോഡലായത് പ്രധാനമന്ത്രിയായിരുന്നുവെന്നത് ഓര്‍ക്കുക) കേന്ദ്ര ഖജനാവിലേക്ക് മാത്രം വരുമാനമുറപ്പാക്കുന്ന ഇന്ധന നികുതി കുറച്ച് സംസ്ഥാനങ്ങളോട് തങ്ങള്‍ക്ക് അനുതാപമുണ്ടെന്ന പ്രതീതി സൃഷ്ടിക്കുക കൂടിയാണ് ചെയ്യുന്നത്. ജി എസ് ടിയിലൊരു യുദ്ധമുഖം തമിഴ്‌നാടോ പശ്ചിമ ബംഗാളോ കേരളമോ രാജസ്ഥാനോ തുറന്നാല്‍ അതിന്റെ ആഘാതം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുമുണ്ടാകും. അത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങളെത്താതിരിക്കാനുള്ള കരുതലെടുക്കല്‍ കൂടിയാണ് ഇപ്പോഴത്തെ ഇന്ധന നികുതി കുറക്കല്‍. വിലക്കയറ്റം ജനത്തെ വലക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അതിന്റെ ശതമാനക്കണക്കുകള്‍ കേന്ദ്ര സര്‍ക്കാറിന്റെ സ്ഥിതിവിവര വകുപ്പ് തന്നെ പുറത്തുവിട്ടിട്ടുമുണ്ട്. അപ്പോഴൊന്നുമുണ്ടാകാതിരുന്ന വേവലാതി, ജി എസ് ടിയിലെ സുപ്രീം കോടതി വിധി വന്ന് മൂന്നാം ദിവസമുണ്ടാകുമ്പോള്‍ അതില്‍ പ്രത്യക്ഷവും പരോക്ഷവുമായ രാഷ്ട്രീയമുണ്ടെന്ന് കാണണം.

Latest