Connect with us

Prathivaram

ഫെബ്രുവരിയിലെ പിന്മാറ്റങ്ങൾക്ക് കാരണമുണ്ട്

വെല്ലുവിളികളെ ഭീഷണികളായോ സാധ്യതയായോ എങ്ങനെ കാണണമെന്നത് നമ്മുടെ തിരഞ്ഞെടുപ്പാണ്. നിരസിക്കപ്പെടലിനെ അപര്യാപ്തതയുടെ തെളിവായോ വഴിതിരിച്ചുവിടലായോ വ്യാഖ്യാനിക്കേണ്ടത് നമ്മളാണ്, അഥവാ നമ്മുടെ ജീവിതത്തിന്റെ ഗുണനിലവാരം നമ്മുടെ വികാരങ്ങളുടെ ഗുണനിലവാരമാണ്. വികാരങ്ങൾ മാറുമ്പോൾ, തീരുമാനങ്ങൾ മാറുകയും, തീരുമാനങ്ങൾ മാറുമ്പോൾ, ജീവിതം മാറുകയും ചെയ്യും.

Published

|

Last Updated

“ഒരു കാര്യം ശരിയാണെന്നതുകൊണ്ടല്ല, ആ നിമിഷം അവ ശരിയാണെന്ന് നമുക്ക് തോന്നുന്നതുകൊണ്ടാണ് അവ നമ്മൾ ചെയ്യുന്നത്.’ എന്ന ടോണി റോബിൻസിന്റെ ഒരു നിരീക്ഷണമുണ്ട്. എല്ലാ ദിവസവും ഗൗരവമേറിയ ഒട്ടേറെ പദ്ധതികൾ ആസൂത്രണം ചെയ്യുന്ന നമ്മൾ യഥാർഥത്തിൽ അവയിലേക്ക് തന്നെയാണോ പ്രവേശിക്കാറുള്ളത് എന്ന് ശ്രദ്ധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടും. വിദ്യാർഥികളാണെങ്കിൽ നേരത്തെ ഉണരാൻ, ആത്മാർഥമായി പഠിക്കാനിരിക്കാൻ, ശീലങ്ങളെ നിയന്ത്രിക്കാൻ, പ്രധാനപ്പെട്ട കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒക്കെ പ്രതിജ്ഞ ചെയ്യും, പക്ഷേ, എന്താണ് സംഭവിക്കുക! നടപ്പിലാക്കേണ്ട നിമിഷം വരുമ്പോൾ, ആ സന്ദർഭത്തിലെ ആശ്വാസം എന്താണോ അതാണ് വിജയിക്കുക.

പുസ്തകം തുറക്കുന്നതിന് മുമ്പ് ഫോൺ തുറക്കുന്നു, ഉറക്കം പരിശ്രമത്തേക്കാൾ മികച്ചതായി തോന്നുന്നു, കാര്യങ്ങൾ നാളെ കുറച്ചു കൂടി ശ്രദ്ധിച്ച് ആകാം എന്നതിലേക്ക് തീരുമാനം മാറുന്നു. എല്ലാം പിന്നേക്ക് പിന്നേക്ക് പോകുന്നു. ഇത് നമ്മൾ ദുർബലരായതുകൊണ്ടല്ല, വികാരങ്ങൾ യുക്തിയെക്കാൾ വളരെ വേഗത്തിൽ പ്രവർത്തിക്കുന്നതിനാലാണ് സംഭവിക്കുന്നത്. അഥവാ നമ്മുടെ മിക്ക തീരുമാനങ്ങളും ശ്രദ്ധാപൂർവം യുക്തിസഹമായ ചിന്തയായല്ല, വൈകാരിക പ്രതികരണങ്ങളായാണ് ഉണ്ടാകുന്നത്. അതുകൊണ്ടാണ് സുഖകരമായി തോന്നുന്നതിലേക്ക് നാം നീങ്ങുകയും അസ്വസ്ഥത തോന്നുന്നതിൽ നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്യുന്നത്. പഠനം ഉണ്ടാക്കുന്ന സമ്മർദം, വ്യായാമത്തിനു വേണ്ട പരിശ്രമം, സത്യസന്ധത പ്രകടിപ്പിച്ചാൽ ഉണ്ടായേക്കാവുന്ന അപകടസാധ്യത ഇതൊക്കെ ഒഴിവാക്കുന്നതിലെ താത്കാലിക ആശ്വാസം നാം ആസ്വദിക്കുന്നത്. ഓരോ പുതുവർഷത്തിലും മാറ്റം വാഗ്ദാനം ചെയ്ത് ഫെബ്രുവരിയോടെ നിശബ്ദമായി പഴയ ശീലങ്ങളിലേക്ക് മടങ്ങുന്നത്.

നമ്മുടെ ഓരോ പ്രവൃത്തിക്കും പിന്നിൽ ഒരു ആവശ്യമുണ്ട്. നമുക്ക് സുരക്ഷ, ശ്രദ്ധ, ഉൾപ്പെടൽ, മാറ്റം, വളർച്ച, അർഥം എന്നിവ വേണം. ഈ ആവശ്യങ്ങൾ ആരോഗ്യകരമായ രീതിയിൽ നിറവേറ്റപ്പെടുന്നില്ലെങ്കിൽ നാം കുറുക്കുവഴികൾ കണ്ടെത്തും. ക്ലാസ്സിനെ മൊത്തം ശല്യപ്പെടുത്തുന്ന കുട്ടി തേടുന്നത് ശ്രദ്ധയാണ്. അനാരോഗ്യകരമായ ദിനചര്യയിൽ കുടുങ്ങിപ്പോകുന്നവരിൽ പരിചിതത്വത്തിന്റെ ആനന്ദമാണുള്ളത്. പ്രശ്‌നങ്ങളിൽ നിന്ന് മുക്തമാകാൻ വേണ്ടി പുതുവഴിയിലേക്ക് പോകാത്തവർ അജ്ഞാതമായതിനേക്കാൾ ഇപ്പോഴുള്ള അവസ്ഥയാണ് സുരക്ഷിതമെന്നാണ് ചിന്തിക്കുന്നത്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ, പ്രശ്നങ്ങൾ ഉണ്ടാകുന്നത് ആവശ്യങ്ങൾ മൂലമല്ല, മറിച്ച് അവ നിറവേറ്റാൻ നമ്മൾ തിരഞ്ഞെടുക്കുന്ന അനാരോഗ്യകരമായ വഴികൾ മൂലമാണ്. ഇവയെല്ലാം കാണിക്കുന്ന ഒരേയൊരു തത്വം ഇതാണ്, കഴിവോ കാര്യപ്രാപ്തിയോ മാത്രമല്ല, നമ്മുടെ വൈകാരികാവസ്ഥ കൂടിയാണ് നമ്മുടെ വിജയം തീരുമാനിക്കുന്നതും നമ്മെ മുന്നോട്ട് നയിക്കുന്നതും.

ഒരേ കഴിവുള്ള രണ്ട് ആളുകൾ വളരെ വ്യത്യസ്തമായ രണ്ട് അവസ്ഥകളിൽ ആയിരിക്കാൻ കാരണം ഒരാൾ സ്വയം വിശ്വസിക്കുകയും മറ്റൊരാൾക്ക് തന്നിൽ തന്നെ സംശയമുണ്ടാവുകയും ചെയ്യുന്നതുകൊണ്ടാണ്. പോസിറ്റിവ് വികാരങ്ങളാണ് ശരിയായ ഫലത്തെ പിന്തുണക്കുകയും വിജയത്തിനായുള്ള പ്രവർത്തനത്തിലേക്ക് പ്രചോദിപ്പിക്കുകയും ചെയ്യുന്നത് എന്നർഥം. വികാരം നെഗറ്റീവ് ആകുമ്പോൾ ഏറ്റവും ലളിതമായ ജോലി പോലും ഭാരമുള്ളതായി തോന്നുന്നത് നിങ്ങൾക്കും അനുഭവപ്പെടാറില്ലേ?

പലരും ശ്രമിക്കാതിരിക്കുന്നത് അവർക്ക് വിജയിക്കാൻ കഴിയാത്തതുകൊണ്ടല്ല, മറിച്ച് പരാജയബോധം സഹിക്കാൻ കഴിയാത്തതുകൊണ്ടാണ്. പരാജയത്തെ ഒരു ഫീഡ്‌ബാക്കായി പുനർനിർമിച്ച് ഈ മാനസികാവസ്ഥയെ വെല്ലുവിളിക്കാൻ കഴിയും. വേദനയെ പരാജയവുമായി ബന്ധപ്പെടുത്തുമ്പോൾ നാം ശ്രമിക്കുന്നത് നിർത്തും. എന്നാൽ വേദന അതേപടി നിലനിർത്തി തന്നെ മുന്നോട്ടു പോകാൻ തീരുമാനിച്ചാൽ വളർച്ച ഉറപ്പാക്കാൻ കഴിയും. അഥവാ പരാജയത്തെയല്ല അത് പ്രതിഫലിപ്പിക്കുന്ന അർഥമാണ് നാം ഭയപ്പെടുന്നത്. നാണക്കേടോ, മറ്റുള്ളവരുടെ വിധിന്യായമോ, സ്വന്തം അപര്യാപ്തതയുടെ തെളിവോ ഒക്കെയായി പരാജയത്തെ കാണുന്നവർ, പിഴവു പറ്റാതിരിക്കാൻ വേണ്ടി നല്ല തീരുമാനങ്ങളിൽ നിന്ന് പിൻവാങ്ങുന്നു.

ഇവിടെ നാം ഉൾക്കൊള്ളേണ്ട കാര്യമിതാണ്, സാഹചര്യങ്ങളെ നമുക്ക് നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും, വൈകാരിക പ്രതികരണങ്ങളെ നിയന്ത്രിക്കാൻ നമുക്ക് സ്വയം പരിശീലിക്കാൻ കഴിയും. വെല്ലുവിളികളെ ഭീഷണികളായോ സാധ്യതയായോ എങ്ങനെ കാണണമെന്നത് നമ്മുടെ തിരഞ്ഞെടുപ്പാണ്. നിരസിക്കപ്പെടലിനെ അപര്യാപ്തതയുടെ തെളിവായോ വഴിതിരിച്ചുവിടലായോ വ്യാഖ്യാനിക്കേണ്ടത് നമ്മളാണ്, അഥവാ നമ്മുടെ ജീവിതത്തിന്റെ ഗുണനിലവാരം നമ്മുടെ വികാരങ്ങളുടെ ഗുണനിലവാരമാണ്. വികാരങ്ങൾ മാറുമ്പോൾ, തീരുമാനങ്ങൾ മാറുകയും, തീരുമാനങ്ങൾ മാറുമ്പോൾ, ജീവിതം മാറുകയും ചെയ്യും.

 

---- facebook comment plugin here -----

Latest