Connect with us

covid- 19

ലോകം വീണ്ടും കൊവിഡ് ഭീതിയില്‍

ചൈന ഉള്‍പ്പെടെ ഇതര രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ കുതിക്കുകയും ഇന്ത്യയിലും കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന ആരോഗ്യ വിദഗ്ധരുടെയും മറ്റു ബന്ധപ്പെട്ടവരുടെയും യോഗം സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.

Published

|

Last Updated

കൊവിഡ് വീണ്ടും പിടിമുറുക്കുകയാണ് ലോകരാഷ്ട്രങ്ങളില്‍. ഒമിക്രോണ്‍ വകഭേദമായ ബി എ എഫ്- 7 ചൈന, അമേരിക്ക, ബ്രിട്ടന്‍, ജപ്പാന്‍, ബ്രസീല്‍, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍ വന്‍തോതില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്നു. കൊവിഡിന്റെ ഈറ്റില്ലമായ ചൈനയിലാണ് ബി എ എഫ്- 7 ആദ്യം കണ്ടെത്തിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനു പിന്നാലെയായിരുന്നു ഇത്. നേരത്തേ കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് അടുത്തിടെയാണ് ചൈനയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കം ചെയ്തത്. ഇതിനു പിന്നാലെ തലസ്ഥാനമായ ബീജിംഗില്‍ വൈറസ് അതിവേഗം പടരുകയാണ്. അവിടെ 40 ശതമാനത്തിലധികം പേരും കൊവിഡ് ബാധിതരാണെന്നാണ് റിപോര്‍ട്ട്. സ്ഥിതി ഗുരുതരമായതോടെ ചെറിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും ആശങ്കയില്‍ ആശുപത്രിയിലേക്ക് ഓടുന്നു. ആശുപത്രികള്‍ നിറഞ്ഞു കവിയുന്നു. ശ്മശാനങ്ങളില്‍ സംസ്‌കാരത്തിന് സ്ഥലം ലഭ്യമല്ലാത്ത അവസ്ഥയാണ്. അടുത്ത 90 ദിവസത്തിനുള്ളില്‍ ചൈനയില്‍ കുറഞ്ഞത് 60 ശതമാനത്തോളം പേര്‍ക്കെങ്കിലും കൊവിഡ് പിടിപെടാമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

ശരിയായ മുന്നൊരുക്കമില്ലാതെ ചൈനീസ് സര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതാണ് രോഗം വീണ്ടും തിരിച്ചുവരാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്ന് വര്‍ഷത്തോളം ശക്തമായ നിയന്ത്രണങ്ങളാണ് ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ലോക്ക്ഡൗണും കേന്ദ്രീകൃത ക്വാറന്റൈനുകളും വന്‍തോതിലുള്ള പരിശോധനയും സമ്പര്‍ക്കപ്പട്ടിക പരിശോധിക്കലുമായി വൈറസിന്റെ വ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ അവര്‍ സ്വീകരിച്ചിരുന്നു. നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്‌സീനേഷന്‍ നല്‍കുന്നത് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കുറഞ്ഞു. ഈ അനവധാനതക്ക് രാജ്യം കനത്ത വില നല്‍കേണ്ടി വരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. നിലവില്‍ 144 കോടിയാണ് ചൈനീസ് ജനസംഖ്യ. ഇതില്‍ 9,64,000 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുമെന്നാണ് ഹോങ്കോംഗ് സര്‍വകലാശാലയിലെ മൂന്ന് പ്രൊഫസര്‍മാരുടെ പഠന റിപോര്‍ട്ട് പ്രവചിക്കുന്നത്. ബൂസ്റ്റര്‍ ഷോട്ടുകളും ആന്റിവൈറല്‍ മരുന്നുകളും എത്രയും പെട്ടെന്ന് ലഭ്യമാക്കിയാല്‍ ദുരന്ത സാഹചര്യത്തില്‍ നിന്ന് കുറെയൊക്കെ രക്ഷപ്പെടാനാകുമെന്നും റിപോര്‍ട്ട് പറയുന്നു. ഒന്നും രണ്ടും ഡോസ് വാക്‌സീനുകളുടെ ഫലപ്രാപ്തി കുറവാണ് ചൈനയില്‍ വൈറസ് വീണ്ടും പിടിമുറുക്കാന്‍ കാരണമെന്ന അഭിപ്രായവുമുണ്ട്. സനോഫാം, സിനോവാക് എന്നീ വാക്‌സീനുകളാണ് അവിടെ നല്‍കിയിരുന്നത്. ഇതത്ര ഫലപ്രദമല്ലെന്നാണ് ചില വിദഗ്ധരുടെ പക്ഷം.

ചൈന ഉള്‍പ്പെടെ ഇതര രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ കുതിക്കുകയും ഇന്ത്യയിലും കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ രാജ്യത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയയുടെ നേതൃത്വത്തില്‍ ബുധനാഴ്ച ചേര്‍ന്ന ആരോഗ്യ വിദഗ്ധരുടെയും മറ്റു ബന്ധപ്പെട്ടവരുടെയും യോഗം സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. പുതിയ വകഭേദങ്ങള്‍ തിരിച്ചറിയുന്നത് സുഗമമാക്കുന്നതിനായി കൊവിഡ് പോസിറ്റീവ് കേസുകളുടെ സാമ്പിളുകള്‍ ലാബുകളിലേക്ക് അയക്കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അന്താരാഷ്ട്ര യാത്രകള്‍ ഒഴിവാക്കണമെന്നും കൊവിഡ് വാക്സീന്‍ ബൂസ്റ്റര്‍ ഡോസ് എല്ലാവരും എടുക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ (ഐ എം എ) നിര്‍ദേശിക്കുന്നു. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, വിവാഹം, രാഷ്ട്രീയ-സാമൂഹിക യോഗങ്ങള്‍ തുടങ്ങി കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ ഒഴിവാക്കുക തുടങ്ങി നേരത്തേ നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങള്‍ വീണ്ടും പാലിക്കണമെന്നും ഐ എം എ പറയുന്നു. ന്യൂ ഇയര്‍, ക്രിസ്മസ് അടക്കം ഉത്സവ സീസണ്‍ കണക്കിലെടുത്ത് ജനങ്ങള്‍ കൊവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ റാന്‍ഡം പരിശോധന ആരംഭിച്ചു കഴിഞ്ഞു. ഈ പരിശോധനാ ഫലങ്ങള്‍ വിലയിരുത്തിയ ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഗുജറാത്തിലും ഒഡീഷയിലുമായി നാല് പേര്‍ക്കാണ് രാജ്യത്ത് ഇതിനകം രോഗം സ്ഥിരീകരിച്ചത്.
ലോകത്തിന്, വിശിഷ്യാ ആരോഗ്യ മേഖലക്ക് കനത്ത വെല്ലുവിളിയായി, ഉത്തരം കിട്ടാത്ത ചോദ്യമായി തുടരുകയാണ് കൊവിഡ്-19. ഇതിന്റെ ഉത്ഭവം ഇന്നും അജ്ഞാതമാണ്. ഈ വൈറസിനെ പ്രതിരോധിക്കാനാണ് യുദ്ധകാലാടിസ്ഥാനത്തില്‍ രണ്ട് ഡോസ് വാക്‌സീനുകള്‍ നല്‍കിയത്. എന്നാല്‍ വാക്‌സീനുകളെ നിര്‍വീര്യമാക്കി രോഗം പിന്നെയും പടര്‍ന്നു പിടിക്കുന്നു. ബൂസ്റ്റര്‍ ഡോസ് വാക്സീനാണ് ഇപ്പോള്‍ പ്രതിവിധിയായി നിര്‍ദേശിക്കപ്പെടുന്നത്. ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരണം ശക്തമാക്കിയിരിക്കുകയാണ് ലോകരാജ്യങ്ങള്‍. അതേസമയം മൂന്നാം ഡോസും രോഗം ചെറുക്കുന്നതില്‍ ഫലവത്തല്ലെന്നും മൂന്നാം ഡോസുകളുടെ ഫലപ്രാപ്തി നാലാം മാസത്തോടെ കുറയാന്‍ തുടങ്ങുമെന്നുമാണ് യു എസ് സെന്റേഴ്‌സ് ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി ഡി സി) പഠന റിപോര്‍ട്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നാലാമത്തെ ഡോസ് ആവശ്യമായി വരുമെന്നും സി ഡി സി പറയുന്നു. രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകള്‍ക്ക് നാലാമത്തെ ഡോസ് ആവശ്യമായി വരുമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്റെ മെഡിക്കല്‍ ഉപദേഷ്ടാവ് ആന്റണി ഫൗസിയും ചൂണ്ടിക്കാണിച്ചിരുന്നു. ഇസ്‌റാഈല്‍ സര്‍ക്കാര്‍ കൊവിഡ് -19നെതിരെയുള്ള സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി മുതിര്‍ന്ന പൗരന്മാരോട് നിര്‍ബന്ധമായും നാലാം ഡോസ് എടുക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ നാലാമത്തെ ഡോസിന് വഴങ്ങുമോ കൊവിഡ്-19 എന്ന കാര്യം കാത്തിരുന്ന് കാണേണ്ടതാണ്.

Latest