Connect with us

Year Ender 2021

ലോകം കടന്നുപോയ 2021

ലോകമുറ്റുനോക്കിയ പ്രധാനസംഭവങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം

Published

|

Last Updated

റവിക്ക് വിട്ടുകൊടുക്കാന്‍ പാടില്ലാത്ത ഒരുപിടി സംഭവങ്ങളും വാര്‍ത്തകളും ബാക്കിവെച്ചാണ് 2021 കടന്നുപോകുന്നത്. ലോകത്തെയാകെ സ്തംഭനത്തിലാക്കിയ മഹാമാരിയുടെ രണ്ടാം വയസ്സും പിന്നിട്ട് മുന്നോട്ട് പോകുമ്പോള്‍ ഒരു പിടി വാര്‍ത്താ സംഭവങ്ങളാണ് ബാക്കിയായത്. ലോകമുറ്റുനോക്കിയ പ്രധാനസംഭവങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം.

അമേരിക്കയുടെ തലപ്പത്ത് ഇന്ത്യന്‍ വംശജ

  • അമേരിക്കയുടെ മൊത്തം സാമ്രാജ്യത്ത്വ സ്വഭാവത്തില്‍ മാറ്റമുണ്ടായാലും ഇല്ലെങ്കിലും, വലതുപക്ഷ രാഷ്ട്രീയത്തിന്റെ വിരുദ്ധ ദ്രുവത്തില്‍ വിശ്വസിക്കുന്നവര്‍ ഉറ്റുനോക്കിയ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത് 2020 ല്‍ ആയിരുന്നു. എന്നാല്‍ ഈ വര്‍ഷമാദ്യം ജനുവരി 6,7 തീയതികളില്‍ നടന്ന വോട്ടെണ്ണലിനും ഫലപ്രഖ്യാപനത്തിനും ശേഷമാണ് ഡെമോക്രാറ്റുകളായ ജോ ബൈഡന്‍ പ്രസിഡന്റായും ഇന്ത്യന്‍ വംശജ കൂടിയായ കമലാ ഹാരിസ് വൈസ് പ്രസിഡന്റുമായും ചുമതലയേല്‍ക്കുന്നത്.

നാലു വര്‍ഷത്തില്‍ ഒരിക്കലാണ് അമേരിക്കന്‍ ഐക്യനാടുകള്‍ അവരുടെ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. പൗരന്മാര്‍ ഇലക്ടറല്‍ കോളേജ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. ഇലക്ടറല്‍ കോളേജില്‍ കേവലം ഭൂരിപക്ഷം ലഭിക്കുന്ന പ്രസിഡന്റ് സ്ഥാനാര്‍ഥിയും വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥിയും അമേരിക്കയുടെ പ്രസിഡന്റും വൈസ് പ്രസിഡന്റുമയാി തീരുന്നു. നവംബര്‍ 3ന് ആദ്യ വോട്ടെടുപ്പ് നടന്ന് 2021 ജനുവരി 7ാം തീയതി വോട്ടെണ്ണല്‍ പൂര്‍ത്തായയപ്പോള്‍ ഒബാമ പ്രസിഡന്റായിരുന്ന കാലത്ത് രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് ആയിരുന്ന ജോ ബൈഡന്‍ പ്രസിഡന്റായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. കമലാ ഹാരിസ് വൈസ് പ്രസിഡന്റും. എന്നാല്‍ ബൈഡനെ ഔദ്യോഗികമായി അംഗീകരിക്കാന്‍ ജനപ്രതിനിധി സഭ യു എസ് ക്യാപിറ്റോളില്‍ യോഗം ചേരവെ, തിരഞ്ഞെടുപ്പ് അട്ടിമറിച്ചതാണെന്ന ആരോപണവുമായി ട്രംപ് അനുകൂലികള്‍ പ്രകടനവുമായി ക്യാപിറ്റോളിന് മുന്നിലെത്തി. ഈ പ്രകടനം പിന്നീട് സംഘര്‍ഷമായി മാറി. നൂറ് കണക്കിന് പ്രതിഷേധക്കാര്‍ ക്യാപിറ്റോള്‍ കെട്ടിടത്തിലേക്ക് ഇരച്ചുകയറി. സുരക്ഷാ ജീവനക്കാരുമായി നടന്ന സംഘര്‍ഷത്തില്‍ സ്ത്രീ ഉള്‍പ്പടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധം നിയന്ത്രിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ പൊലീസുകാരനും കൊല്ലപ്പെട്ടു. വലത് രാഷ്ട്രീയത്തില്‍ നിന്നും മോചനം തേടി ബൈഡന് വോട്ട് ചെയ്‌തെങ്കിലും ഈ സംഭവം അമേരിക്കയുടെ ജനാധിപത്യത്തിന് കളങ്കമേല്‍പ്പിച്ചു. ജനുവരി 20ന് പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും സ്ഥാനമേറ്റെടുത്തു.

സമാധാന നോബേല്‍ ആദ്യമായി മാധ്യമപ്രവര്‍ത്തകര്‍ക്ക്

  • വൈദ്യശാസ്ത്രം, ഭൗതികശാസ്ത്ര, രസതന്ത്രം, സാഹിത്യം, സമാധാനം, സാമ്പത്തികം എന്നിങ്ങനെ ആറ് മേഖലകളിലായാണ് ശാസ്ത്രഞ്ജന്‍ ആല്‍ഫ്രഡ് നോബേലിന്റെ പേരിലുള്ള നോബേല്‍ സമ്മാനങ്ങള്‍ നല്‍കുന്നത്. ഒക്ടോബര്‍ നാലിന് ആരംഭിച്ച അവാര്‍ഡ് പ്രഖ്യാപനം 11 ന് അവസാനിച്ചപ്പോള്‍ വിവധ വിഭാഗങ്ങളിലായി 13 ഈ വര്‍ഷം നോബേല്‍ സമ്മാനം സ്വന്തമാക്കി.

മനുഷ്യ ശരീരത്തിലെ ചൂടും സ്പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന റിസപ്ടറുകള്‍ കണ്ടെത്തിയതിന് അമേരിക്കന്‍ ബയോകെമിസ്റ്റുകളായ ഡേവിഡ് ജൂലിയസും ആര്‍ഡം പറ്റപോഷിയനും വൈദ്യശാസ്ത്രനോബേല്‍ പങ്കിട്ടു. വേദന നിവാരണം ചെയ്യാന്‍ പുതുയ കണ്ടെത്താന്‍ സഹായിക്കുന്ന കണ്ടെത്തലാണന്ന് വിശ്വസിക്കപ്പെടുന്നതിനാലാണ് ഇവര്‍ പുരസ്‌കാരത്തിന് അര്‍ഹമായത്.

കാലാവസ്ഥയുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങള്‍ക്ക് ഇത്തവണത്തെ ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം. മൂന്ന് ശാസ്ത്രജ്ഞരാണ് പുരസ്‌കാര ജേതാക്കള്‍. സ്യുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍, ജോര്‍ജോ പരീസി എന്നിവര്‍ പുരസ്‌കാരം പങ്കിട്ടു.

ഈ വര്‍ഷത്തെ രസതന്ത്ര നോബേല്‍ സമ്മാനം രണ്ട് പേര്‍ക്കായിരുന്നു. ബെഞ്ചമിന്‍ ലിസ്റ്റിനും, ഡേവിഡ് ഡബ്ല്യൂ സി മാക്മില്ലനുമാണ് പുരസ്‌കാരം. അസിമെട്രിക്ക് ഓര്‍ഗാനിക് കറ്റാലിസിസ് പ്രക്രിയ വികസിപ്പിച്ചതിനാണ് ഇവര്‍ക്ക് നോബേല്‍.

കൊളോണിയലിസത്തിന്റെ ആഘാതത്തോടും അഭയാര്‍ഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവവും തന്റെ എഴുത്തുകളിലൂടെ പ്രകടിപ്പച്ച ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണക്കായിരുന്നു സാഹിത്യത്തിനുള്ള നോബേല്‍ സമ്മാനിച്ചത്.

പത്രപ്രവര്‍ത്തകര്‍ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് അര്‍ഹരായി എന്ന പ്രത്യേകയുള്ള വര്‍ഷമായിരുന്നു കടന്ന് പോയത്. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായി അതിന് വേണ്ടി അവര്‍ നടത്തിയ നിരന്തരപോരാട്ടങ്ങള്‍ക്കുള്ള ആദരവായി മരിയ റെസ്സക്കും ദിമിത്രി മുരാറ്റോവിനും സമാധാന നോബേല്‍ സമ്മാനിക്കപ്പെട്ടു. ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുട്ടെര്‍ട്ടിന്റെ വിവാദ ലഹരിമരുന്നുവേട്ടയിലെ മനുഷ്യാവകാശലംഘനങ്ങള്‍ അന്വേഷിച്ചുകണ്ടെത്തിയ ‘റാപ്ലര്‍’ എന്ന ന്യൂസ് വെബ്‌സൈറ്റിന്റെ (2012) സഹസ്ഥാപകയാണു റെസ. റഷ്യയിലെ പ്രധാന സ്വതന്ത്ര ദിനപത്രമായ ‘നൊവയ ഗസറ്റ’യുടെ (1993) സ്ഥാപകരിലൊരാളാണു മുരറ്റോവ്.

മിനിമം വേതനം, കുടിയേറ്റം, വിദ്യാഭ്യാസം എന്നീ ഘടകങ്ങള്‍ തൊഴില്‍ വിപണിയില്‍ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചു നടത്തിയ നൂതന പഠനങ്ങള്‍ക്കാണ് അംഗീകാരമായി സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം യുഎസിലെ ഡേവിഡ് കാഡ്, ജോഷ്വ ആങ്‌റിസ്റ്റ്, ഹിതോ ഇംബന്‍സ് എന്നിവര്‍ക്ക് സമ്മാനിച്ചു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം

  • ജനങ്ങള്‍ക്കുവേണ്ടി ജനിച്ച പാര്‍ട്ടി, ജനങ്ങളാള്‍ അഭിവൃദ്ധി നേടിയ പാര്‍ട്ടി, ജനങ്ങളില്‍ വേരൂന്നിയ പാര്‍ട്ടി. ജനാധിപത്യത്തെക്കുറിച്ച് എബ്രഹാം ലിങ്കണിന്റെ വിഖ്യാതമായ നിര്‍വ്വചനത്തെ ഓര്‍മ്മിപ്പിച്ച് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100ാം വാര്‍ഷികത്തിന് മുന്നോടിയായി ചൈനീസ് സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിലെ വാക്കുകളാണിത്. അവകാശവാദങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഏകാധിപത്യമാണ് ചൈനയുടെ രാഷ്ട്രീയ സ്വഭാവം എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികം ആഘോഷിച്ചത്.

1921 ജൂലായില്‍ ഷാങ്ഹായ് പെണ്‍പള്ളിക്കൂടത്തില്‍ ഒത്തുചേര്‍ന്ന 12 പേര്‍ ചാരവൃത്തി സംശയിച്ച് തങ്ങളുടെ യോഗം നന്‍ഹു തടാകത്തിലെ ബോട്ടിലേക്ക് യോഗം മാറ്റി. അന്ന് നടന്ന യോഗത്തിലാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നാണ് കരുതപ്പെടുന്നത്. 1941 മുതല്‍ സി പി സിയുടെ ജന്മദിനം കണക്കാക്കപ്പെടുന്നത് ജൂലൈ ഒന്നിനാണെന്നാണ്. എന്നാല്‍ ഈ യോഗം നടന്നത് 1921 ജൂലൈ 23 നാണ് എന്ന് കണ്ടെത്തിയെങ്കിലും പാര്‍ട്ടി രൂപീകരണദിനമായി ഇന്നും കരുതിപ്പോരുന്നത് ജൂലൈ ഒന്നാണ്. അങ്ങനെ 2021 ജൂലൈ ഒന്നിന് ചൈനയിലെ അധികാരത്തിലുള്ള പാര്‍ട്ടയായ സി പി സി നൂറാം വാര്‍ഷികം ആഘോഷിച്ചു. ആശയപരമായി ഒരേ ചേരിയിലുള്ള സോവിയറ്റ് യൂനിയന്‍ 1991 ല്‍ വിഘടിച്ചുപോയെങ്കിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കലാത്തോടെപരാജയപ്പെടാതെ മൂന്നോട്ട് നീങ്ങി.

നിലവിലെ കമ്മ്യൂണിസ്റ്റ് ചൈനയുടെ തലവനായ ഷി ജിന്‍പിങ് 2012ലാണ് പാര്‍ട്ടിയുടെ തലവനായി ചുമതലയേല്‍ക്കുന്നത്. പാര്‍ട്ടി കൂടുതല്‍ ഏകാധിപത്യപരമായി എന്ന വിമര്‍ശനം വന്നു. ചൈനീസ് പ്രസിഡന്റിന്റെ രണ്ട് വര്‍ഷം എന്ന കാലാവധി 2018 ല്‍ എടുത്തുകളഞ്ഞ ഷി ആജീവനാന്ത ചൈനീസ് പ്രസിഡന്റായി. ഇന്ത്യയിലേക്കും ഭൂട്ടാനിലേക്കും കടന്നുകയറാന്‍ പലവട്ടം ഷിയുടെ നേതൃത്വത്തില്‍ ചൈന ശ്രമിച്ചു. ടിബറ്റിലും ഹോങ്കോങ്ങിലും ചൈന പിടിമുറുക്കി. ലോകമെങ്ങും വിവിധ പദ്ധതികളിലൂടെ വാണിജ്യ ശ്രംഘലയുണ്ടാക്കാന്‍ ചൈനയിപ്പോള്‍ ശ്രമിക്കുന്നു. ചൊവ്വയിലേക്ക് റോവര്‍ അയക്കുകയും ബഹിരാകാശത്ത് സ്വന്തം നിലയം സ്ഥാപിച്ച് കരുത്ത് തെളിയിച്ചു. എന്നാല്‍ ഇതിനെല്ലാമിടയില്‍ രാജ്യത്തെ ന്യൂനപക്ഷമായ ഉയിഗുര്‍ മുസ്ലിംങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ നിരന്തരം തുടരുന്നു. ഇതിന് ഷി തന്നെ നേതൃത്വത്തം നല്‍കുന്നതായും വിവരങ്ങള്‍. ഇതിനെല്ലാമിടയില്‍ 100ാം വാര്‍ഷികം ആഘോഷിച്ചത് പോയവര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു.

സൂചിയേയും ജയിലിലാക്കിയ മ്യാന്മാര്‍

  • മ്യാന്മറിന്റെ ഭരണഘടന ഉടച്ചു വാര്‍ക്കാനുള്ള നീക്കം ഭരണകക്ഷിയായ നാഷനല്‍ ലീഗ് ഫോര്‍ ഡെമോക്രസിക്കും നേതാക്കള്‍ക്കും വിനയായി. ഭരണ അട്ടിമറിയിലൂടെ ഓംഗ് സാന്‍ സൂചിയുള്‍പ്പെടെ പ്രമുഖ എന്‍ എല്‍ ഡി നേതാക്കളെയെല്ലാം വീട്ടുതടങ്കലിലാക്കി രാജ്യത്ത് ഒരു വര്‍ഷത്തേക്ക് സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

നവംബര്‍ എട്ടിന് നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയ എന്‍ എല്‍ ഡി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യാനിരുന്നതിന്റെ തലേന്നായിരുന്നു സൈനിക നടപടി. രാജ്യത്ത് ഔദ്യോഗിക ടി വി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയും പ്രധാന നഗരങ്ങളുടെയെല്ലാം നിയന്ത്രണം സൈന്യം ഏറ്റെടുക്കുകയും ചെയ്തു. വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടന്നു, കൃത്രിമ മാര്‍ഗേണയാണ് എന്‍ എല്‍ ഡി ഭൂരിപക്ഷം നേടിയത്, ജനാധിപത്യത്തെ അവര്‍ നോക്കുകുത്തിയാക്കി തുടങ്ങി കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സൈന്യം ഭരണം ഏറ്റെടുത്തത്. എന്നാല്‍, മ്യന്മാറിലെ പട്ടാള അട്ടിമറിയെക്കുറിച്ച് ആഗോള തലത്തില്‍ വലിയ ചര്‍ച്ചകള്‍ ഉണ്ടാകാത്തത് മുന്‍ സമാധാന നോബേല്‍ ജേതാവ് കൂടിയായ ഓംഗ് സാന്‍ സൂചിയുടെ ജനപ്രീതിയിലുണ്ടായ ഇടിവിനെ സൂചിപ്പിക്കുന്നു എന്നും വിലയിരുത്തലുണ്ടായി.

നൊമ്പരമായ അഫ്ഗാന്‍

  • ഇരുപത് വര്‍ഷം നീണ്ടുനിന്ന അധിനിവേശം മതിയാക്കി അമേരിക്ക അഫ്ഗാനിസ്ഥാന്‍ വിട്ടപ്പോള്‍ അധികാരം താലിബാനിലേക്ക് എത്തി. ഇതിനെത്തുടര്‍ന്നുണ്ടായ പലായനങ്ങളും രാജ്യത്തുനിന്നുള്ള ഉള്ളുലയ്ക്കുന്ന കാഴ്ചകളും പോയ വര്‍ഷത്തെ തീരാ നോവായിരുന്നു. ഇന്ത്യ 75ാം സ്വാതന്ത്യം ആഘോഷിക്കുന്ന വേളയില്‍ താലിബാന്റെ ഭരണത്തിലേക്ക് അതിവേഗം വഴുതി വീഴുകയായിരുന്നു അഫ്ഗാനിസ്ഥാന്‍.

തീവ്രവാദം അവസാനിപ്പിക്കുക എന്ന ലക്ഷ്യം പ്രഖ്യാപിച്ചായിരുന്നു അമേരിക്ക അഫ്ഗാനിസ്ഥാനില്‍ കടന്നുകയറിയത്. 2001 സെപ്റ്റംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് പിന്നാലെയാണ് യു എസിന്റെ അഫ്ഗാന്‍ അധിനിവേശം. എന്നാല്‍ അഫ്ഗാന്‍ വഴി ഏഷ്യയില്‍ കടന്നുകയറുകയാണ് എല്ലാകാലത്തും ലോകപോലീസ് ചമഞ്ഞ അമേരിക്കുടെ ലക്ഷ്യം എന്നും വിലയിരുത്തല്‍ ഉണ്ടായിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം തങ്ങളുടെ പ്രഖ്യാപിതമോ അപ്രഖ്യാപിതമോ ആയ ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന തിരിച്ചറിവിന് പിന്നാലെയാണ് അമേരിക്ക രാജ്യം വിട്ടത്. അഫ്ഗാനിലെ അധിനിവേശത്തിന് തങ്ങളുടെ സൈനികരുടെ ജീവനും വലിയ സാമ്പത്തിക നീക്കിയിരിപ്പും വേണ്ടി വരുന്നു എന്നതും അമേരിക്കയെ രാജ്യം വിടാന്‍ പ്രേരിപ്പിച്ചു. മുന്‍ പ്രസിഡന്റ് ട്രംപിന്റെ പിന്‍മാറ്റ തീരുമാനം ബൈഡന്‍ ഭരണകൂടം നടപ്പാക്കുകയായിരുന്നു. ഇതിന് പിന്നാലെ രാജ്യത്ത് താലിബാന്‍ ഭരണമേറ്റെടുത്തതോടെ വലിയ ആശയക്കുഴപ്പം ലോകരാജ്യങ്ങള്‍ക്കിടയിലെന്നപോലെ അവിടുത്ത പൗരന്മാര്‍ക്കിടയിലും ഉണ്ടായി. തുടര്‍ന്ന് ലോകം കണ്ട എറ്റവും ദൈന്യത നിറഞ്ഞ പലായനങ്ങള്‍ രാജ്യത്തുനിന്നും ഉണ്ടായി. രാജ്യത്തിന്റെ അധികാരത്തിലേക്ക് എത്തുന്നതോടെ താലിബാന്‍ സിവിലിയന്‍ സര്‍ക്കാറിന്റെ മിതത്വത്തിലേക്ക് എത്തുമെന്ന് പലഭാഗങ്ങളില്‍ നിന്നും പ്രത്യാശയുണ്ടായിരുന്നെങ്കിലും ഏറ്റവും ഒടുവില്‍ പോലും വരുന്ന വാര്‍ത്തകല്‍ ഒട്ടും പ്രത്യാശാ പകരുന്നതല്ല. കൊമേഡിയന്‍ നാസര്‍ മുഹമ്മദിനേയും ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ഡാനിഷ് സിദ്ധീഖിയെയും അഫ്ഗാന്‍ പ്രസിഡന്റിന്റെ മാധ്യമ ഉപദേഷ്ടാവ് ദാവാ ഖാനെയുമെല്ലാം കൊന്നുതള്ളയതോടെ അടിസ്ഥാനപരമായി താലിബാന്‍ മാറിയിട്ടില്ല എന്നത് കൂടുതല്‍ വ്യക്തമായി. അധികാരത്തിലെത്തി ആറുമാസത്തോട് അടുക്കുമ്പോഴും യുദ്ധം ചെയ്യുന്നതുപോലെ എളുപ്പമല്ല ഭരണമെന്ന തിരിച്ചറിവിലേക്ക് ഇനിയും താലിബാന്‍ എത്തിയിട്ടില്ലെന്ന സൂചനയാണ് നിലവില്‍ പുറത്ത് വരുന്നത്.

കണ്ണീരൊഴിയാതെ ഗസ്സ

  • സയണിസ്റ്റ് രാഷ്ട്രമായ ഇസ്രാഈല്‍ ഫലസ്തീനില്‍ നടത്തിയ അതിക്രമങ്ങളും പോയവര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു. ഫലസ്തീനിന്റെ തലസ്ഥാനമാകേണ്ടുന്ന കിഴക്കന്‍ ജറുസലേം പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ മസ്ജിദുല്‍ അഖ്‌സയേയും ചുറ്റുമുള്ള പ്രദേശങ്ങളേയും ലക്ഷ്യംവെച്ച് ഇസ്രഈല്‍ നടത്തുന്ന ആക്രമണങ്ങളില്‍ പലപ്പോഴായി നൂറുകണിക്കിന് പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്. അമേരിക്കയുടെ മൗനാനവാദത്തോടെ നടത്തുന്ന ഈ ആക്രമണങ്ങള്‍ നിരന്തരം തുടരുന്ന കാഴ്ച ഈ വര്‍ഷം കണ്ടും.

ഇസ്‌റാഈല്‍ അതിന്റെ രൂപവത്കരണ കാലം മുതല്‍ കിഴക്കന്‍ ജറുസലേമില്‍ അധിനിവേശം തുടരുകയാണ്. യു എന്നടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളും രാഷ്ട്ര കൂട്ടായ്മകളും ഒരിക്കലും ഈ അതിക്രമം അംഗീകരിച്ചിട്ടില്ല. ഇസ്‌റാഈല്‍ രാജ്യം സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്ത പാശ്ചാത്യ ശക്തികളെല്ലാം ജറൂസലം ഫലസ്തീന്റെ ഭാഗമായിരിക്കണമെന്ന് വ്യക്തമാക്കിയതാണ്. എന്നാല്‍ അമേരിക്കന്‍ പിന്തുണയോടെ ഇസ്‌റാഈല്‍ അധിനിവേശം തുടരുകയാണ്. ട്രംപ് മാറി ജോ ബൈഡന്‍ വന്നപ്പോള്‍ അഫ്ഗാനിലും ഇറാനിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമെല്ലാം നയം മാറ്റത്തിന് മുതിര്‍ന്ന അമേരിക്ക കിഴക്കന്‍ ജറൂസലമിന്റെ കാര്യത്തില്‍ പഴയ നിലപാടില്‍ തന്നെ നില്‍ക്കുകയാണ്. കിഴക്കന്‍ ജറൂസലമില്‍ നിന്ന് ഫലസ്തീനികളെ കുടിയിറക്കി ജൂത കുടിയേറ്റം സമ്പൂര്‍ണമാക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണ് അവിടെ അരങ്ങേറുന്ന സംഘര്‍ഷങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. കിഴക്കന്‍ ജറൂസലമില്‍ ഇസ്‌റാഈല്‍ നടത്തുന്ന കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് റബ്ബര്‍ ബുള്ളറ്റും ഗ്രനേഡുകളും പ്രയോഗിക്കുകയായിരുന്നു. മസ്ജിദുല്‍ അഖ്‌സയില്‍ റമസാനിലെ അവസാന വെള്ളിയാഴ്ച ജുമുഅക്കെത്തിയ വിശ്വാസികള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടാണ് ഇസ്‌റാഈല്‍ ഫലസ്തീന്‍ ജനതക്ക് മേലുള്ള ആക്രമണ പരമ്പരക്ക് ഇത്തവണ തുടക്കം കുറിച്ചത്. പിന്നീട് പലതവണയായി ആക്രമങ്ങളുണ്ടായി. ഫലസ്തീന്‍ ജനതയുടെ ചെറുത്ത് നില്‍പ്പ് കൂടിയായിപ്പോള്‍ പ്രദേശം അസ്വാസ്ഥ്യങ്ങളുടെ മുമ്പായി. എന്നാല്‍ വിവിധ ലോകരാജ്യങ്ങളില്‍ നിന്നും എതിര്‍പ്പ് ഉണ്ടതിന് പിന്നാലെ ഇസ്രഈല്‍ നിരുപാധികം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. ശേഷവും പലതവണയായി സയണിസ്റ്റ് ഗ്രൂപ്പുകള്‍ ഫലസ്തീനുമേല്‍ ആക്രമണം നടത്തി. ബെഞ്ചമിന്‍ നതന്യാഹു സര്‍ക്കാര്‍ മാറി തീവ്ര വലതുപക്ഷ നിലപാടുള്ള നെഫ്താലി ബെന്നറ്റ് ഇസ്‌റാഈലില്‍ അധികാരത്തില്‍ എത്തിയതും ഇതേ വര്‍ഷമായിരുന്നു. ബെന്നറ്റിനെ അധികാരത്തിലെത്തിക്കുന്നതില്‍ ഒരു അറബ് ഇസ്ലാമിക് പാര്‍ട്ടി കൂടിയുണ്ട് എന്നതും ശ്രദ്ധേയമായി.

ചിലിയിലെ കമ്മ്യൂണിസത്തിന് ചെറുപ്പം

  • ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഇടത് മുന്നേറ്റം പുതിയൊരു അധ്യായം രചിച്ചുകൊണ്ട് ചിലിയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റനായി 35കാരനായ ഇടത് നേതാവ് ഗബ്രിയേല്‍ ബോറിക്ക് തിരഞ്ഞെടുക്കപ്പെട്ടു. തീവ്രവലതുപക്ഷ സ്ഥാനാര്‍ഥി ജോണ്‍ അന്റോണിയോ കാസ്റ്റിനെതിരെ 55 ശതമാനത്തോളം വോട്ട് നേടിയാണ് ബോറിക്ക് അധികാരത്തില്‍ എത്തിയത്.

ഇടതുപക്ഷ പാര്‍ട്ടിയായ സോഷ്യല്‍ കണ്‍വേര്‍ജെന്‍സ് പാര്‍ട്ടിയുടെ നേതാവാണ് ബോറിക്. ആദ്യമായാണ് പാര്‍ട്ടി ചിലിയില്‍ അധികാരത്തിലെത്തുന്നത്. 2019- 20 കാലത്ത് ചിലിയെ പിടിച്ചുകുലുക്കിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ് ബോറിക്. അസമത്വങ്ങള്‍ക്കും അഴിമതിക്കുമെതിരെയായിരുന്നു പ്രക്ഷോഭങ്ങള്‍. സാമ്പത്തിക അസമത്വങ്ങളടക്കം ഇല്ലാതാക്കാന്‍ പെന്‍ഷന്‍, ആരോഗ്യമേഖല, ജോലി സമയം എന്നിവിടങ്ങളില്‍ പരിഷ്‌കാരം കൊണ്ടുവരുമെന്നായിരുന്നു ബോറികിന്റെ വാഗ്ദാനം. യു.എന്‍ കണക്കുപ്രകാരം രാജ്യത്തിന്റെ 25 ശതമാനം സമ്പത്തും ഒരു ശതമാനം ആളുകള്‍ മാത്രം കയ്യടക്കിവച്ചിരിക്കുന്ന രാജ്യമാണ് ചിലി. 2019 ല്‍ മെട്രോ നിരക്ക് വര്‍ധനയ്‌ക്കെതിരെയാണ് തുടങ്ങിയ പ്രക്ഷോഭമാണ് ഒടുവില്‍ ചിലിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇടതുപക്ഷക്കാരനായ പ്രസിഡന്റിനെ സമ്മാനിച്ചത്. വിജയത്തോടെ ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരിക്കുകയാണ് ഗബ്രിയേല്‍ ബോറിക്ക്. സിഐഎ അട്ടിമറിയിലൂടെ മാര്‍ക്‌സിസ്റ്റ് പ്രസിഡന്റ് സാല്‍വഡോര്‍ അലന്‍ഡെയെ പുറത്താക്കി 48 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ഈ ഇടതുപക്ഷ വിജയം.

ചര്‍ച്ചചെയ്തിട്ടും എവിടെയുമെത്താത്ത കോപ്26

  • കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് ലോകത്തുണ്ടാകുന്ന വിപത്തുകള്‍ വിശകലനം ചെയ്യാനും അടിയന്തര നടപടികള്‍ സ്വീകരിക്കാനും ലക്ഷ്യംവെച്ച് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന കോപ് 26 സമ്മേളനം ഗ്ലാസ്‌ഗോവില്‍ നടന്നു. 120 ഓളം രാജ്യങ്ങളിലെ പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.

ഒന്നരയാഴ്ചയോളം നീണ്ടുനിന്ന ഉച്ചകോടിയില്‍ വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ സംസാരിച്ചു. കാര്‍ബണ്‍ ബഹിര്‍ഗമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍ണായക നിലപാട് സ്വീകരിക്കാതെ ജി 20 ഉച്ചകോടി അവസാനിച്ചതിന് പിന്നാലെയാണ് സ്‌കോട്‌ലാന്‍ഡ് നഗരമായ ഗ്ലാസ്ഗൗവില്‍ കോപ് 26ന് വേദിയായത്. എന്നാല്‍, കോപ് 26 ഉച്ചകോടിയില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പങ്കെടുത്തില്ല. കോപ് 26 സമ്മേളനത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചാണ് ഉര്‍ദുഗാന്റെ പിന്മാറ്റമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പാരീസ് ഉച്ചകോടിയില്‍ തുര്‍ക്കി മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ കോപ് 26ല്‍ അദ്ദേഹം പങ്കെടുക്കാത്തതെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. ഗ്ലാസ്‌ഗോയിലെ കാലാവസ്ഥാ ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റിന്റെ അസാന്നിധ്യം ചര്‍ച്ചയായി. എന്നാല്‍, നേരിട്ടു പങ്കെടുക്കാന്‍ പറ്റാതിരുന്ന പ്രസിഡന്റ് ഷി ചിന്‍പിങ്ങിന് വിഡിയോ ലിങ്ക് വഴി പ്രസംഗിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും യുകെയിലെ സംഘാടകര്‍ അതിനുള്ള സൗകര്യം ഒരുക്കിക്കൊടുത്തില്ലെന്ന വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. 2070 ആകുമ്പോഴേക്കും ഇന്ത്യ കാര്‍ബണ്‍ ബഹിര്‍ഗമനം പൂര്‍ണ്ണമായി ഇല്ലാതാക്കുമെന്ന് നരേന്ദ്രമോദി ഉച്ചകോടിയില്‍ പ്രസ്താവന നടത്തി. വികസിത രാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളെ സഹായിക്കുന്നില്ലെന്നും അതേസമയം, ഇവര്‍ കൊളോണിയല്‍ ചിന്താഗതി ഒഴിവാക്കണമെന്നും പ്രധാനമന്ത്രി ഉച്ചകോടിയില്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്ടില്‍ നിന്നുള്ള വിനിഷ ഉമാശങ്കര്‍ എന്ന 15കാരിക്ക് ഉച്ചകോടിയില്‍ സംസാരിക്കാന്‍ അവസരം കിട്ടി. ഫലത്തില്‍ വിവിധ രാജ്യ തലവന്മാരുടെ പി ആര്‍ സ്റ്റണ്ടുകള്‍ക്കുള്ള വേദിയായി ഗ്ലാസ്‌ഗോ മാറിയെന്നല്ലാതെ പ്രഖ്യാപിത ലക്ഷ്യങ്ങളായ ആഗോള താപനില 1.5 ഡിഗ്രി വര്‍ധനവില്‍ നിലനിര്‍ത്താനും നെറ്റ് കാര്‍ബണ്‍ എമിഷന്‍ പൂജ്യമാക്കാനുമുള്ള ഗൗരവമായ നടപടികള്‍ എടുക്കാനുള്ള ആഹ്വാനമൊന്നും ഉച്ചകോടിയില്‍ ഉണ്ടായില്ല.

മൈതാനത്ത് വീണവരും വാണവരും

  • കൊവിഡ് അടച്ചിടലുകള്‍ക്ക് ശേഷം കളിക്കളങ്ങള്‍ വീണ്ടുമുണര്‍ന്നപ്പോള്‍ അത്ഭുതപ്പെടുത്ത സംഭവങ്ങളാണ് പുല്‍മൈതാനങ്ങള്‍ക്ക് അകത്തും പുറത്തും അരങ്ങേറിയത്.

സാക്ഷാല്‍ മറഡോണയുടെ കുട്ടികള്‍ 28 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടു. 1993 ന് ശേഷം ഒരു രാജ്യന്തര കിരീടമെന്ന സ്വപ്‌നം കോപ്പയില്‍ ചിരവൈരികളായ ബ്രസീലിനെത്തന്നെ തകര്‍ത്ത് അവര്‍ നേടിയെടുത്തു. അന്താരാഷ്ട്ര കരിയറില്‍ ദേശീയ ടീമിന് വേണ്ടി കിരീടമില്ലെന്ന ചീത്തപ്പേര് ഇതോടെ മെസ്സി മായ്ച്ചുകളഞ്ഞു.
വിഖ്യാതമായ വെംബ്ലി സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെ പെനാല്‍റ്റിയില്‍ തോല്‍പ്പിച്ചാണ് രണ്ടാം തവണ ഇറ്റാലിയന്‍ സംഘം യൂറോ കപ്പില്‍ മുത്തമിട്ടു. യൂറോ കപ്പിന് ശേഷം ഇംഗ്ലീഷ് ആരാധകര്‍ ഇറ്റാലിയന്‍ പതാക കത്തിച്ചതും പെനാല്‍റ്റി നഷ്ടമാക്കിയ ഇംഗ്ലീഷ് താരങ്ങള്‍ വംശീയ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നതും ഫുട്‌ബോള്‍ ലോകത്തിന് തന്നെ 2021ല്‍ മാനക്കേടുണ്ടാക്കി.

എല്ലാ കാലത്തേയും ഫുട്‌ബോളിലെ മികച്ച താരം താന്‍ തന്നെയാണെന്ന് അടയാളപ്പെടുത്തി ഏഴാം തവണയും മെസി ബാലന്‍ ഡി ഓര്‍ സ്വന്തമാക്കി. ബാഴ്‌സയെന്നാല്‍ മെസിയെന്നും മെസിയെന്നാല്‍ ബാഴ്‌സയുമെന്ന പഴയ സമവാക്യം തിരുത്തിക്കൊണ്ട് മെസി ന്യൂകാമ്പ് വിട്ടതും ഈ വര്‍ഷമായിരുന്നു. മെസി തന്റെ വീട് വിട്ട് പോകുകയായരുന്നങ്കിലെ തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചുവരികയായിരുന്നു റൊണാള്‍ഡോ. സി ആര്‍ 7 യുവന്റസ് വിടുമെന്ന് ഉറപ്പായതോടെ പി എസ് ജിയും മാഞ്ചസ്റ്റര്‍ സിറ്റിയുമെല്ലാം പിന്നാലെയുണ്ടെന്ന വാര്‍ത്തകള്‍ വന്നെങ്കിലും എല്ലാ പ്രവചനങ്ങളേയും തിരുത്തിക്കൊണ്ട് അദ്ദേഹം യുണൈറ്റഡിലേക്ക് തിരിച്ചെത്തുകയായിരുന്നു.

ആസ്‌ട്രേലിയന്‍ ഓപ്പണിലെ വിജയത്തോടെ സെര്‍ബിയന്‍ താരം നൊവാക് ജ്യോക്കോവിച്ച് കോര്‍ട്ടുകളുടെ രാജാവ് താന്‍ തന്നെയാണെന്ന് അടിവരയിട്ടു.

2020 ല്‍ നടക്കേണ്ടിയിരുന്ന ഒളിമ്പിക്‌സ് കൊവിഡ് പശ്ചാത്തലത്തില്‍ 12 മാസം വൈകി ഈ വര്‍ഷമാണ് ടോക്യോയില്‍ അരങ്ങേറിയത്. ആകെ 113 മെഡലുകള്‍ നേടി അമേരിക്ക് ഒളിമ്പിക്‌സില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.

ഇന്ത്യ സെമി പോലും കാണാതെ പുറത്തായ 2021 ലെ ലോകകപ്പില്‍ ഫൈനലില്‍ ന്യൂസിലാന്‍ഡിനെ എട്ട് വിക്കറ്റിന് പരാജയപ്പെട്ടുത്തി ആസ്‌ട്രേലിയ ലോക ചാമ്പ്യന്മാരായി.

ഫോര്‍മുല വണ്‍ കാറോട്ട ലോക കിരീടം റെഡ് ബുള്ളിന്റെ മാക്‌സ് വെര്‍സ്റ്റപ്പന്‍ സ്വന്തമാക്കി. അബൂദബി ഗ്രാന്‍ഡ് പ്രീയില്‍ ഒന്നാമനായതോടെയാണ് കിരീടം ഉറപ്പിച്ചത്. അവസാന ലാപ്പില്‍ മേഴ്‌സിഡസ് താരം ലൂയിസ് ഹാമില്‍ട്ടനെ മറികടന്ന് വെര്‍സ്റ്റപ്പന്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഡച്ച് താരത്തിന്റെ കന്നിക്കിരീടമാണിത്.

വിടവാങ്ങിയവര്‍

ലോകത്തെ നടുക്കിയ മരണ വാര്‍ത്തകളില്‍ പ്രധാനപ്പെട്ടതൊന്ന് വന്നത് കാബൂളില്‍ നിന്നായിരുന്നു. പുലിറ്റ്‌സര്‍ െ്രെപസ് ജേതാവായ ഡാനിഷ് സിദ്ധീഖിയുടെ മരണം അദ്ദേഹത്തിന്റെ ജന്മനാടായ ഇന്ത്യയേയും കണ്ണീരിലാഴ്ത്തി. അഫ്ഗാനില്‍ സൈന്യവും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ താലിബാന്റെ ആക്രമത്തിലായിരുന്നു സിദ്ധീഖിക്ക് ജീവന്‍ നഷ്ടപ്പെടുന്നത്. ബ്രേക്കിംഗ് ന്യൂസുകളുടെ മാനുഷിക മുഖം തേടിപ്പോയ ഡാനിഷ് ഉള്ളുലയ്ക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തി ശ്രദ്ധേയനായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ മനുഷ്യാവകാശപ്രവര്‍ത്തകനും നോബേല്‍ സമാധാന പുരസ്‌കാര ജേതാവുമയാ ഡസ്മണ്ട് ടുട്ടു വര്‍ഷാവസാനത്തിന്റെ നഷ്ടമായിരുന്നു.

യു.എസിലെ പ്രശസ്ത മുസ്ലിം പണ്ഡിതനും എഴുത്തുകാരനുമായ ഡോ. റോബര്‍ട്ട് ഡിക്‌സണ്‍ െ്രെകന്‍ അന്തരിച്ചതും പോയ വര്‍ഷമായിരുന്നു. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്റെ ഉപദേഷ്ടവായിരുന്നു അദ്ദേഹം. നിയമസംവിധാനം, ലോക സമാധാനം, നയതന്ത്രം തുടങ്ങിയ മേഖലകളില്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

Latest