Connect with us

Kerala

സലഫിസത്തെ വെള്ളപൂശുന്ന പാഠഭാഗം: കാലിക്കറ്റിൽ നടപടി ഇഴയുന്നു

പാഠഭാഗത്തിലെ വഹാബി ആശയങ്ങൾ ചൂണ്ടിക്കാട്ടി ഈ മാസം ഒന്നിന് എസ് എസ് എഫ് അടക്കമുള്ള സുന്നി സംഘടനകളും യൂനിവേഴ്‌സിറ്റിക്ക് നിവേദനം നൽകിയിരുന്നു

Published

|

Last Updated

കോഴിക്കോട് | വിദൂര വിദ്യാഭ്യാസ വിഭാഗം എം എ അറബിക് പാഠപുസ്തകത്തിലെ സലഫി ആശയങ്ങളെ വെള്ളപൂശുന്ന പാഠഭാഗം പിൻവലിക്കാൻ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്ക് മടി. വിവാദത്തിനിട വരുത്തിയ പാഠഭാഗത്തെക്കുറിച്ച് അന്വേഷണം നടത്തി ഉടൻ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ഓഫീസുകൾ യൂനിവേഴ്‌സിറ്റിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതർ ഉരുണ്ടുകളി തുടരുകയാണ്.
പാഠഭാഗത്തിലെ വഹാബി ആശയങ്ങൾ ചൂണ്ടിക്കാട്ടി ഈ മാസം ഒന്നിന് എസ് എസ് എഫ് അടക്കമുള്ള സുന്നി സംഘടനകളും യൂനിവേഴ്‌സിറ്റിക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ, ചില ഇടപെടലുകൾ കാരണം യൂനിവേഴ്‌സിറ്റിയിൽ നടപടി ഇഴയുന്നതായാണ് സൂചന. പുസ്തകത്തിലെ പരാമർശം സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ട് രജിസ്ട്രാർ വിദൂര വിദ്യാഭ്യാസ വകുപ്പിന് നോട്ടീസ് നൽകിയിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി നോട്ടീസ് അറബിക് ബോർഡിലേക്ക് കൈമാറി. എന്നാൽ, നോട്ടീസിൽ വ്യക്തതയില്ലെന്നും സിലബസിലെ പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരിക്കണമെന്നും മറുപടി നൽകി ബോർഡ്, കത്ത് രജിസ്ട്രാർക്ക് തന്നെ മടക്കി അയച്ചിരുന്നു. ഇത് കഴിഞ്ഞ് പത്ത് ദിവസത്തോളമായെങ്കിലും തുടർ കാര്യങ്ങൾ മുന്നോട്ട് പോയിട്ടില്ല.

വിദൂര വിദ്യാഭ്യാസ വിഭാഗം എം എ അറബിക് രണ്ടാം സെമസ്റ്ററിലെ ഹിസ്റ്ററി ഓഫ് കണ്ടമ്പററി അറബ് വേൾഡ് എന്ന പുസ്തകത്തിൽ 203 മുതൽ 206 വരെയുള്ള പേജുകളിലാണ് വിവാദ പരാമർശമുള്ളത്.

സലഫി ആശയങ്ങളുടെ സ്ഥാപകനും തീവ്ര ആശയങ്ങൾ ലോകത്ത് പ്രചരിപ്പിക്കുകയും ചെയ്ത മുഹമ്മദ്ബ്‌നു അബ്ദുൽ വഹാബിനെ മഹത്വവത്കരിക്കുന്നതായിരുന്നു പാഠഭാഗത്തിലെ പരാമർശങ്ങൾ. അദ്ദേഹം ഇസ്‌ലാമിൽ പുതിയ ആശയങ്ങൾ കൊണ്ടുവന്നിട്ടില്ലെന്നും ഇബ്‌നു അബ്ദുൽ വഹാബിന്റെ ആശയങ്ങൾ ഖബർ ആരാധന നടത്തുന്നവർക്ക് ദഹിക്കാത്തതുകൊണ്ട് അവർ ഈ പ്രസ്ഥാനത്തെ വഹാബി പ്രസ്ഥാനം എന്ന് പേരിട്ട് വികലമാക്കുന്നുവെന്നുമാണ് വിദ്യാർഥികളെ പഠിപ്പിച്ചുകൊണ്ടിരുന്നത്.

എന്നാൽ, ലോകതലത്തിൽ ഏറെ എതിർപ്പുകൾ ഉയർന്ന വഹാബി ആശയത്തെക്കുറിച്ചുള്ള പൊതുവാദം തീരെ ഉൾക്കൊള്ളിക്കാത്ത പാഠഭാഗത്തിൽ, അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇബ്‌നു അബ്ദുൽ വഹാബിനെ ന്യായീകരിക്കുക വഴി പുസ്തകത്തിലെ ഉള്ളടക്കം ചരിത്രവിരുദ്ധവും അപകടകരവുമാണെന്നായിരുന്നു സുന്നി സംഘടനകളും മറ്റ് സാംസ്‌കാരിക പ്രവർത്തകരും ചൂണ്ടിക്കാട്ടിയിരുന്നത്.