Connect with us

Articles

മുന്നറിയിപ്പുകള്‍ അത്ര നിസ്സാരമല്ല

സുരക്ഷിതമെന്ന് കരുതിപ്പോന്ന ഇടങ്ങള്‍ പതിവു തെറ്റിച്ചു കൊണ്ടിരിക്കുന്നു. പേമാരിയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കേരളത്തിലെ പതിവ് സംഭവങ്ങളാകുമെന്ന് അഞ്ച് വര്‍ഷം മുമ്പുവരെ ചിന്തിക്കുക പോലും അസാധ്യമായിരുന്നു. സമാനമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഓരോ മണിക്കൂറിലും മനുഷ്യന്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നില്‍ നിസഹായനായി മാറിക്കൊണ്ടിരിക്കുന്നു.

Published

|

Last Updated

കരയും കടലും ആകാശവും പിന്നിട്ട മനുഷ്യരാശിയുടെ കുതിപ്പിനാണ് ഇരുപതാം നൂറ്റാണ്ട് സാക്ഷിയായത്. ആനുപാതികമായ ത്വരിത വേഗത്തില്‍ പുതിയ നൂറ്റാണ്ടിലെ രണ്ട് ദശകങ്ങളും അതിവേഗം പിന്നിട്ടു കഴിഞ്ഞു. അനിയന്ത്രിതമായ ഉപഭോഗ തൃഷ്ണക്കു മേല്‍ അലാറം മുഴക്കി പ്രകൃതി കൈവരിക്കുന്ന ആസുര ഭാവങ്ങള്‍ പഴയതു പോലെ ഇന്ന് അപൂര്‍വമായ വാര്‍ത്തകളല്ല.

സുരക്ഷിതമെന്ന് കരുതിപ്പോന്ന ഇടങ്ങള്‍ പതിവു തെറ്റിച്ചു കൊണ്ടിരിക്കുന്നു. പേമാരിയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കേരളത്തിലെ പതിവ് സംഭവങ്ങളാകുമെന്ന് അഞ്ച് വര്‍ഷം മുമ്പുവരെ ചിന്തിക്കുക പോലും അസാധ്യമായിരുന്നു. സമാനമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഓരോ മണിക്കൂറിലും മനുഷ്യന്‍ പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നില്‍ നിസ്സഹായനായി മാറിക്കൊണ്ടിരിക്കുന്നു. 2015ല്‍ പാരീസില്‍ വെച്ച് ചേര്‍ന്ന പരിസ്ഥിതി ഉച്ചകോടി സമ്മിറ്റ് പ്രകാരം നിര്‍ദിഷ്ട മലിനീകരണ നിയന്ത്രണം സാധ്യമാകാത്ത പക്ഷം, പ്രകൃതിക്ഷോഭങ്ങള്‍ മൂലം 2030 വര്‍ഷത്തോടെ പ്രതിവര്‍ഷം രണ്ടര ലക്ഷം പേര്‍ മരണത്തിലേക്കും പത്ത് കോടി ജനങ്ങള്‍ ദാരിദ്ര്യത്തിലേക്കും പോകുമെന്ന് സൂചിപ്പിക്കപ്പെടുന്നു.

ആഗോള താപനം
പരിസ്ഥിതിയുടെ പാളം തെറ്റി അവതാളത്തിലാകുന്നതിന്റെ മൂലകാരണമായി എണ്ണുന്നത് ആഗോള താപനമാണ്. 1906ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഗോള ഉപരിതല താപനില 1.6 ഡിഗ്രി ഫാരന്‍ ഹീറ്റ് വര്‍ധിച്ചതായി കണക്കാക്കപ്പെടുന്നു. 1981ന് ശേഷം വര്‍ഷം പ്രതി 0.18 ഡിഗ്രി സെല്‍ഷ്യസ് തോതില്‍ ഊഷ്മാവ് വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു. കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടയിലെ ഏറ്റവും ചൂടേറിയ പത്ത് വര്‍ഷങ്ങള്‍ 2005ന് ശേഷമാണ് സംഭവിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്.

ഭൂമിയുടെ ഉപരിതല ഊഷ്മാവ് വര്‍ധിക്കുന്നതിനനുസരിച്ച് അന്റാര്‍ട്ടിക്ക മുതല്‍ ഗ്രീന്‍ലാന്‍ഡ് വരെയുള്ള അതിശൈത്യ പര്‍വത നിരകളിലെ ഹിമപാളികള്‍ ഉരുകി അപ്രത്യക്ഷമാകുന്നു. സമുദ്രത്തിലെ മഞ്ഞുമലകള്‍ ജലമായി മാറുകയാണ്. 1990നു ശേഷം നാല് ട്രില്യന്‍ മെട്രിക് ടണ്‍ ഐസ് പാളികള്‍ അന്റാര്‍ട്ടിക്കയില്‍ മാത്രം ഉരുകിപ്പോയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തന്മൂലം വര്‍ഷംപ്രതി 3.2 മില്ലിമീറ്റര്‍ വീതം സമുദ്രനിരപ്പ് ഉയരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കാട്ടുതീ, വരള്‍ച്ച, ജലദൗര്‍ലഭ്യം, കടലാക്രമണം, സുനാമി, ചുഴലിക്കാറ്റ്, പേമാരി, വെള്ളപ്പൊക്കം തുടങ്ങി പ്രത്യക്ഷമായ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇത് വഴിവെക്കുന്നു. 1980ന് ശേഷം കൊടുങ്കാറ്റിന്റെയും ചുഴലിക്കാറ്റുകളുടെയും എണ്ണം അഞ്ച് മടങ്ങ് വര്‍ധിച്ചതായി കണക്കാക്കപ്പെടുന്നു. 2017നും 2020നുമിടയില്‍ വീശിയടിച്ച ഹാര്‍വി, ഇര്‍മ, മരിയ കൊടുങ്കാറ്റുകള്‍ 300 ബില്യന്‍ ഡോളറിന്റെ നഷ്ടവും 3,300 മരണങ്ങളും വരുത്തി വെച്ചിരുന്നു. ദാരിദ്ര്യവും പട്ടിണിയും പലായനങ്ങളും സാമൂഹിക അരക്ഷിതാവസ്ഥയും അപൂര്‍വമായ ജൈവ വൈവിധ്യങ്ങളുടെ വംശനാശവും പ്രകൃതി ദുരന്തങ്ങളുടെ ബാക്കിപത്രമാണ്.

ഹരിതഗൃഹ വാതകങ്ങള്‍ എന്നറിയപ്പെടുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡ്, മീഥെയ്ന്‍, നൈട്രസ് ഓക്സൈഡ്, ജല ബാഷ്പങ്ങള്‍, മറ്റു മനുഷ്യ നിര്‍മിത കൃത്രിമ വാതകങ്ങള്‍ എന്നിവയുടെ കൂടിയ സാന്നിധ്യമാണ് ആഗോള താപനത്തിനിടയാക്കുന്നത്. നൂറോ അതിലധികമോ വര്‍ഷങ്ങള്‍ അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്ന ഇവ ഭൂമിയുടെ സുരക്ഷാ പാളികള്‍ക്ക് ക്ഷതമേല്‍പ്പിക്കുന്നു. ഹരിതഗൃഹ വാതകങ്ങള്‍ പ്രധാനമായും അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത് ഗതാഗതം, വ്യവസായങ്ങള്‍, വൈദ്യുതോത്പാദനം എന്നിവയുണ്ടാക്കുന്ന മലിനീകരണം വഴിയാണ്. ജൈവ ഇന്ധനങ്ങളുടെ വര്‍ധിതമായ ഉപയോഗമാണ് മലിനീകരണമുണ്ടാക്കുന്നത്. പ്രധാനമായി ഉപയോഗിക്കപ്പെടുന്ന ജൈവ ഇന്ധനങ്ങള്‍ കല്‍ക്കരി, പെട്രോളിയം ഉത്പന്നങ്ങള്‍, പ്രകൃതി വാതകം തുടങ്ങിയവയാണ്. ചൈനയാണ് ലോകത്തെ 26 ശതമാനം ഹരിത ഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്നത്. കഴിഞ്ഞ ഒന്നര നൂറ്റാണ്ടില്‍ ഏറ്റവും കൂടിയ അളവില്‍ മലിനീകരണം നടത്തിയ രാഷ്ട്രമായ അമേരിക്ക നിലവില്‍ ചൈനക്ക് പിറകിലാണ്. ഇന്ത്യയുടെ വിഹിതം പതിമൂന്ന് ശതമാനമാണ്.

2040നുള്ളില്‍ ആഗോള താപനില വര്‍ധനയുടെ തോത് 1.5 ഡിഗ്രി സെല്‍ഷ്യസിനു താഴെ പിടിച്ചു നിര്‍ത്താന്‍ യു എന്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഡൊണാള്‍ഡ് ട്രംപ് നിസ്സഹകരിച്ചുവെങ്കിലും, ജോ ബൈഡന്റെ പുതിയ അമേരിക്കന്‍ ഭരണകൂടം യു എന്നിനോട് പൂര്‍ണമായി സഹകരിക്കുന്നുണ്ട്. കാറ്റില്‍ നിന്നും സൗരോര്‍ജം വഴിയുമുള്ള വൈദ്യുതോത്പാദനവും, വ്യവസായങ്ങള്‍ക്ക് അവ പ്രയോജനപ്പെടുത്തുന്നതും വാഹനങ്ങള്‍ വൈദ്യുതീകരിക്കുന്നതും ആഗോളതാപനത്തിനുള്ള പ്രധാന ബദല്‍ നിര്‍ദേശങ്ങളാണ്. രാസവളങ്ങളുടെ അമിത ഉപയോഗം നൈട്രസ് ഓക്സൈഡിന് വഴിവെക്കുന്നതിനാല്‍ ജൈവ വളവും കമ്പോസ്റ്റും എല്ലുപൊടിയും പകരം പ്രോത്സാഹിപ്പിക്കപ്പെടുന്നു. വ്യവസായ വാണിജ്യ ഫ്രീസറുകളും എ സിയും പുറന്തള്ളന്ന കൃത്രിമ ഫ്ളോറിനേറ്റഡ് വാതകങ്ങള്‍ ഏറ്റവും മാരകമാണ്. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ 23,000 ഇരട്ടി മടങ്ങ് താപനില കൂട്ടുന്നത് അവയാണ്. എനര്‍ജി സ്റ്റാര്‍ ലേബലുകള്‍ കര്‍ശനമായി ഇത്തരം ഉപകരണങ്ങള്‍ക്ക് ഇപ്പോള്‍ നിഷ്‌കര്‍ഷിച്ചു പോരുന്നുണ്ട്.

മനുഷ്യനിര്‍മിത ദുരന്തങ്ങള്‍
വന നശീകരണം, അശാസ്ത്രീയ നിര്‍മാണങ്ങള്‍, ഖനനം, പര്യവേക്ഷണങ്ങള്‍, കൃഷിയുടെയും തണ്ണീര്‍ത്തടങ്ങളുടെയും നശീകരണം, നഗരവത്കരണം തുടങ്ങിയവ മനുഷ്യ കരങ്ങള്‍ വിനാശകാരിയാകുന്നതിന്റെ ഉദാഹരണങ്ങളാണ്. ബ്രസീലിയന്‍ ബഹിരാകാശ ഏജന്‍സിയായ ഐ എന്‍ പി ഇയുടെ കണക്കുകള്‍ പ്രകാരം 2020 ആഗസ്റ്റിനും 2021 ജൂലൈക്കുമിടയില്‍ ലോകത്ത് നിന്ന് അപ്രത്യക്ഷമായ വനത്തിന്റെ വിസ്തൃതി 8,712 ചതുരശ്ര കിലോമീറ്ററാണ്.

ലോകത്തിലെ എട്ട് ജൈവ വൈവിധ്യങ്ങളില്‍ ഒന്നായി യുനെസ്‌കോ അംഗീകരിച്ച പശ്ചിമഘട്ടം കേരളം, കര്‍ണാടക, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലായി പരന്ന് കിടക്കുന്നു. 44 ജില്ലകളിലായി 142 താലൂക്കുകളില്‍ സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ടത്തില്‍ 13 ദേശീയ ഉദ്യാനങ്ങളും, നിരവധി പക്ഷിസങ്കേതങ്ങളുമുണ്ട്. സഹസ്രാബ്ദങ്ങളായി നാടിന്റെ ജീവനാഡിയായി പരിലസിക്കുന്ന ഈ ജൈവ കലവറ കോട്ടങ്ങളില്ലാതെ നിലനില്‍ക്കേണ്ടതുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടും, അതിനെ മയപ്പെടുത്തി കസ്തൂരി രംഗന്‍ ശിപാര്‍ശകളും, വീണ്ടും മൃദുവാക്കി കേരളത്തിന്റെ ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടുമൊക്കെ ഇറങ്ങിയിരുന്നു. വിവാദങ്ങളും ഭിന്നതയും സൃഷ്ടിച്ചുവെന്നല്ലാതെ മറ്റു ഗുണങ്ങളുണ്ടായില്ല. പശ്ചിമഘട്ട പരിധിയില്‍ അനുമതി നല്‍കിയ മുഴുവന്‍ വ്യവസായങ്ങളും നിയമാനുസൃതവും അനുവദനീയമായ പരിധിയിലുമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അധികൃതര്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. വിരലിലെണ്ണാവുന്നവരുടെ സ്വാര്‍ഥ, ലോഭ, മോഹേച്ഛകള്‍ നാടിന് ഒന്നാകെ ഭീഷണിയാകരുത്.