Connect with us

National

ജമ്മു കാശ്മീരിലെ നിയമസഭാ, പാർലമെന്ററി അതിർത്തി നിർണയത്തിന് എതിരായ ഹർജി സുപ്രീം കോടതി തള്ളി

ഇതോടെ ജമ്മു കശ്മീരിൽ പുതിയ അതിർത്തി നിർണയം അനുസരിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയേറി.

Published

|

Last Updated

ന്യൂഡൽഹി | ജമ്മു കശ്മീരിലെ നിയമസഭാ, പാർലമെന്റ് സീറ്റുകളുടെ അതിർത്തി നിർണയത്തിനെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എസ് കെ കൗൾ, എ എസ് ഒക എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി.

2020 മാർച്ച് 6 ന്, ജമ്മു കശ്മീരിന്റെ നിയമനിർമ്മാണ, പാർലമെന്ററി അതിർത്തികൾ വേർതിരിക്കാൻ കേന്ദ്ര സർക്കാർ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. സുപ്രീം കോടതി മുൻ ജഡ്ജി രഞ്ജന പി ദേശായി അധ്യക്ഷയായ കമ്മീഷൻ കഴിഞ്ഞ വർഷം മെയ് അഞ്ചിന് കേന്ദ്ര സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ഇതനുസരിച്ച് ജമ്മു കശ്മീർ നിയമസഭയിലെ മണ്ഡലങ്ങളുടെ എണ്ണം 83ൽ നിന്ന് 90 ആയി ഉയർന്നു. 47 മണ്ഡലങ്ങൾ കശ്മീരിലും 43 മണ്ഡലങ്ങൾ ജമ്മുവിലും ആയിരിക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

പുതുതായി സൃഷ്ടിച്ച 7 നിയമസഭാ മണ്ഡലങ്ങളിൽ ഒന്ന് കശ്മീരിനും 6 എണ്ണം ജമ്മുവിനുമാണ് ലഭിച്ചത്. രണ്ട് പ്രദേശങ്ങളുടെയും സെൻസസ്, ഭൂമിശാസ്ത്രപരമായ സവിശേഷതകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ അതിർത്തികൾ നിർവചിക്കപ്പെട്ടതെന്ന് റിപ്പാർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഈ അതിർത്തി നിർണയത്തിന് എതിരെ സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജിയാണ് തള്ളിയത്. ഇതോടെ ജമ്മു കശ്മീരിൽ പുതിയ അതിർത്തി നിർണയം അനുസരിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയേറി.

 

Latest