Connect with us

Lokavishesham

വിത്തെടുത്ത് കുത്തുന്ന വിഡ്‌ഢിത്തം

ക്രൂഡ് വില താഴോട്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കാരണം യു എസിന്റെ കരുതലൊന്നുമല്ല, ഒമിക്രോൺ വകഭേദമാണ്. അമേരിക്ക രാഷ്ട്രീയ ലക്ഷ്യമില്ലാതെ ഒരു കരുനീക്കവും നടത്താറില്ല. സഊദിയെ യു എസിന്റെ സഖ്യ രാഷ്ട്രമെന്നൊക്കെ വിശേഷിപ്പിക്കാറുണ്ടെങ്കിലും അവർ തമ്മിലുള്ള ബന്ധം ഇപ്പോൾ അത്ര സുഖകരമല്ല. പുതിയ കിരീടാവകാശി സൽമാൻ രാജകുമാരനുമായി ജോ ബൈഡന് നിരവധി അഭിപ്രായവ്യത്യാസങ്ങളുണ്ട്. റഷ്യയോടുള്ള നിഴൽ യുദ്ധത്തിന്റെ ഭാഗമായി കൂടിയാണ് എണ്ണ വിപണിയിൽ ഇടപെടാനുള്ള തീരുമാനം

Published

|

Last Updated

പെട്രോൾ, ഡീസൽ വില കുറയണമെന്ന് ആഗ്രഹിക്കാത്ത ആരെങ്കിലുമുണ്ടോ? ഇന്ധന വില കുറഞ്ഞാൽ മൊത്തം വിലനിലവാരം കുറയുമെന്ന് അറിയാത്തവരുണ്ടാകുമോ? അതിനായി സർക്കാർ കൈകൊള്ളുന്ന നടപടിയെ ആരെങ്കിലും തള്ളിപ്പറയുമോ? ഭരിക്കുന്നത് നരേന്ദ്ര മോദിയായത് കൊണ്ടു മാത്രം എന്തിലും കുറ്റം കാണുന്ന ഏർപ്പാട് ശരിയാണോ? അല്ല, ഇല്ല എന്നത് മാത്രമാണ് ഈ ചോദ്യങ്ങൾക്കുള്ള സാമാന്യ ഉത്തരം. ആ ഉത്തരമാണ് വലിയ സർക്കുലേഷനുള്ള പത്രങ്ങളെല്ലാം കഴിഞ്ഞ ദിവസം വെണ്ടക്കയാക്കിയത്. വില പിടിച്ചു കെട്ടാൻ മോദിയുടെ നടപടി: എണ്ണയുടെ കരുതൽ ശേഖരം പുറത്തെടുക്കും. എന്ന രീതിയിലായിരുന്നു തലക്കെട്ട്. സംഗതി പാളിയെന്ന് തിരിച്ചറിഞ്ഞതോടെ രണ്ടാം ദിനം തലക്കെട്ട് മാറ്റി: എണ്ണക്കരുതൽ ചലനമുണ്ടാക്കിയില്ല.

അതാണ് ശരി. ചലനമുണ്ടാക്കില്ല. വില കുറക്കാനുള്ള നടപടിയുമല്ല അത്. യുദ്ധ വേളകളിലും കടുത്ത ഇന്ധന ക്ഷാമം നേരിടുമ്പോഴും ചരക്കു നീക്കത്തിൽ വലിയ പ്രതിസന്ധിയുണ്ടാകുമ്പോഴും മാത്രം എടുത്തുപയോഗിക്കാനായി എണ്ണ ഉപഭോക്തൃ രാജ്യങ്ങൾ ക്രൂഡ് ഓയിലിന്റെ കരുതൽ ശേഖരം സംഭരിച്ചു വെക്കും. ഈ ശേഖരത്തെ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് (എസ് പി ആർ) എന്ന് സാങ്കേതികമായി പറയും. ഇത് പുറത്തെടുക്കുന്നത് അത്യപൂർവമാണ്. ഓരോ രാജ്യത്തിന്റെ ശേഷിക്കനുസരിച്ച് ഈ കരുതൽ ശേഖരത്തിന്റെ വലിപ്പത്തിൽ വ്യത്യസമുണ്ടാകും. ഇന്ത്യക്ക് ആകെ 2.65 കോടി ബാരൽ ക്രൂഡ് ശേഖരമാണുള്ളത്. ഏറ്റവും വലിയ എസ് പി ആർ ഉള്ളത് ചൈനക്കാണ്. തൊട്ടു പിറകിൽ അമേരിക്കയുണ്ട്. ഇന്ത്യ കരുതൽ ശേഖരത്തിൽ നിന്ന് 50 ലക്ഷം ബാരൽ പുറത്തെടുത്ത് റിഫൈനറികളിലേക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. അതോടെ വിപണിയിൽ കൂടുതൽ എണ്ണയെത്തും; വില കുറയും എന്നാണ് മോദി സർക്കാറിനെ വാഴ്ത്തുന്നവരും അത് അപ്പടി വിഴുങ്ങുന്ന മാധ്യമങ്ങളും പറയുന്നത്. സത്യമെന്താണ്? ഇന്ത്യക്ക് ഒരു ദിവസത്തെ ഉപഭോഗത്തിന് തന്നെ 48 ലക്ഷം ബാരൽ ക്രൂഡ് വേണം. വിത്തിന് വെച്ചത് എടുത്ത് കുത്തുന്ന ഈ ഏർപ്പാട് ഒരു ചലനവുമുണ്ടാക്കാൻ പോകുന്നില്ലെന്നർഥം. ആഭ്യന്തര പ്രതിസന്ധിയായിരിക്കും ഈ വിഡ്ഢിത്തത്തിന്റെ ആത്യന്തിക ഫലം.

ഇത് ഇന്ത്യ കൈക്കൊണ്ട തീരുമാനമല്ല എന്നതാണ് യാഥാർഥ്യം. അമേരിക്കയുടെ കുതന്ത്രമാണ്. സാമന്തര രാജ്യമായി അധഃപതിച്ചു പോയ ഇന്ത്യ ആ തന്ത്രത്തിൽ പങ്കാളിയാകുന്നുവെന്നേയുള്ളൂ. ആഗോള ഇന്ധന വില പിടിച്ചു നിർത്താൻ അടിയന്തരമായി ക്രൂഡ് ഉത്പാദനം കൂട്ടണമെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡൻ എണ്ണ ഉത്പാദക, കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിനോട് ആവശ്യപ്പെട്ടിരുന്നു. ഒപെക് ആ ഉത്തരവ് അനുസരിക്കാൻ കൂട്ടാക്കിയില്ല. ഒപെക് രാജ്യങ്ങളല്ലാതെ എണ്ണ കയറ്റുമതി ചെയ്യുന്ന റഷ്യയടക്കമുള്ള രാജ്യങ്ങളുടെ സംഘമായ ഒപെക് പ്ലസും ബൈഡൻ പറഞ്ഞത് ചെവികൊണ്ടില്ല. യു എസ് പ്രസിഡന്റിന് ഇത് വലിയ കുറച്ചിലായിപ്പോയി. ഒപെകിനും ഒപെക് പ്ലസിനും ഒരു പണി കൊടുക്കാൻ അദ്ദേഹം തീരുമാനിച്ചു. പ്രമുഖ എണ്ണ ഉപഭോഗ രാജ്യങ്ങളെല്ലാം അവരവരുടെ കരുതൽ ശേഖരം വിപണിയിലിറക്കുകയെന്ന ചെപ്പടി വിദ്യ പിറന്നത് അങ്ങനെയാണ്. ചരിത്രത്തിലാദ്യമായാണ് ഇങ്ങനെയൊരു സംയുക്ത നീക്കം. ഇന്ത്യക്കും യു എസിനും പുറമേ ജപ്പാൻ, ചൈന, ദക്ഷിണ കൊറിയ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളാണ് സഊദിയുടെ നേതൃത്വത്തിലുള്ള എണ്ണ ഉത്പാദക രാജ്യങ്ങളെ വെല്ലുവിളിക്കാനിറങ്ങിയിരിക്കുന്നത്. നയിക്കുന്നത് അമേരിക്കയായതിനാൽ കൂടുതൽ രാജ്യങ്ങൾ ഈ ഗണത്തിലേക്ക് വരുമെന്നാണ് വിലയിരുത്തൽ. 50 മില്യൺ ബാരൽ ക്രൂഡ് ആണ് ഇത്തരത്തിൽ അമേരിക്ക പൊതു വിപണിയിൽ എത്തിക്കാൻ പോകുന്നത്. ഇതൊരു വമ്പൻ അളവല്ലേയെന്ന് ചോദിക്കുന്നവരുണ്ട്. ആഗോള ആവശ്യത്തിന് ഒരു ദിവസത്തേക്കുള്ളത് പോലുമില്ല എന്നാണ് ഉത്തരം. സംഗതി ലളിതമാണ്. വിലകുറക്കുകയല്ല ലക്ഷ്യം. ഉത്പാദനം കൂട്ടാൻ ഒപെക് രാജ്യങ്ങൾക്ക് മേൽ സമ്മർദം ശക്തമാക്കുക. അത്രയേ ഉള്ളൂ.

രാഷ്ട്രീയം മാത്രം

അമേരിക്ക രാഷ്ട്രീയ ലക്ഷ്യമില്ലാതെ ഒരു കരുനീക്കവും നടത്താറില്ല. സഊദിയെ യു എസിന്റെ സഖ്യ രാഷ്ട്രമെന്നൊക്കെ വിശേഷിപ്പിക്കാറുണ്ടെങ്കിലും അവർ തമ്മിലുള്ള ബന്ധം ഇപ്പോൾ അത്ര സുഖകരമല്ല. പുതിയ കിരീടാവകാശി സൽമാൻ രാജകുമാരനുമായി ജോ ബൈഡന് നിരവധി അഭിപ്രായവ്യത്യാസങ്ങളുണ്ട്. അമേരിക്ക പറയുന്നത് സഊദി അനുസരിക്കുന്നു എന്നിടത്ത് നിന്ന് കാര്യങ്ങൾ അൽപ്പം മാറിയിട്ടുണ്ട്. ബരാക് ഒബാമക്ക് ശേഷം തുടങ്ങിയ ഈ അകൽച്ച ട്രംപ് പോയി ജോ ബൈഡൻ വന്നിട്ടും പരിഹരിച്ചിട്ടില്ല. ഈ നീരസത്തിന്റെ തുടർച്ചയാണ് കരുതൽ ശേഖരം വിപണിയിലിറക്കാനുള്ള സംയുക്ത തീരുമാനം.

ഇറാൻ, ഇറാഖ്, കുവൈത്ത്, സഊദി അറേബ്യ, വെനിസ്വേല, ഖത്വർ, ഇന്തോനേഷ്യ, ലിബിയ, യു എ ഇ, അൾജീരിയ, നൈജീരിയ, ഇക്വഡോർ, ഗാബോൺ, അംഗോള, കോംഗോ എന്നീ രാജ്യങ്ങളാണ് എണ്ണ ഉത്പാദക, കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലുള്ളത്. അസർബൈജാൻ, ബഹ്‌റൈൻ, ബ്രൂണെ, കസാഖിസ്ഥാൻ, മലേഷ്യ, മെക്‌സികോ, ഒമാൻ, റഷ്യ, ദക്ഷിണ സുഡാൻ, സുഡാൻ എന്നിവയാണ് ഒപെക് പ്ലസിൽ വരുന്നത്.

ഒപെകും ഒപെക് പ്ലസും ചേർന്ന് ലോകത്തെ ഏറ്റവും സുസ്ഥിരമായ വിപണിയുള്ള ക്രൂഡ് ഓയിലിന്റെ വിതരണം നിയന്ത്രിക്കുന്നു. ഇക്കൂട്ടത്തിൽ റഷ്യയുടെ ഇടപെടൽ അമേരിക്കക്ക് സഹിക്കാവുന്ന കാര്യമല്ല. പഴയ ശീതസമരത്തിന് സമാനമായ വടംവലിയിലേക്ക് ഈ രാജ്യങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്. അതുകൊണ്ട് റഷ്യയോടുള്ള നിഴൽ യുദ്ധത്തിന്റെ ഭാഗമായി കൂടിയാണ് എണ്ണ വിപണിയിൽ ഇടപെടാനുള്ള തീരുമാനം. ഈ നീക്കത്തിൽ ചൈനയെ കൂടി അണി നിരത്താൻ സാധിച്ചുവെന്നത് ജോ ബൈഡന്റെ നയതന്ത്ര വിജയമായാണ് ആഘോഷിക്കപ്പെടുന്നത്. എണ്ണ ഉത്പാദക രാജ്യങ്ങളുമായി ഊഷ്മളമായ ബന്ധമുള്ള ചൈനയെ “കരുതൽ എണ്ണ’ ആക്രമണത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ കുഴിയിൽ ചാടിക്കുകയാണ് യു എസ് ചെയ്തിരിക്കുന്നത്.

ഒപെക് എന്ത് ചെയ്യും?

ഒപെക്, ഒപെക് പ്ലസ് രാജ്യങ്ങൾ അടുത്ത മാസം രണ്ടിന് യോഗം ചേർന്ന് പുതിയ സാഹചര്യം വിലയിരുത്താനിരിക്കുകയാണ്. സമ്മർദ തന്ത്രത്തിന് അവർ വഴങ്ങില്ലെന്നാണ് അറിയുന്നത്. ജനുവരി മുതൽ പ്രതിദിന ഉത്പാദനം 4,00,000 ബാരൽ കൂട്ടാൻ നേരത്തേ ഈ രാജ്യങ്ങൾ തീരുമാനിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ ഉലഞ്ഞ ലോകത്തിന് കൈത്താങ്ങാകാൻ വേണ്ടിയായിരുന്നു ഇത്. കരുതൽ ശേഖരം ഇറക്കി കളിക്കാൻ യു എസ് തുനിഞ്ഞ സ്ഥിതിക്ക് ഈ തീരുമാനം പുനഃപരിശോധിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ വില യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങും. ഉപഭോഗം കുറയ്ക്കാനും ബദൽ മാർഗം ആരായാനും യു എസിന്റെ നേതൃത്വത്തിൽ കൂടുതൽ തന്ത്രങ്ങൾ പയറ്റും. ഉത്പാദനം കുറച്ച് നിർത്താൻ ഒപെകും.
സാധാരണഗതിയിൽ വിലയിലെയും ഉത്പാദനത്തിലെയും അസന്തുലിതാവസ്ഥ മറികടക്കാൻ മുന്നിട്ടിറങ്ങുന്നത് സഊദി അറേബ്യ ആയിരുന്നു. സ്വിംഗ് പ്രൊഡ്യൂസർ എന്നാണ് ഈ ദൗത്യത്തെ വിളിക്കുക. അത് നേതൃത്വപരമായ ഒരു സമീപനമാണ്. ഒപെക് രാജ്യങ്ങളുടെ താത്പര്യത്തിനായി സഊദി എടുക്കുന്ന ത്യാഗമെന്ന് വേണമെങ്കിൽ പറയാം. ഈ സമീപനമെടുക്കാൻ സഊദിക്ക് സാധിക്കുന്നത് അതിന് സാമ്പത്തിക ഭദ്രത ഉള്ളത് കൊണ്ടാണ്. വില വല്ലാതെ കുറഞ്ഞാൽ ഉത്പാദനം കുറച്ചും വില ക്രമാതീതമായി കൂടിയാൽ ഉത്പാദനം കൂട്ടിയും സഊദി ആ ദൗത്യം നിർവഹിക്കുന്നു.

2015-16ൽ ക്രൂഡ് വില വല്ലാതെ ഇടിഞ്ഞപ്പോൾ സഊദി ഈ സ്വിംഗ് പ്രൊഡ്യൂസർ റോൾ നിർവഹിച്ചില്ല. അന്നത്തെ വിലക്കുറവ് തികച്ചും കൃത്രിമമായിരുന്നുവെന്ന് സഊദി തിരിച്ചറിഞ്ഞുവെന്നതാണ് കാരണം. ബദൽ ഇന്ധനം കമ്പോളത്തിലേക്ക് കടത്തിവിടുകയാണ് വിലയിടിക്കാൻ അമേരിക്ക ചെയ്തത്. ഷെയ്ൽ വാതക അധിഷ്ഠിത ഇന്ധന ഉത്പാദനം കുത്തനെ കൂട്ടി. പല യൂറോപ്യൻ രാജ്യങ്ങളും ഈ ഇന്ധനം ഇറക്കുമതി ചെയ്ത് തുടങ്ങിയിരിക്കുന്നു. പാറയിടുക്കിൽ പ്രത്യേക രീതിയിൽ അടിഞ്ഞു കൂടിയിട്ടുള്ള വാതകത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഈ ഇന്ധനത്തിന്റെ ഉത്പാദനച്ചെലവ് വളരെയേറെയാണ്. ഹൈഡ്രോളിക് ഫ്രോക്കിംഗ് എന്ന സങ്കേതമാണ് ഇതിന് ഉപയോഗിക്കുന്നത്. കാനഡ, മെക്‌സിക്കോ, ചൈന, അൾജീരിയ, ബ്രിട്ടൻ, പോളണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെല്ലാം ഷെയ്ൽ നിക്ഷേപം ഉണ്ട്. പക്ഷേ, ഉത്പാദനച്ചെലവ് താങ്ങാനാകാത്തതിനാലും ജലദൗർലഭ്യം മൂലവും ഇവരാരും അതിന്റെ പിറകേ വ്യാവസായിക അടിസ്ഥാനത്തിൽ പോകുന്നില്ല. അമേരിക്കക്ക് രാഷ്ട്രീയം തലക്ക് പിടിച്ചതിനാൽ അവർ ഷെയ്ൽ പാറകൾ തുരന്ന് കൊണ്ടിരിക്കുകയാണ്. അവർക്ക് എന്തിലും വലുത് മേൽക്കോയ്മയാണല്ലോ. ഇസിൽ തീവ്രവാദികളിൽ നിന്നും ലിബിയയിലെ മുലീഷ്യകളിൽ നിന്നും തുച്ഛ വിലക്ക് എണ്ണ വാങ്ങി വിപണയിൽ എത്തിക്കുകയെന്ന തന്ത്രവും അന്ന് പയറ്റി. ഇറാൻ ആണവ കരാർ പോലും ക്രൂഡ് പിപണിയിൽ ഇടപെടുന്നതിന്റെ ഭാഗമായിരുന്നു.

ഈ തന്ത്രങ്ങൾ മനസ്സിലാക്കി അന്നെടുത്ത അനങ്ങാതിരിക്കൽ നയം തന്നെയാകും ഒരിക്കൽ കൂടി ഒപെക് പുറത്തെടുക്കുക. ഇവിടെ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ വിത്തെടുത്ത് കുത്തുന്നത് കൊണ്ട് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല. അമേരിക്കയോടൊപ്പം ചേരുന്നതല്ല, ഒപെക് ചേരിയോടൊപ്പം നിൽക്കുന്നതാകും ഇന്ത്യക്ക് കരണീയം. കുറഞ്ഞ വിലക്ക്, രൂപയിൽ എണ്ണ തരാൻ തയ്യാറായി ഇറാൻ നിൽക്കുന്നുണ്ട്. വെനിസ്വേലയും സഹകരിക്കാൻ സന്നദ്ധമാണ്. ഗൾഫ് രാജ്യങ്ങൾക്കും ഇന്ത്യയോട് അനുഭാവമുണ്ട്. എണ്ണ വിലയാണ് പ്രശ്‌നമെങ്കിൽ ഈ സാധ്യതയൊക്കെ ഉപയോഗിക്കാം. പിന്നെ, ആർക്കോ വേണ്ടി രാഷ്ട്രീയം കളിക്കാനാണ് തീരുമാനമെങ്കിൽ കളിച്ച് തോൽക്കാം.

ഒടുക്കം: ക്രൂഡ് വില താഴോട്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കാരണം യു എസിന്റെ കരുതലൊന്നുമല്ല, ഒമിക്രോൺ വകഭേദമാണ്. അതാണ് വിപണി. അതിനെ ഇളക്കുക നമ്മൾ ഗണിച്ചു കൂട്ടുന്ന കാരണങ്ങൾ ആയിരിക്കില്ല.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest