International
അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതിയുമായുള്ള സഹകരണം ഇറാന്‍ അവസാനിപ്പിക്കും
ഇതോടെ രാജ്യത്ത് ഐ എ ഇ എ പരിശോധനകള്‍ക്ക് ഇറാന്‍ സുപ്രീം നാഷണല്‍ കൗണ്‍സിലിന്റെ അനുമതി വേണ്ടി വരും

ടെഹ്‌റാന്‍ | അന്താരാഷ്ട്ര ആണവോര്‍ജ്ജ സമിതി (ഐ എ ഇ എ)യുമായുള്ള സഹകരണം ഇറാന്‍ അവസാനിപ്പിക്കും. തീരുമാനത്തിന് പാര്‍ലമെന്റ് അനുമതി നല്‍കിയതോടെ രാജ്യത്ത് പരിശോധനകള്‍ക്ക് ഇനി ഇറാന്‍ സുപ്രീം നാഷണല്‍ കൗണ്‍സിലിന്റെ അനുമതി വേണ്ടി വരും.
ഇതിനിടെ, അമേരിക്കയും ഇറാനും പരസ്പരം ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്നതായും നേതാക്കളുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നു. അമേരിക്കയുമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമെന്ന് ഇറാന്‍ പ്രസിഡണ്ടും ഇറാനുമായി അടുത്തയാഴ്ച്ച സംസാരിക്കുമെന്ന് ഡോണള്‍ഡ് ട്രംപും ഇന്ന് പറഞ്ഞു.
പരസ്പരമുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്ക് അമേരിക്കയും ഇറാനും ഒരുങ്ങുന്നതായാണ് നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്നുള്ള സൂചനകള്‍. അന്താരാഷ്ട്ര വേദികളില്‍ ഇസ്‌റാഈലിനും അമേരിക്കക്കും എതിരായ ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുകയാണ് ഇറാന്‍.
ഇസ്‌റാഈല്‍ ആക്രമണം ഇറാന്റെ ആണവ പദ്ധതിയെ വര്‍ഷങ്ങള്‍ പുറകോട്ടടിച്ചതായി, ഡോണള്‍ഡ് ട്രംപിനെ പിന്തുണച്ച് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ ആണവ സംവിധാനങ്ങള്‍ക്ക് കാര്യമായ കേടുപാടുകളുണ്ടായില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ട്രംപിനെ പിന്തുണച്ച് നെതന്യാഹു എത്തിയത്. ഫോര്‍ദേയിലെ ആണവ സമ്പുഷ്ടീകരണ സംവിധാനം വരെ തകര്‍ത്തതായാണ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്.
യുദ്ധമവസാനിച്ച ശേഷം രാജ്യത്തോടുള്ള അഭിസംബോധനയില്‍ രാജ്യത്തെ രാഷ്ട്രീയ തടവുകാര്‍ക്ക് കൂടി പ്രസിഡണ്ട് നന്ദി അറിയിച്ചത് ഭരണകൂടത്തിനെതിരായ നീക്കങ്ങളൊഴിവാക്കാന്‍ കൂടുതല്‍ ഐക്യത്തിന് ശ്രമിക്കുമെന്ന സൂചനയായി. ഇറാനും ഇസ്‌റാഈലും വെടി നിര്‍ത്തിയെങ്കിലും പരസ്പരമുള്ള എതിര്‍ നീക്കങ്ങള്‍ സജീവമാണ്. ഇറാന്‍ സെന്‍ട്രല്‍ ബാങ്കിനെ ഇസ്‌റാഈല്‍ തീവ്രവാദ സ്ഥാപനമായി പ്രഖ്യാപിച്ചു. തീവ്രവാദത്തിന് ഫണ്ടിങ് നല്‍കുന്നു എന്ന് കാട്ടിയാണിത്.