Kerala
ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു
ഇന്നലെ കരിപ്പൂരിലെത്തിയ ആദ്യ വിമാനത്തിലെ ഹാജിമര്‍ക്ക് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി

മലപ്പുറം | കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോയ ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചു. കൊച്ചി എംബാര്‍ക്കേഷനിലെ ആദ്യ വിമാനം ഇന്ന് പുലര്‍ച്ചെ 12.30ന് എത്തി.
കണ്ണൂരിലെക്കുള്ള ആദ്യ വിമാനം ജൂണ്‍ 30ന് വൈകീട്ട് 5.05നാണ് എത്തുന്നത്. ഇന്നലെ കരിപ്പൂരിലെത്തിയ ആദ്യ വിമാനത്തിലെ ഹാജിമര്‍ക്ക് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം നല്‍കി. ഇന്ന് രാവിലെ 9.35ന് ഒരു വിമാനവും കരിപ്പൂരിലെത്തും.
ഇന്നലെ വൈകിട്ട് കരിപ്പൂരില്‍ ഇറങ്ങിയ ആദ്യ വിമാനത്തില്‍ 170 തീര്‍ത്ഥാടകരാണ് ഉണ്ടായിരുന്നത്. ഇതില്‍ 76 പുരുഷന്മാരും 94 സ്ത്രീകളുമാണ്. ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോടിന്റെ നേതൃത്വത്തില്‍ ഇവരെ സ്വീകരിച്ചു. അഡ്വ. പി ടി എ റഹീം എം എല്‍ എ സംസം വിതരണം ഉദ്ഘാടനം ചെയ്തു. തീര്‍ഥാടകരുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങള്‍ തയ്യാറാക്കിയിരുന്നു. വിമാനത്താവളത്തില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ലഗേജുകള്‍ സുഖമമായി കൈകാര്യം ചെയ്യുന്നതിനും ഓരോ തീര്‍ഥാടകനും അഞ്ച് ലിറ്റര്‍ വീതം സംസം നല്‍കുന്നതിനുമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
വിശ്രമത്തിന് പ്രത്യേക ഇരിപ്പിടവും കുടിവെള്ളം, റിഫ്രഷ്‌മെന്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്തു. ആദ്യ വിമാനത്തിലെ ഹാജിമാരുടെ സ്വീകരണച്ചടങ്ങില്‍ ചെയര്‍മാന്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അഡ്വ. പി ടി എ റഹീം എം എല്‍ എ, എയര്‍പാര്‍ട്ട് ഡയറക്ടര്‍ മുനീര്‍ മാടമ്പാട്ട്, സി ഐ എസ് എഫ് കമാണ്ടന്റ് ശങ്കര്‍റാവു ബൈറെഡ്ഡി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍-ഓപ്പറേഷന്‍സ് സുനിത വര്‍ഗീസ്, ഹജ് കമ്മിറ്റി മെമ്പര്‍മാരായ ഉമര്‍ ഫൈസി മുക്കം, അഡ്വ. പി മൊയ്തീന്‍കുട്ടി, അസ്‌കര്‍ കോറാഡ്, അസി. സെക്രട്ടറി ജാഫര്‍ കെ കക്കൂത്ത്, നോഡല്‍ ഓഫീസ്സര്‍ പി കെ അസ്സയിന്‍, മുഹമ്മദ് ഷഫീഖ് (ഹജ്ജ്സെല്‍), യൂസുഫ് പടനിലം പങ്കെടുത്തു.