Kerala
കേരള സര്‍വകലാശാല സെനറ്റ് ഹാളിലെ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഭാരതാംബ ചിത്രം; പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍, സംഘര്‍ഷാവസ്ഥ
പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന ഗവര്‍ണറെ തടയാനായി സെനറ്റ് ഹാളിന് പുറത്ത് എസ് എഫ് ഐ, കെ എസ് യു പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചതോടെ സംഘര്‍ഷാവസ്ഥ സംജാതമായിട്ടുണ്ട്.

തിരുവനന്തപുരം | കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെതിരെ പ്രതിഷേധം. അടിയന്തരാവസ്ഥയുടെ അമ്പത് ആണ്ടുകള്‍ എന്ന പേരില്‍ ശ്രീ പദ്മനാഭ സേവാസമിതിയുടെ നേതൃത്വത്തില്‍ സെനറ്റ് ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ചിത്രം സ്ഥാപിച്ചത്. ചിത്രം എടുത്തുമാറ്റണമെന്നും ഇല്ലെങ്കില്‍ പരിപാടി റദ്ദാക്കുമെന്ന് രാജിസ്ട്രാര്‍ നിലപാടെടുത്തു.പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന ഗവര്‍ണറെ തടയാനായി സെനറ്റ് ഹാളിന് പുറത്ത് എസ് എഫ് ഐ, കെ എസ് യു പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചതോടെ സംഘര്‍ഷാവസ്ഥ സംജാതമായിട്ടുണ്ട്.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. ചിത്രം മാറ്റണമെന്ന് പരിപാടിയില്‍ പങ്കെടുക്കുന്ന സര്‍വകലാശാല രജിസ്ട്രാറും പോലീസും ആവശ്യപ്പെട്ടെങ്കിലും സംഘാടകര്‍ തയ്യാറായില്ല. പ്രതിഷേധവുമായി സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങളായ ഷിജുഖാന്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തി.
സ്ഥലത്ത് വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്ന് വന്‍ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്. അതേ സമയം ചിത്രം മാറ്റില്ലെന്ന നിലപാടിലാണ് പരിപാടിയുടെ സംഘാടകര്‍.