editorial
ശുചിത്വത്തിനു പിന്നിൽ ജാതിവിവേചനത്തിന്റെ കറ
റോഡുകളും പൊതുസ്ഥലങ്ങളും കെട്ടിടങ്ങളും മാത്രം വൃത്തിയായാൽ മതിയോ? ആ വൃത്തിക്കു വേണ്ടി അധ്വാനിക്കുന്ന മനുഷ്യരെ കൂടി കാണേണ്ടതില്ലേ? അവരെ അപമാനത്തിൽ നിന്നും അപകടാവസ്ഥയിൽ നിന്നും മോചിപ്പിക്കാനുള്ള മാർഗങ്ങൾ ഭരണകൂടം സ്വീകരിക്കേണ്ടതുണ്ട്.
കേന്ദ്ര സാമൂഹികനീതി- തൊഴിൽ വകുപ്പിനു കീഴിലെ “നമസ്‌തേ സ്‌കീം’ ശേഖരിച്ച രാജ്യത്തെ മാലിന്യ ശുചീകരണ തൊഴിലാളികളുടെ കണക്ക് കഴിഞ്ഞ ദിവസം സർക്കാർ പുറത്തുവിട്ടു. മൊത്തം തൊഴിലാളികളിൽ 84.5 ശതമാനവും പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരാണെന്ന് റിപോർട്ട് വെളിപ്പെടുത്തുന്നു. പൊതുവിഭാഗങ്ങളിൽ നിന്നുള്ളവർ 10.7 ശതമാനം മാത്രം. 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടത്തിയ കണക്കെടുപ്പിൽ ലഭിച്ച വിവരമനുസരിച്ച് മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട് രാജ്യത്ത് 1.52 ലക്ഷം തൊഴിലാളികൾ ജോലി ചെയ്യുന്നതായും കണ്ടെത്തി. ചരിത്രത്തിലാദ്യമായാണ് സർക്കാർ ശുചീകരണ തൊഴിലാളികളുടെ കണക്ക് ശേഖരിച്ചത്.
നാടിനെയാകെ മാലിന്യത്തിൽ നിന്നും ദുർഗന്ധത്തിൽ നിന്നും മോചിപ്പിക്കുന്നവരാണ് ശുചീകരണ തൊഴിലാളികൾ. അടുക്കള മാലിന്യവും ആശുപത്രി മാലിന്യവും മനുഷ്യവിസർജ്യമടക്കം വെറുമൊരു കൈയുറയുടെ സുരക്ഷിത്വത്തിൽ കോരിയെടുത്ത് വൃത്തിയാക്കുന്നവർ. ഔദ്യോഗിക കണക്ക് പ്രകാരം ഇവരുടെ എണ്ണം ഒന്നര ലക്ഷമാണെങ്കിലും അനൗദ്യോഗിക കണക്ക് പ്രകാരം അഞ്ച് ലക്ഷം വരും. ഇത്തരം ജോലികൾ രാജ്യത്ത് താഴ്ന്ന ജാതിക്കാർക്കു മാത്രമായി വേർതിരിച്ചിരിക്കുന്നുവെന്നാണ് “നമസ്‌തേ സ്‌കീം’ കണക്കെടുപ്പിലെ വിവരങ്ങൾ വ്യക്തമാക്കുന്നത.് ഇന്ത്യൻ സാമൂഹിക വ്യവസ്ഥയിൽ ചില ജോലികൾ ജാതിയനുസരിച്ചാണ് നിശ്ചയിക്കപ്പെട്ടത്. മാലിന്യ ശേഖരണവും ശുചീകരണവും അശുദ്ധമായി പ്രഖ്യാപിക്കപ്പെടുകയും അത് ചെയ്യേണ്ടത് അശുദ്ധരായി മുദ്രകുത്തപ്പെട്ട കീഴ്ജാതികളാണെന്നും ജാതിമേലാളന്മാർ തീരുമാനിക്കുകയായിരുന്നു.
വിദ്യാഭ്യാസം, സ്ഥിരമായ തൊഴിൽ തുടങ്ങി അടിസ്ഥാന കാര്യങ്ങൾ ഇല്ലാത്തവരും സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടവരുമായ കീഴ്ജാതിക്കാർക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള മാർഗം ഇത്തരം അപകടകരമായ ജോലികളാണ് പലപ്പോഴും. സ്വയം മറ്റു ജോലികൾ കണ്ടെത്താനുള്ള സാമ്പത്തികശേഷിയും ഇവർക്കില്ല. മനുഷ്യവിസർജ്യം വൃത്തിയാക്കുന്നതിൽ പോലും രാജ്യത്ത് ശക്തമായ ജാതിവ്യവസ്ഥ നിശ്ചയിക്കപ്പെട്ടിരിക്കുന്നുവെന്നത് എത്രമാത്രം പരിഹാസ്യവും അപമാനകരവുമാണ്. നമ്മുടെ ജനാധിപത്യം നേരിടുന്ന വലിയൊരു പരാജയമാണിത്.
ഒട്ടും സുരക്ഷിതമല്ലാത്തതും അപകടകരവുമായ തൊഴിലാണ് മാലിന്യ ശുചീകരണം. സെപ്റ്റിക് ടാങ്കുകളിലും മാൻഹോളുകളിലും രൂപപ്പെടുന്ന ഹൈഡ്രജൻ സൾഫേഡ്, മീഥേൻ, കാർബൺ മോണോക്‌സൈഡ് തുടങ്ങിയ വിഷവാതകങ്ങൾ ശ്വസിച്ച് മിനുട്ടുകൾക്കകം മരണം സംഭവിക്കാം. 2023 ജൂലൈ 25ന് ലോക്‌സഭയിൽ ഒരു ചോദ്യത്തിനു മറുപടിയായി കേന്ദ്ര സാമൂഹികനീതി ശാക്തീകരണ വകുപ്പ് മന്ത്രി വെളിപ്പെടുത്തിയത് അഞ്ച് വർഷത്തിനിടെ അഴുക്കുചാൽ, സെപ്റ്റിക് ടാങ്ക് ശുചീകരണ ജോലിക്കിടെ വിഷവാതകം ശ്വസിച്ച് 339 പേർ മരിച്ചുവെന്നാണ്. മനുഷ്യവിസർജ്യവും ആശുപത്രി രാസ മാലിന്യങ്ങളുമായി ബന്ധപ്പെടുന്നവരിൽ കോളറ, ടൈഫോയിഡ്, എലിപ്പനി തുടങ്ങിയ രോഗങ്ങളും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും കൂടുതലായി കണ്ടുവരുന്നു. സമൂഹത്തിന്റെ അവജ്ഞയും ദുസ്സഹമായ ജോലി സാഹചര്യവും ഈ വിഭാഗം തൊഴിലാളികളെ കടുത്ത മാനസിക സമ്മർദത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. മാത്രമല്ല, മാന്യമായ വേതനവും ഇവർക്ക് ലഭിക്കുന്നില്ല.
ശുചീകരണ തൊഴിലാളികളെ പ്രത്യേകിച്ചും മനുഷ്യവിസർജ്യം കോരുന്ന തോട്ടിപ്പണിക്കാരെ അതിൽ നിന്ന് മോചിപ്പിക്കാൻ പുരനധിവാസ സാമ്പത്തിക പാക്കേജ് നടപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. എന്നാൽ കേവല സാമ്പത്തിക പാക്കേജ് കൊണ്ട് മാത്രം ഇത് നടപ്പാകില്ല. അവർക്ക് സ്ഥിരമായ തൊഴിൽ ലഭ്യമാക്കണം. അസംഘടിത മേഖലയിലെ തൊഴിലവസര ശേഷി വർധിച്ചെങ്കിൽ മാത്രമേ ഇത് സാധ്യമാകുകയുള്ളൂ. രാജ്യത്ത് അസംഘടിത മേഖലയിൽ തൊഴിലവസരം കൂടുന്നില്ല. സർക്കാറിന്റെ പുതിയ തൊഴിൽ നയവും കോർപറേറ്റ് പ്രീണന നയവും കാരണം തൊഴിലവസരങ്ങൾ കുറഞ്ഞു വരികയുമാണ്.
വൃത്തിയെയും ശുചിത്വത്തെയും കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് ഭരണാധികാരികൾ. സ്വച്ഛ്ഭാരത് പോലുള്ള പദ്ധതികളും നിലവിലുണ്ട്.എന്നാൽ റോഡുകളും പൊതുസ്ഥലങ്ങളും കെട്ടിടങ്ങളും മാത്രം വൃത്തിയായാൽ മതിയോ? ആ വൃത്തിക്കു വേണ്ടി അധ്വാനിക്കുന്ന മനുഷ്യരെ കൂടി കാണേണ്ടതില്ലേ? അവരെ അപമാനത്തിൽ നിന്നും അപകടാവസ്ഥയിൽ നിന്നും മോചിപ്പിക്കാനുള്ള മാർഗങ്ങൾ കൂടി സ്വീകരിക്കേണ്ടതുണ്ട്. ഈ യന്ത്രവത്കൃത യുഗത്തിൽ മാലിന്യങ്ങൾ മനുഷ്യൻ നേരിട്ട് കൈകാര്യം ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക അത്ര പ്രയാസമുള്ള കാര്യമല്ല. അപകടകരമായ ജോലികൾ മനുഷ്യരെ ഏൽപ്പിക്കുന്നത് പൂർണമായും ഒഴിവാക്കുകയും വേണം.
അതേസമയം യന്ത്രവത്കരണം തൊഴിൽ നഷ്ടത്തിനിടയാക്കുകയുമരുത്. തൊഴിലാളികൾക്ക് നൈപുണികളും മെച്ചപ്പെട്ട തൊഴിലവസരങ്ങളും ഉറപ്പാക്കണം. ഇത്തരം തൊഴിലിനോടും തൊഴിലാളികളോടുമുള്ള മനോഭാവത്തിലും സമൂലമായ മാറ്റം അനിവാര്യമാണ്. “താഴ്ന്ന ജോലി’ എന്ന ചിന്താഗതിയും സമീപനവും അവസാനിപ്പിച്ച് പൊതുജനാരോഗ്യത്തിന്റെ കാവൽക്കാരെന്ന ബോധം സമൂഹത്തിൽ വളർത്തിയെടുക്കണം. ഒരു സമൂഹത്തിന്റെ പുരോഗതി അളക്കേണ്ടത്, ഏറ്റവും ദുർബലമായ പൗരന്മാരുടെ ജീവിതം എങ്ങനെ എന്നതിനെ അടിസ്ഥാനമാക്കിയാണ്. അവർ പരിഗണിക്കപ്പെടുകയും സുരക്ഷിതത്വം നൽകപ്പെടുകയും ചെയ്യുന്നില്ലെങ്കിൽ ആ സമൂഹവും രാജ്യവും പുരോഗതിയിലല്ല.




