Connect with us

articles

സി എം എന്ന ആത്മീയ തണല്‍

സി എം വലിയുല്ലാഹിയുടെ ചെറുപ്പ കാലം മുതല്‍ തന്നെ ചില അസാധാരണത്വം പലര്‍ക്കും കാണാന്‍ കഴിഞ്ഞിരുന്നു

Published

|

Last Updated

വിലായത്തിന്റെ വിവിധ മാര്‍ഗങ്ങളിലൂടെ അല്ലാഹുവിനെ അടുത്തറിഞ്ഞ് ജീവിച്ച് ഉന്നത സ്ഥാനം കരസ്ഥമാക്കിയ വ്യക്തിത്വമായിരുന്നു ഖുത്ബുല്‍ ആലം വലിയുല്ലാഹി മടവൂര്‍ സി എം മുഹമ്മദ് അബൂബക്കര്‍ മുസ്‌ലിയാര്‍. ഹിജ്റ 1340 റബീഉല്‍ അവ്വല്‍ 12ന് മടവൂര്‍ കുഞ്ഞിമാഹിന്‍ കോയ മുസ്‌ലിയാരുടെ മകനായി കളപ്പിലാവില്‍ വീട്ടിലാണ് മഹാനുഭാവന്റെ ജനനം. അറിയപ്പെട്ട പണ്ഡിതനും മടവൂരിലെ ഖാസിയും ഖത്വീബും മടവൂര്‍ എല്‍ പി സ്‌കൂളിന്റെ മാനേജറുമായിരുന്നു കുഞ്ഞിമാഹിന്‍ കോയ മുസ്‌ലിയാര്‍. സി എം വലിയുല്ലാഹിയുടെ ചെറുപ്പ കാലം മുതല്‍ തന്നെ ചില അസാധാരണത്വം പലര്‍ക്കും കാണാന്‍ കഴിഞ്ഞിരുന്നു. അനാവശ്യ കൂട്ടുകെട്ടുകളില്‍ നിന്നും തമാശകളില്‍ നിന്നുമൊക്കെ മാറി നിന്നായിരുന്നു ജീവിതാരംഭം.

പ്രാഥമിക പഠനം സ്വപിതാവില്‍ നിന്ന് നേടി. തുടര്‍ന്ന് മടവൂര്‍, കൊടുവള്ളി, മങ്ങാട്, കൊയിലാണ്ടി, തളിപ്പറമ്പ് ഖുവ്വത്തുല്‍ ഇസ്‌ലാം എന്നിവിടങ്ങളില്‍ മതപഠനം നടത്തി. ശേഷം വെല്ലൂര്‍ ബാഖിയാത്തിലേക്ക് ഉപരിപഠനത്തിന് പോയി. മോങ്ങം അവറാന്‍ മുസ്‌ലിയാര്‍, മലയമ്മ അബൂബക്കര്‍ മുസ്‌ലിയാര്‍, കുറ്റിക്കാട്ടൂര്‍ ഇമ്പിച്ചാലി മുസ്‌ലിയാര്‍, ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരായിരുന്നു ഗുരുവര്യര്‍. വെല്ലൂരില്‍ നിന്ന് ബാഖവി ബിരുദം നേടിയ ശേഷം മടവൂരില്‍ ദര്‍സ് ആരംഭിച്ചു. നൂറോളം വിദ്യാര്‍ഥികള്‍ മഹാനവര്‍കളുടെ ദര്‍സില്‍ ഉണ്ടായിരുന്നു.

ഇതിനിടയിലാണ് ഹജ്ജിന് പോകുന്നത്. മദീനയില്‍ റസൂല്‍ (സ) തങ്ങളുടെ സിയാറത്തിനിടയില്‍ അത്ഭുതകരമായ പല സംഭവങ്ങളും അനുഭവപ്പെട്ടു. ശേഷം സിയാറത്ത്, ഹജ്ജ്-ഉംറ കാര്യങ്ങള്‍ പൂര്‍ത്തിയാക്കുകയും നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീടുള്ള ജീവിത ശൈലിയില്‍ വലിയ മാറ്റങ്ങളായിരുന്നു മഹാനുഭാവനില്‍ കാണാന്‍ കഴിഞ്ഞത്. മുതഅല്ലിമീങ്ങളോട് മറ്റുള്ള സ്ഥലങ്ങളില്‍ പോയി പഠിക്കാന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് വിവിധ രിയാളയില്‍ ശരീരത്തെ പാകപ്പെടുത്തി അല്ലാഹുവിലേക്കടുക്കാന്‍ കൂടുതല്‍ സമയവും ഏകാഗ്രതയില്‍ കഴിഞ്ഞ് കൂടി. പകല്‍ സമയം നോമ്പിലും രാത്രി സുന്നത്ത് നിസ്‌കാരത്തിലും. രിയാളക്ക് ശേഷം അവസ്ഥകള്‍ മാറി വന്നു. മഹത്തുക്കളുടെ ഖബര്‍ സിയാറത്ത് ചെയ്ത് പലയിടത്തേക്കും ഒട്ടേറെ യാത്രകള്‍. നിരവധി സ്ഥലങ്ങളില്‍ സുജൂദുകള്‍.

സുന്നത്ത് ജമാഅത്തിന്റെ വിഷയത്തില്‍ ആരെയും പേടിക്കാതെ സത്യം അവിടുന്ന് തുറന്നു പറഞ്ഞിരുന്നു. ബിദഈ കക്ഷികളോട് ശക്തമായ വിയോജിപ്പായിരുന്നു. മടവൂരില്‍ ഖാസിയായ കാലഘട്ടത്തില്‍ ഒരു ബിദഈ കക്ഷിക്ക് നിക്കാഹ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ അതിന് തയ്യാറായില്ല. സുന്നത്ത് ജമാഅത്തിന്റെ ആളുകള്‍ മഹാനോടൊപ്പം നിന്നു. എന്നാല്‍ ഭൗതികരായ ചിലര്‍ മഹാനവര്‍കള്‍ക്ക് എതിരെയും നിന്നു. ഒടുവില്‍ ബിദഈ കക്ഷികള്‍ക്ക് നിന്ദ്യതയോടെ തിരിച്ചു പോകേണ്ടി വന്നു.

സുന്നത്ത് ജമാഅത്ത് വളര്‍ത്തുന്നതില്‍ പണ്ഡിത നേതൃത്വത്തിന് സി എം വലിയുല്ലാഹിയില്‍ നിന്ന് ഒട്ടേറെ അനുഭവങ്ങളുണ്ട്. രാഷ്ട്രീയ നേതൃത്വം സുന്നി സംഘടനകള്‍ക്കെതിരെ ശത്രുതക്ക് മൂര്‍ച്ച കൂട്ടിയ കാലഘട്ടം. എസ് വൈ എസിന്റെ മുപ്പതാം വാര്‍ഷിക സമ്മേളനം എറണാകുളത്ത് നടക്കുന്നു. സമ്മേളനം നടത്തരുതെന്ന് രാഷ്ട്രീയ നേതാക്കള്‍ ആഹ്വാനം ചെയ്തു. സമ്മേളനവുമായി മുന്നോട്ട് പോകുമെന്ന് സുന്നി പണ്ഡിതരും. വളരെയേറെ പ്രതിസന്ധികളും പ്രശ്നങ്ങളും നിറഞ്ഞിരുന്ന സുന്നി പണ്ഡിത നേതാക്കള്‍ സി എം വലിയുല്ലാഹിയെ സമീപിച്ചു. “നിങ്ങള്‍ എറണാകുളത്തേക്ക് പോകുക. സമ്മേളനം വിജയിച്ചിരിക്കുന്നു’ എന്ന സന്തോഷകരമായ വാക്കായിരുന്നു മഹാനവര്‍കളില്‍ നിന്ന് അവര്‍ക്ക് ലഭിച്ചത്.

പതിനായിരങ്ങള്‍ക്ക് ആശാ കേന്ദ്രവും അഭയവും ആത്മീയ തണലുമായ മഹാനവര്‍കള്‍ തന്റെ അറുപത്തിമൂന്നാം വയസ്സില്‍ ശവ്വാല്‍ നാലിന് വെള്ളിയാഴ്ച ളുഹാ സമയത്ത് വഫാത്തായി. മയ്യിത്ത് പരിപാലന കര്‍മങ്ങള്‍ക്കും മറ്റും നേതൃത്വം നല്‍കിയത് സയ്യിദ് അബ്ദുല്‍ ഖാദര്‍ അഹ്ദല്‍ അവേലത്ത് തങ്ങളും വൈലത്തൂര്‍ യൂസുഫുല്‍ ബുഖാരി തങ്ങളും കാന്തപുരം എ പി ഉസ്താദുമായിരുന്നു.

തലേ ദിവസം വിദേശത്തേക്ക് യാത്ര ചെയ്യാനൊരുങ്ങിയ എ പി ഉസ്താദിനോട് “നിങ്ങള്‍ക്ക് നാളെ പോകാം’ എന്നായിരുന്നു സി എം വലിയുല്ലാഹിയുടെ മറുപടി. പിറ്റേ ദിവസം തന്റെ വഫാത്തിന് ശേഷമുള്ള കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് കാന്തപുരം ഉസ്താദാണ് എന്നതായിരുന്നു ഈ വാക്കിന്റെ പൊരുള്‍. ഇന്ന് പതിനായിരങ്ങളുടെ ആശ്രയവും വൈജ്ഞാനിക കേന്ദ്രവുമായി മടവൂര്‍ മാറിക്കൊണ്ടിരിക്കുകയാണ്.

ജീവിത കാലത്തും വഫാത്തിനു ശേഷവും ഒട്ടേറെ കറാമത്തുകള്‍ മഹാനുഭാവനില്‍ നിന്നുണ്ടായതിന് പലരും അനുഭവസ്ഥരാണ്. ലോകത്തിന്റെ വിവിധ ദിക്കുകളില്‍ സി എം വലിയുല്ലാഹിയുടെ നാമധേയത്തില്‍ ഒട്ടേറെ ദീനീ സ്ഥാപനങ്ങളും സംരംഭങ്ങളും ഇന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. മഹാനവര്‍കളുടെ നിര്‍ദേശപ്രകാരം ആരംഭം കുറിച്ച മടവൂര്‍ സി എം സെന്റര്‍ വൈവിധ്യ സംരംഭങ്ങളിലായി അവിടുത്തെ ആത്മീയ തണലില്‍ മുപ്പത്തിയഞ്ചാം വര്‍ഷത്തിലേക്ക് പാദമൂന്നുകയാണ്.