Connect with us

book review

അവകാശ പോരാട്ടങ്ങളുടെ ഉറച്ച ശബ്ദങ്ങൾ

ഇന്ത്യയിൽ വർധിച്ചു കൊണ്ടിരിക്കുന്ന ഇസ്്ലാമോഫോബിയയുടെ മറ്റൊരു ഉത്പന്നം കൂടിയാണ് ഹിജാബ് നിരോധനം.മതനിരാസത്തെ മതേതരത്വമായി ധരിച്ചിരിക്കുന്നവർ ഇന്ത്യൻ മതേതരത്വത്തെ ഒരു തരിമ്പ് പോലും മനസ്സിലാക്കാത്തവരാണ്. പൊതുയിടങ്ങളിലെല്ലാം എല്ലാ മതവിശ്വാസങ്ങളെയും തുല്യമായി ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിക്കുന്നതാണ് ഇന്ത്യൻ മതേതരത്വം.

Published

|

Last Updated

2022 മാർച്ച്‌ പതിനഞ്ചാം തീയതി കർണാടകയിൽ നിന്നുവന്ന ഹിജാബ് കേസിലെ അന്തിമ വിധിയെ അടിസ്ഥാനമാക്കിയാണ് “ഹിജാബ്: മതവും രാഷ്ട്രീയവും’ എന്ന പുസ്‌തകം പിറക്കുന്നത്. ഹിജാബിനെക്കുറിച്ചുള്ള ഒരു സംഘം എഴുത്തുകാരുടെ ലേഖനസമാഹരണമാണ് പുസ്തകത്തിൽ പരിചയപ്പെടുത്തുന്നത്. ഡോ. ഫാദില എഡിറ്ററായുള്ള പ്രസ്തുത പുസ്തകം ശ്രദ്ധേയമാണ്. ഹിജാബിന് ആധുനിക കാലത്തുള്ള പ്രസക്തിയും അനിവാര്യതയും, ഹിജാബ് നിരോധനത്തിന് പിന്നിലെ വ്യക്തമായ രാഷ്ട്രീയവും, ഇസ്‌ലാമോഫോബിയയും ഈ പുസ്തകം ചർച്ചചെയ്യുന്നു. ഹിജാബ് അകവും പുറവും തികഞ്ഞ ബോധ്യത്തോടെ വിലയിരുത്തപ്പെടുന്നുണ്ട്. ഹിജാബ് സ്ത്രീകളുടെ മേലുള്ള അടിച്ചമർത്തലാണ് എന്ന പാശ്ചാത്യ സമൂഹത്തിന്റെ തെറ്റായ വ്യാഖ്യാനത്തിനെതിരെ ഒരു കൂട്ടം മുസ്‌ലിം സ്ത്രീകളുടെ പ്രതികരണമടങ്ങുന്ന സമ്പന്നമായ ഒരു പുസ്തകം.

കർണാടകയിലെ ഹിജാബ് വിധിയിൽ, ഹിജാബ് ഇസ്‌ലാമിന്റെ സംസ്കാരം മാത്രമാണെന്നും, അല്ലാതെ വിശ്വാസത്തിന്റെ ഭാഗമല്ലെന്നാണ് വിശദീകരിക്കുന്നത്. സാംസ്‌കാരിക ഭാഗം മാത്രമായതിനാൽ ആർട്ടിക്കിൾ 25ന്റെ സംരക്ഷണം ലഭിക്കില്ല. എന്നാൽ ഹിജാബ് എന്നത് എന്താണ് എന്നതിൽ കോടതിക്ക് ആശയക്കുഴപ്പം ഉണ്ട്. ഇസ്‌ലാമികമായ നാല് പ്രമാണവും സ്ത്രീയുടെ മുഖവും മുൻകൈയും ഒഴിച്ചുള്ള ഭാഗം മറയ്ക്കണം എന്ന് ഒരുപോലെ അംഗീകരിക്കുന്നുണ്ട്. അത് അനുസരിക്കൽ നിർബന്ധമാണ്. അതിനാൽ ഇത് ഇസ്‌ലാമിക വിശ്വാസത്തിന്റെ അവിഭാജ്യഘടകമാണ്. ആർട്ടിക്കിൾ 25ന്റെ പരിധിയിൽ ഉൾപ്പെടും. പക്ഷേ, കോടതി ഇസ്‌ലാമിക കാര്യങ്ങളിൽ വിധി പറയാൻ തൊഴിലെഴുത്തുകാരിയെയോ ഇസ്‌ലാം വിമർശകരെയോ അല്ല സമീപിക്കേണ്ടത്. അതിൽ അവഗാഹമുള്ള മുസ്‌ലിം പണ്ഡിതരെയോ ഗ്രന്ഥങ്ങളെയോ ആണ്. ഇനി കേസിന്റെ തെളിവിനായി ഉദ്ധരിച്ച ഖുർആൻ സൂക്തങ്ങളിൽ അക്കാര്യത്തെ കുറിച്ച് പരാമർശിക്കുന്നുമില്ല. അതിനാൽ ഇസ്‌ലാമിക മത വിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ല എന്ന കോടതിയുടെ നിരീക്ഷണം തെറ്റാണ് എന്ന് അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് പങ്കുവെക്കുന്നു.

ബാബരി മസ്ജിദിന് ശേഷം ബി ജെ പി ഭരണകൂടങ്ങൾക്ക് വർഗീയത പറയാനുള്ള മറ്റൊരു തുറുപ്പ് ചീട്ടാണ് ഹിജാബ്…! അതിലൂടെ ജനങ്ങളെ സാമുദായികമായി പിളർത്തണം. ഇത്തരമൊരു അജൻഡയാണ് ഹിജാബ് നിരോധനത്തിന് പിന്നിലെ രാഷ്ട്രീയം. കൂടാതെ വിദ്യാഭ്യാസ മേഖലയിൽ നിന്ന് പുറന്തള്ളപ്പെടുന്ന വിദ്യാർഥികൾ പിന്നീട് വിദ്യാഭ്യാസമില്ലാത്ത അവകാശങ്ങളെ കുറിച്ച് അവബോധമില്ലാത്ത വെറും അടിമ ജീവിതം നയിക്കുന്ന മുസ്‌ലിംകളെയാണ് സംഘ്പരിവാർ ആഗ്രഹിക്കുന്നതെന്ന് മുഹമ്മദലി കിനാലൂർ ആശങ്ക പ്രകടിപ്പിക്കുന്നു.

കലാലയങ്ങളിൽ മതചിഹ്നങ്ങൾ പേറുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് എന്തിനാണ് എന്ന പൊതുധ്വനികൾക്ക് എങ്ങനെയാണ് ഇസ്‌ലാമിക വേഷം മാത്രം മതവസ്ത്രമായി മാറുന്നത് ? എന്തുകൊണ്ട് സിക്കുകാരുടെ താലപ്പാവും ഹിന്ദുക്കളുടെ സിന്ദൂരവും സ്വഭാവികമായി മാറുന്നൂ…ലതാ മങ്കേഷ്കറുടെ ഭൗതിക ശരീരത്തിന് മുന്നിൽ ഷാരൂഖ് ഖാൻ നടത്തിയ പ്രാർഥന സ്വാഭാവികമായി മനസ്സിലാക്കാൻ കഴിയാത്തത് പോലെത്തന്നെയാണിതെന്നും ബിനോജ് സുകുമാരൻ പറയുന്നു. എന്നാൽ മതനിരാസത്തെ മതേതരത്വമായി ധരിച്ചിരിക്കുന്നവർ ഇന്ത്യൻ മതേതരത്വത്തെ ഒരു തരിമ്പ് പോലും മനസ്സിലാക്കാത്തവരാണ്. പൊതുയിടങ്ങളിലെല്ലാം എല്ലാ മതവിശ്വാസങ്ങളെയും തുല്യമായി ബഹുമാനിക്കാനും ആദരിക്കാനും പഠിപ്പിക്കുന്നതാണ് ഇന്ത്യൻ മതേതരത്വം.

ഹിജാബ് നിരോധനം, ഇന്ത്യയിൽ വർധിച്ചു കൊണ്ടിരിക്കുന്ന ഇസ്്ലാമോഫോബിയയുടെ മറ്റൊരു ഉത്പന്നം കൂടിയാണ്. പലപ്പോഴും ഇസ്്ലാമോഫോബിയക്ക് മറയായിട്ടാണ് ഫെമിനിസം പ്രവർത്തിക്കുന്നത്. അവർ പേടിക്കുന്ന ഒരു കൂട്ടർ അത് മുസ്്ലിം സ്ത്രീകളാണ്. ഹിജാബ് ധരിക്കുന്നതിലൂടെ തനിക്ക് നേരിടേണ്ടി വന്ന വിവേചനങ്ങളും അക്കാരണം കൊണ്ടുമാത്രം ദൃശ്യ മാധ്യമ രംഗത്ത് നിന്ന് മാറ്റിനിർത്തപ്പെട്ട യാസ്മിൻ ഖാന്റെ അനുഭവങ്ങൾ മാധ്യമങ്ങളുടെ കപട മതേതരത്വ മുഖം മൂടി തുറന്നു കാട്ടുന്നു. മഫ്ത കണ്ടിട്ടുണ്ടെന്നല്ലാതെ അത് ധരിച്ചുനോക്കാത്ത അതെ ക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കുന്ന അഞ്ച് വയസ്സുകാരിയോടാണ് പർദയുടെ ചൂടും ചൂരുമറിയാത്ത പർദാ വിമർശകരെ എഴുത്തുകാരി ഹർഷ ഫർഹാന ഉപമിക്കുന്നത്. പർദയിലേക്ക് നോക്കുന്നവർക്ക് മാത്രമാണ് ഇരുട്ട്. മറിച്ച് ധരിക്കുന്നവർക്കെന്നും അത് വെളിച്ചമാണ്.

ഹിജാബ് എന്നത് വിശ്വാസത്തിന്റെ ഭാഗം എന്നതിനപ്പുറം അതൊരു സുരക്ഷ കൂടിയാണ്. ഒരിക്കലും പർദയും ഹിജാബും ഒരു സ്ത്രീയുടെ സ്വപ്നങ്ങൾക്ക് തടസ്സമല്ല. ആത്മവിശ്വാസത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയുമാണ് കഴിവുകളും സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടുക. എന്നാൽ പർദച്ചൂടിൽ നിന്ന് മാപ്പിള പെണ്ണുങ്ങളെ മോചിപ്പിക്കാൻ രക്ഷകർ ചമയുന്നവർ യഥാർഥത്തിൽ അവരുടെ അവകാശങ്ങളെ നേടിക്കൊടുക്കാനല്ല, മറിച്ച് അവരുടെ വസ്ത്ര സ്വാതന്ത്ര്യത്തിൽ കൈകടത്തുകയാണ് ചെയ്യുന്നതെന്ന് ചെറിയ ബുദ്ധിയിൽ ആലോചിക്കാവുന്നതേയുള്ളൂ. പുസ്തകത്തിന്റെ അവസാന ഭാഗത്ത് എഡിറ്റർ ഡോ. ഫാദില ചൂണ്ടിക്കാണിക്കുന്നത്, ഇന്ത്യൻ മുസ്‌ലിം ജനതയുടെ സാമൂഹിക ജീവിതത്തിൽ സംഘ്പരിവാർ വെച്ചുപുലർത്തുന്ന ഒളിയജൻഡകളിലേക്കാണ്. സ്ത്രീയും അവളുടെ വസ്ത്രവും കേവലം തുറുപ്പുകൾ മാത്രമാണെന്ന് ബോധ്യമാവുകയാണ്. ഇസ്‌ലാം വിഭാവനം ചെയ്യുന്ന സ്ത്രീ മാന്യയും കുലീനയുമാണ്. എക്കാലത്തും, സ്ത്രീയെന്നത് ശല്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു അനുഭവസ്ഥർ മാത്രമാണ്. ആക്രമിക്കപ്പെടുന്നതും ഇരകളാകുന്നതും സ്ത്രീകൾ തന്നെ. മാന്യതയുടെ മൂടുപടങ്ങൾക്ക് മുന്നിൽ ലൈംഗിക ദാഹം പൂണ്ട ചെന്നായ്ക്കൾ ഓടിയടുക്കേണ്ടതില്ല. പകരം അവളുടെ വസ്ത്രത്തിൽ നിന്ന് തന്നെ തിരിച്ചറിയേണ്ടതാണ്. പ്രസാധകർ: ഐ പി ബി ബുക്സ്. വില 120 രൂപ.