Connect with us

Story

മണ്ണിന്റെ മണം

സന്ധ്യയാകാറായിട്ടും അച്ഛനെ കാണാതിരുന്നപ്പോഴാണ് അമ്മിണിയമ്മ മുറ്റത്തേക്കിറങ്ങിയത്. ദൂരെ കരിങ്കൽ ക്വാറിയുടെ ബഹളം കേൾക്കാം, വാഹനങ്ങളുടെ ഇരമ്പലും, തോട്ടപൊട്ടുന്ന ഭീതിദ ശബ്ദവുമുണ്ട്.

Published

|

Last Updated

സന്ധ്യയാകാറായിട്ടും അച്ഛനെ കാണാതിരുന്നപ്പോഴാണ് അമ്മിണിയമ്മ മുറ്റത്തേക്കിറങ്ങിയത്. ദൂരെ കരിങ്കൽ ക്വാറിയുടെ ബഹളം കേൾക്കാം, വാഹനങ്ങളുടെ ഇരമ്പലും, തോട്ടപൊട്ടുന്ന ഭീതിദ ശബ്ദവുമുണ്ട്.

“ഇങ്ങേര് ഇതെവിടെപ്പോയിക്കിടക്ക്വാ…?’ മുറ്റവും കടന്ന് പറമ്പിലേക്ക് വേച്ചു വേച്ചു നടന്ന് പണി നടക്കുന്ന മൂത്ത മകന്റെ വീടിനരികിലൂടെ ക്വാറിയെ ലക്ഷ്യമാക്കി അവർ നടന്നു.

എത്രയെത്ര ഓർമകൾ നിറഞ്ഞ ഇടമാണിത്. നടക്കുമ്പോൾ അമ്മിണിയമ്മ ഓർത്തു.
ഒരേക്കറിൽ പരന്നുകിടക്കുന്ന പറമ്പിന്റെ ഒത്തനടുവിലെ പഴയ നാലുകെട്ടിലേക്കാണ് മുല്ലപ്പൂ മണവുമായി കയറിവന്നത്. പറമ്പിൽ നിറയെ തെങ്ങുകൾ, അങ്ങിങ്ങായി പൂത്തു കായ്ച്ചു നിൽക്കുന്ന നാട്ടുമാവുകൾ, അതിരുകളിൽ നട്ട ചെമ്പകവും, കൈതച്ചക്കത്തൈകളും.
പറമ്പിൽ നിത്യവും പണിക്കാരുണ്ടാകും. അച്ഛനും അദ്ദേഹത്തിനും മണ്ണിന്റെ പുതുഗന്ധം എന്നും ലഭിക്കണം. ആദ്യമെല്ലാം വലിയ പ്രയാസം തോന്നിയിരുന്നു. പതിയെ പതിയെ മണ്ണിനെ പ്രണയിക്കാൻ തുടങ്ങിയതോടെ ആ ഗന്ധത്തേക്കാൾ വലിയ സുഗന്ധമില്ലെന്ന് തോന്നി.
നെഞ്ചിൽ പറ്റിച്ചേർന്ന് കിടന്നപ്പോൾ അയാൾ പറഞ്ഞതും അതായിരുന്നു: “മനുഷ്യന് മണ്ണിന്റെ മണമാണെന്ന്!’
നഴ്സിംഗ് പഠിച്ച മകനെ വിദേശത്തേക്കയക്കാൻ പണമാവശ്യമായപ്പോഴാണ് ആദ്യമായി പറമ്പിന്റെ മൂല വിൽക്കേണ്ടി വന്നത്. അതിമധുരമുള്ള പഞ്ചാരമാങ്ങയുള്ള ഒരു നാട്ടുമാവ് അവിടെയുണ്ടായിരുന്നു. വിൽക്കുന്നതിന്റെ തലേ ദിവസം അർധരാത്രിയിൽ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന അയാളോട് അമ്മിണിയമ്മ പറഞ്ഞു:
“നിങ്ങ ബേജാറാവണ്ട, നല്ലൊരു കാര്യത്തിനല്ലേ?’
“ഉം…’ അയാളൊന്ന് മൂളി.

പിന്നെ എണീറ്റുനടന്നു. അർധരാത്രിയിലെ നിലാവെട്ടത്തിൽ പറമ്പിലേക്ക് നടന്നുപോകുന്ന അദ്ദേഹത്തിന്റെ നിഴൽ പറ്റി അമ്മിണിയമ്മയും നടന്നു.
വിറ്റ പറമ്പിലെ നാട്ടുമാവിന്റെ താഴെ ചമ്രം പടിഞ്ഞിരുന്ന്, മരത്തോട് തലചേർത്ത് അയാൾ ഉറങ്ങി, പുലരി വരെ!
തിരഞ്ഞു തിരഞ്ഞു നടക്കുന്നതിനിടെ മണ്ണിട്ട് നികത്തിയ പറമ്പിലെ കുളത്തിലെ ബാക്കിയായ കുഴിയിലേക്ക് നോക്കി നിൽക്കുന്ന അയാളെ കണ്ടപ്പോൾ അമ്മിണിയമ്മക്ക് ആശ്വാസമായി.
“ദെന്താ ഇവിടെ നിക്ക്ണേ?,
വാ… വീട്ടിലേക്ക് പോകാം.’
“നോക്ക് അമ്മിണീ…
നിനക്കോർമയുണ്ടോ, ഈ കുളത്തിലെ ഒരു ആമയെ?’
“പിന്നല്ല; നിത്യവും ഞാനതിന് തീറ്റ കൊടുക്കാറുണ്ടായിരുന്നതല്ലേ…’
“ഉം..ഉം… അവ എവിടെപ്പോയോ ആവോ… കാണാനില്ല!’
“വർഷങ്ങളായില്ലേ, ഈ കുളം നികത്തിയിട്ട്. ഇപ്പഴും അത് നോക്കി നടക്കാ? നിങ്ങളിങ്ങ് പോരൂ…’
അമ്മിണിയമ്മ അദ്ദേഹത്തിന്റെ കൈ പിടിച്ചു വലിച്ചു.

കൊച്ചു കുട്ടിയെപ്പോലെ അയാൾ അവരുടെ ഓരം പറ്റി നടന്നു.
“നാളെ പോയാൽ ഇനി എന്നാ ഈ മണ്ണൊന്ന് കാണാനാവുക?’
അയാൾ ആത്മഗതം ചെയ്തു. അവരൊന്നും പറഞ്ഞില്ല. നാളെയാണ് ജർമനിയിലുള്ള മകന്റെ അടുക്കലേക്ക് പോകുന്നത്. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ ആവോ…
കരിങ്കല്ല് പതിഞ്ഞ മുറ്റത്തേക്ക് കടക്കുമ്പോൾ അയാൾ അമ്മിണിയോട് പറഞ്ഞു: “അമ്മിണീ… നിനക്ക് ഇപ്പഴും മണ്ണിന്റെ മണമാ…’
അവളൊന്ന് ചിരിച്ചു, അയാളും.

---- facebook comment plugin here -----

Latest