Connect with us

kt jaleel

വേലി തന്നെ വിള തിന്നുന്ന അവസ്ഥ ഭയാനകം

മോദിയുടെ മൂക്കിന് നേരെ വിരൽ ചൂണ്ടി സംസാരിക്കാൻ മറ്റാർക്കാണ് കഴിയുക?

Published

|

Last Updated

രാജ്യം അത്യന്തം സങ്കീർണമായ രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടിലൂടെയാണ് കടന്ന് പോകുന്നതെന്നും വർഗീയത ഇത്രമേൽ ഭരണ സിരാകേന്ദ്രങ്ങളിലും ഉദ്യോഗസ്ഥ തലങ്ങളിലും പിടിമുറുക്കിയ കാലം ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്നും മുൻ മന്ത്രി ഡോ.കെ ടി ജലീൽ. ഗുജറാത്ത് വംശഹത്യക്ക് ശേഷം ഡൽഹിയിലെ കലാപ നാളുകളും പിന്നിട്ട് മറ്റൊരു വംശീയ ഉന്മൂലനത്തിലേക്ക് ഇന്ത്യ നീങ്ങുന്നതിൻ്റെ വ്യക്തമായ സൂചനകൾ കർണാടകയിൽ നിന്ന് കേട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സി പി ഐ എമ്മിൻ്റെ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സ് കണ്ണൂരിൽ നടന്നത്. രാഷ്ട്രം നേരിടുന്ന വിവിധങ്ങളായ വിഷയങ്ങൾ ചർച്ച ചെയ്ത പാർട്ടി കോൺഗ്രസ്സ്, മായം ചേർക്കാത്ത മതേതര ജനാധിപത്യ പ്ലാറ്റ്ഫോം രൂപപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞാണ് കൊടിയിറങ്ങിയത്. അടിയന്തിരാവസ്ഥയുടെ നാളുകളിൽ ജെ എൻ യു ക്യാമ്പസിലെത്തിയ ഇന്ദിരാ ഗാന്ധിയെന്ന ഉഗ്രപ്രതാപിയായ പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി അവർക്കെതിരായ കുറ്റപത്രം വായിച്ചു കേൾപ്പിച്ച അന്നത്തെ വിദ്യാർഥി യൂനിയൻ പ്രസിഡൻ്റായിരുന്ന യെച്ചൂരിക്കല്ലാതെ വർത്തമാന കാലത്ത് നരേന്ദ്ര മോദിയുടെ മൂക്കിന് നേരെ വിരൽ ചൂണ്ടി സംസാരിക്കാൻ മറ്റാർക്കാണ് കഴിയുക? അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

രാജ്യം അത്യന്തം സങ്കീർണമായ രാഷ്ട്രീയ സാമൂഹ്യ ചുറ്റുപാടിലൂടെയാണ് കടന്ന് പോകുന്നത്. വർഗീയത ഇത്രമേൽ ഭരണ സിരാകേന്ദ്രങ്ങളിലും ഉദ്യോഗസ്ഥ തലങ്ങളിലും പിടിമുറുക്കിയ കാലം ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. വേലി തന്നെ വിള തിന്നുന്ന അവസ്ഥ ഭയാനകമാണ്.

ഗുജറാത്ത് വംശഹത്യക്ക് ശേഷം ഡൽഹിയിലെ കലാപ നാളുകളും പിന്നിട്ട് മറ്റൊരു വംശീയ ഉന്മൂലനത്തിലേക്ക് ഇന്ത്യ നീങ്ങുന്നതിൻ്റെ വ്യക്തമായ സൂചനകൾ കർണാടകയിൽ നിന്ന് കേട്ടു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സി.പി.ഐ എമ്മിൻ്റെ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സ് കണ്ണൂരിൽ നടന്നത്.
രാഷ്ട്രം നേരിടുന്ന വിവിധങ്ങളായ വിഷയങ്ങൾ ചർച്ച ചെയ്ത പാർട്ടി കോൺഗ്രസ്സ്, മായം ചേർക്കാത്ത മതേതര ജനാധിപത്യ പ്ലാറ്റ്ഫോം രൂപപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞാണ് കൊടിയിറങ്ങിയത്. ചർച്ച ചെയ്ത പ്രമേയങ്ങളുടെ ഉൾക്കാമ്പ് കൊണ്ടും സംഘാടക മികവ് കൊണ്ടും സമാപന സമ്മേളനത്തിൽ ഒഴുകിയെത്തിയ ജനങ്ങളുടെ അണമുറിയാത്ത പ്രവാഹം കൊണ്ടും ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സ് ശ്രദ്ധേയമായി.
ആശയപരമായ തർക്കവിതർക്കങ്ങൾക്കും ക്രിയാത്മകമായ സംവാദങ്ങൾക്കുമൊടുവിൽ അംഗീകരിച്ച രാഷ്ട്രീയ നയം ഫലപ്രദമായി നടപ്പിലാക്കാൻ കരുത്തുറ്റ നേതൃത്വം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടായത് കൂരിരുട്ടിലും പ്രതീക്ഷ നൽകുന്ന പ്രകാശ നാളമാണ്.
ജവഹർലാൽ നഹ്റു സർവകലാശാലയുടെ എക്കാലത്തെയും മികച്ച പ്രൊഡക്ടുകളിൽ ഒരാളായ സിതാറാം യെച്ചൂരി, തുടർച്ചയായി മൂന്നാമതും പാർട്ടി സെക്രട്ടറിയായത് എന്ത്കൊണ്ടും യോജ്യമായി.
അടിയന്തിരാവസ്ഥയുടെ നാളുകളിൽ ജെ.എൻ.യു കേമ്പസിലെത്തിയ ഇന്ദിരാഗാന്ധിയെന്ന ഉഗ്രപ്രതാപിയായ പ്രധാനമന്ത്രിയുടെ മുഖത്ത് നോക്കി അവർക്കെതിരായ കുറ്റപത്രം വായിച്ചു കേൾപ്പിച്ച അന്നത്തെ വിദ്യാർത്ഥി യൂണിയൻ പ്രസിഡണ്ടായിരുന്ന യെച്ചൂരിക്കല്ലാതെ വർത്തമാന കാലത്ത് നരേന്ദ്രമോദിയുടെ മൂക്കിന് നേരെ വിരൽ ചൂണ്ടി സംസാരിക്കാൻ മറ്റാർക്കാണ് കഴിയുക? സിതാറാം യെച്ചൂരിക്ക് എല്ലാ ആശംസകളും.

എസ് രാമചന്ദ്രൻ പിള്ളയുടെ പിൻഗാമിയായി കേരളത്തിൽ നിന്ന് പോളിറ്റ്ബ്യൂറോയിലെത്തിയ മലപ്പുറത്തിൻ്റെ ചൂടും ചൂരുമറിയുന്ന സഖാവ് വിജയരാഘവന് ഹൃദ്യമായ

അഭിനന്ദനങ്ങൾ.

പുതുതായി കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സഖാക്കൾ രാജീവിനും ബാലഗോപാലിനും സുജാതക്കും സതീദേവിക്കും അഭിവാദ്യങ്ങൾ.