ആരോഗ്യം
ക്ഷയരോഗ പ്രതിരോധത്തിലും ചികിത്സയിലും പോഷണത്തിന്റെ പങ്ക്
ക്ഷയരോഗത്തെ പൂർണമായി നിയന്ത്രിക്കാൻ ചികിത്സയോടൊപ്പം പോഷകസുരക്ഷയും സമൂഹത്തിന്റെ പിന്തുണയും അത്യന്താപേക്ഷിതമാണ്. ശരിയായ പോഷണവും കൂട്ടായ പരിശ്രമവും ഉണ്ടെങ്കിൽ ക്ഷയരോഗം ഇല്ലായ്മ ചെയ്യാൻ സാധിക്കും.
ലോകമെമ്പാടും ഇന്നും പ്രധാനപ്പെട്ട പൊതുജനാരോഗ്യ പ്രശ്‌നമായി തുടരുന്ന രോഗമാണ് ക്ഷയരോഗം ( TB ). പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന ഈ പകർച്ചവ്യാധി കൃത്യസമയത്ത് തിരിച്ചറിഞ്ഞ് ശരിയായ ചികിത്സ ആരംഭിച്ചാൽ പൂർണമായും സുഖപ്പെടുത്താൻ കഴിയുന്നതാണ്. “Yes! We Can End TB’ എന്നതാണ് ലോക ക്ഷയരോഗ ദിനം 2026ന്റെ പ്രമേയം. ക്ഷയരോഗം അവസാനിപ്പിക്കാനുള്ള ഈ ആഗോള ശ്രമങ്ങളിൽ പോഷണം ഒരു നിർണായക ഘടകമാണ്.
ക്ഷയരോഗവും പോഷകക്കുറവും
ക്ഷയരോഗവും പോഷകക്കുറവും തമ്മിൽ ശക്തമായ പരസ്പരബന്ധം നിലനിൽക്കുന്നു. പോഷകക്കുറവ് ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുകയും ക്ഷയരോഗബാധക്ക് സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ ക്ഷയരോഗം ബാധിച്ചാൽ വിശപ്പില്ലായ്മ, ക്ഷീണം, ഭാരക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകുകയും ഇതിലൂടെ രോഗിയുടെ പോഷകാവസ്ഥ കൂടുതൽ മോശമാകുകയും ചെയ്യും. അതിനാൽ ക്ഷയരോഗ ചികിത്സയിൽ മരുന്നുകളോടൊപ്പം മതിയായ പോഷക പിന്തുണ ഉറപ്പാക്കുന്നത് രോഗമുക്തി വേഗത്തിലാക്കുന്നതിൽ വളരെ പ്രധാനമാണ്.
ചികിത്സാകാലത്തെ പോഷണത്തിന്റെ പ്രാധാന്യം
ക്ഷയരോഗ ചികിത്സ സാധാരണയായി ആറ് മുതൽ ഒന്പത് മാസം വരെ നീണ്ടുനിൽക്കുന്നു. ഈ കാലയളവിൽ മരുന്നുകളുടെ പാർശ്വഫലങ്ങളാൽ വിശപ്പില്ലായ്മ, ഛർദി, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങൾ അനുഭവപ്പെടാം. ശരിയായ ഭക്ഷണം ലഭിക്കാത്ത പക്ഷം രോഗിയുടെ ഭാരക്കുറവും ക്ഷീണവും വർധിക്കുക വഴി ചികിത്സ തുടരുന്നത് ബുദ്ധിമുട്ടാകുകയും ചെയ്യും.
അതിനാൽ ചികിത്സാകാലത്ത് രോഗിയുടെ പോഷകാവസ്ഥ വിലയിരുത്തുകയും ആവശ്യമായ ഭക്ഷണ ലഭ്യതക്ക് പിന്തുണ നൽകുകയും ചെയ്യുന്നത് അത്യന്താപേക്ഷിതമാണ്.
ക്ഷയരോഗികൾക്ക് ആവശ്യമായ പ്രധാന പോഷകങ്ങൾ
പ്രോട്ടീൻ
ശരീരകോശങ്ങളുടെ പുനർനിർമാണത്തിനും പേശിനാശം തടയുന്നതിനും സഹായിക്കുന്നു.
മുട്ട, പാൽ, തൈര്, പയർവർഗങ്ങൾ, കടല, മീൻ, ഇറച്ചി എന്നിവ നല്ല ഉറവിടങ്ങളാണ്.
ഊർജം
ഭാരക്കുറവ് തടയാനും ശരീരശക്തി നിലനിർത്താനും വളരെ ആവശ്യമാണ്.
ചോറ്, കപ്പ, ചേന, മധുരക്കിഴങ്ങ്, പഴങ്ങൾ എന്നിവ ഊർജസമൃദ്ധമായ ഭക്ഷണങ്ങളാണ്.
ഇരുമ്പ്, വിറ്റാമിൻ B12, ഫോളേറ്റ്
അനീമിയ തടയാനും രക്തത്തിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ചീര, മുരിങ്ങയില, മുട്ട, മാംസം തുടങ്ങിയവ ഇതിന് നല്ല സ്രോതസ്സുകളാണ്.
വിറ്റാമിൻ C യും
ആന്റി ഓക്‌സിഡന്റുകളും ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഏറെ സഹായിക്കുന്നവയാണിത്. നാരങ്ങ, ഓറഞ്ച്, പേരയ്ക്ക, തക്കാളി തുടങ്ങിയ പഴങ്ങളും പച്ചക്കറികളും ഇതിൽ പ്രധാനമാണ്.
നാടൻ ഭക്ഷണം പോഷക സമ്പുഷ്ടം
ക്ഷയരോഗികൾക്ക് സാധാരണ ഭക്ഷണങ്ങളാണ് ഉചിതം. കഞ്ഞി, പയർകറി, മീൻകറി, തോരൻ, അവിയൽ, മോര് , പഴങ്ങൾ എന്നിവ ഉൾപ്പെടുന്ന നാടൻ വീട്ടുഭക്ഷണം പോലും ആവശ്യമായ പോഷകങ്ങൾ നൽകാൻ സഹായിക്കുന്നു. വിശപ്പില്ലായ്മ ഉണ്ടെങ്കിൽ ചെറിയ അളവിൽ പല തവണയായി ഭക്ഷണം കഴിക്കുന്നത് ഗുണകരമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭക്ഷണം ഒഴിവാക്കരുത്, ചെറിയ അളവിൽ പലതവണയായി ഭക്ഷണം കഴിക്കുക. മതിയായ വെള്ളം കുടിക്കുക, മദ്യവും പുകയിലയും ഒഴിവാക്കുക. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി പാലിക്കുക.
ക്ഷയരോഗത്തെ പൂർണമായി നിയന്ത്രിക്കാൻ ചികിത്സയോടൊപ്പം പോഷകസുരക്ഷയും സമൂഹത്തിന്റെ പിന്തുണയും അത്യന്താപേക്ഷിതമാണ്. ശരിയായ പോഷണവും കൂട്ടായ പരിശ്രമവും ഉണ്ടെങ്കിൽ ക്ഷയരോഗം ഇല്ലായ്മ ചെയ്യാൻ സാധിക്കും.




