Connect with us

Articles

പ്രശ്നം സംവരണമല്ല, വോട്ടാണ്

ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം മതാധിഷ്ഠിതമല്ല. പിന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലായ 1992ലെ ഇന്ദ്ര സാഹ്നി കേസില്‍ മുസ്ലിംകളെ ഒ ബി സി വിഭാഗങ്ങളില്‍ എണ്ണിയിട്ടുണ്ട് പരമോന്നത നീതിപീഠം. അങ്ങനെയിരിക്കെ രാജ്യത്തെ പിന്നാക്ക മുസ്ലിംകള്‍ക്ക് ലഭ്യമായിരിക്കുന്ന സംവരണം മതാധിഷ്ഠിത സംവരണമാണ് എന്നാരെങ്കിലും പറയുന്നുണ്ടെങ്കില്‍ തെളിഞ്ഞ യാഥാര്‍ഥ്യങ്ങളെ മറച്ചുപിടിച്ചു കൊണ്ടുള്ള വര്‍ഗീയ വിഭജന ശ്രമം മാത്രമായേ അതിനെ കാണാനൊക്കുകയുള്ളൂ.

Published

|

Last Updated

സംവരണത്തിന്റെ അടിസ്ഥാനം ദേശീയതയാണ്. ചരിത്രപരമായ കാരണങ്ങളാല്‍ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട ജനവിഭാഗങ്ങളെ രാജ്യത്തിന്റെ ദേശീയതയിലേക്ക് ലയിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമാണ് സംവരണമെന്ന് പറയാം. ജനാധിപത്യത്തിന്റെ മുത്തൂണുകളായ നിയമനിര്‍മാണ സഭ, കാര്യനിര്‍വഹണ വിഭാഗം, നീതിന്യായ സംവിധാനം എന്നിവയിലും ബ്യൂറോക്രസിയിലും പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ക്ക് ന്യായമായ പ്രാതിനിധ്യം ലഭ്യമല്ലാതെ വന്നാല്‍ അവരെ ദേശീയതയോട് വിളക്കിച്ചേര്‍ക്കാന്‍ കഴിയാതെ വരും. രാജ്യത്ത് വിഘടനവാദം ഉടലെടുക്കുകയും ചെയ്യും. ഇന്ത്യയെപ്പോലെ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന എമ്പാടും സാമൂഹിക വിഭാഗങ്ങള്‍ അധിവസിക്കുന്ന രാജ്യങ്ങളില്‍ സംവരണം ഒരനിഷേധ്യ അനിവാര്യതയാണ്.

ഇന്ത്യയിലെ സംവരണത്തിന്റെ മാനദണ്ഡം സാമൂഹിക പിന്നാക്കാവസ്ഥയാണ്. ഭരണഘടനയുടെ 16(4), 15(4) അനുഛേദങ്ങള്‍ പ്രകാരം സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടികജാതി പട്ടികവര്‍ഗങ്ങള്‍ക്കും മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും ലഭ്യമായ സംവരണത്തിന്റെ നിദാനം അവര്‍ പിന്നാക്ക വിഭാഗങ്ങളാണ് എന്നതാണ്. നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണം മതാധിഷ്ഠിതമല്ല. പിന്നാക്ക സംവരണവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ നാഴികക്കല്ലായ നിയമ വ്യവഹാരമായ 1992ലെ ഇന്ദ്ര സാഹ്നി കേസില്‍ മുസ്ലിംകളെ ഒ ബി സി വിഭാഗങ്ങളില്‍ എണ്ണിയിട്ടുണ്ട് പരമോന്നത നീതിപീഠം. അങ്ങനെയിരിക്കെ രാജ്യത്തെ പിന്നാക്ക മുസ്ലിംകള്‍ക്ക് ലഭ്യമായിരിക്കുന്ന സംവരണം മതാധിഷ്ഠിത സംവരണമാണ് എന്നാരെങ്കിലും പറയുന്നുണ്ടെങ്കില്‍ തെളിഞ്ഞ യാഥാര്‍ഥ്യങ്ങളെ മറച്ചുപിടിച്ചു കൊണ്ടുള്ള വര്‍ഗീയ വിഭജന ശ്രമം മാത്രമായേ അതിനെ കാണാനൊക്കുകയുള്ളൂ.

മുസ്ലിം സമുദായത്തിനകത്ത് സംവരണം ലഭിക്കുന്നതിന്റെ സ്വഭാവം പരിശോധിച്ചാലും മതാധിഷ്ഠിത സംവരണമല്ല അതെന്ന് എളുപ്പം ബോധ്യമാകും. സമുദായത്തിനുള്ളില്‍, മതവിശ്വാസവും ആചാരങ്ങളും ഉപേക്ഷിച്ചവര്‍ക്കും പിന്നാക്ക മുസ്ലിംകളെന്ന നിലയിലുള്ള സംവരണം ലഭിക്കുന്നുണ്ട്. സമുദായത്തിനകത്ത് മതവിശ്വാസം പുലര്‍ത്താത്തവര്‍ക്കും സമുദായമര്‍ഹിക്കുന്ന സംവരണം ലഭിക്കുന്നുണ്ടെങ്കില്‍ അതെങ്ങനെയാണ് മതാധിഷ്ഠിത സംവരണമാകുന്നത്. അതേസമയം ചില സമുദായങ്ങള്‍ പരമ്പരാഗതമായി മതകീയ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ അറിയപ്പെടുന്നവരാണ്. മുസ്ലിംകള്‍ ഇന്ത്യയില്‍ അത്തരമൊരു സമുദായമാണ്. അതിനാല്‍ തന്നെ മുസ്ലിംകള്‍ക്ക് ലഭ്യമായ പിന്നാക്ക സംവരണം ഒറ്റനോട്ടത്തില്‍ മതാധിഷ്ഠിത സംവരണമാണെന്ന് ആര്‍ക്കെങ്കിലും തോന്നാനിടയുണ്ട്. പക്ഷേ ഭരണഘടനയും ഭരണഘടനയെ വ്യാഖ്യാനിച്ചുകൊണ്ടുള്ള നീതിപീഠ വിധികളും സാമൂഹിക പിന്നാക്കാവസ്ഥയുടെ മാനദണ്ഡമനുസരിച്ചാണ് മുസ്ലിംകളെ പിന്നാക്ക സംവരണ വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തിയത്.

മുസ്ലിംകള്‍ക്ക് ലഭ്യമായിരുന്ന നാല് ശതമാനം ഒ ബി സി സംവരണം എടുത്തുകളഞ്ഞ് അത് വീരശൈവ – ലിംഗായത്ത്, വൊക്കലിഗ എന്നീ സാമുദായിക വിഭാഗങ്ങള്‍ക്ക് പതിച്ചു നല്‍കിയിരിക്കുന്നു കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം. പ്രസ്തുത നടപടിയെ ന്യായീകരിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചത് ഭരണഘടന മതാധിഷ്ഠിത സംവരണം മുന്നോട്ടു വെക്കുന്നില്ല എന്ന പ്രസ്താവനയിലൂടെയാണ്. മുസ്ലിംകള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന പിന്നാക്ക സംവരണം മതാധിഷ്ഠിത സംവരണമാണെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയും മുസ്ലിംകളെ ഒ ബി സിയില്‍ നിന്ന് അടര്‍ത്തിമാറ്റിയ കര്‍ണാടക സര്‍ക്കാര്‍ മുന്നാക്ക സാമ്പത്തിക സംവരണത്തിന്റെ പത്ത് ശതമാനം ക്വാട്ടയിലാണ് പുതുതായി അവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നതും ചേര്‍ത്തുവായിക്കുമ്പോള്‍ സംവരണ ഇന്ത്യയുടെ അസ്തമയ കുളമ്പടി ശബ്ദം നമുക്കവിടെ കേള്‍ക്കാനാകും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നയിക്കുന്ന സംഘ്പരിവാര്‍ പ്രത്യയശാസ്ത്രത്തിന് ഇന്ത്യയിലെ പിന്നാക്ക സംവരണം ഒരിക്കലും സ്വീകാര്യമായിരുന്നില്ലെന്ന് അവരുടെ ചരിത്രം പറഞ്ഞു തരും. മുസ്ലിംകള്‍ ഉള്‍പ്പെടെയുള്ള ഒ ബി സി വിഭാഗങ്ങള്‍ക്ക് 27 ശതമാനം സംവരണം ശിപാര്‍ശ ചെയ്ത മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് 1990ല്‍ നടപ്പാക്കുമ്പോള്‍ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു ബി ജെ പി. സംവരണത്തിന് സാമ്പത്തിക മാനദണ്ഡം കൊണ്ടുവരണമെന്നും അതുവഴി സാമ്പത്തിക സംവരണമാണ് വേണ്ടതെന്നും ആവശ്യപ്പെട്ടു ബി ജെ പി പ്രസിഡന്റായിരുന്ന എല്‍ കെ അഡ്വാനിയും മുതിര്‍ന്ന നേതാവായിരുന്ന എ ബി വാജ്പയിയും. സ്വാതന്ത്ര്യാനന്തരം പിന്നാക്ക സംവരണത്തിന് ഭരണഘടനാപരമായ അസ്തിത്വമുള്ളതിനാലും പിന്നാക്ക വിഭാഗങ്ങളുടെ ജനസംഖ്യാ വലുപ്പമോര്‍ത്തും സംവരണത്തെ പാടെ തള്ളിപ്പറയുന്ന നിലപാട് പ്രത്യക്ഷത്തില്‍ സ്വീകരിക്കാതെ കരുതാറുണ്ട് നാളിതുവരെ സംഘ്പരിവാര്‍. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗങ്ങള്‍ തങ്ങളോട് എതിരാകുമെന്നും അത് അധികാരത്തിലേക്കുള്ള വഴി ദുര്‍ഘടമാക്കുമെന്നുമുള്ള തിരിച്ചറിവാണ് സംവരണത്തെ പൂര്‍ണമായും തള്ളിപ്പറയുന്ന നിലപാട് സ്വീകരിക്കുന്നതില്‍ നിന്ന് സംഘ്പരിവാറിനെ പിന്നോട്ട് വലിക്കുന്നത്. എന്നാല്‍ സംവരണം ചര്‍ച്ചയാകുന്നിടത്തെല്ലാം മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണാവശ്യം വലിച്ചിടുകയാണ് ബി ജെ പി ചെയ്യാറുള്ളത്. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടാനന്തരമുണ്ടായ ഇന്ദ്രാ സാഹ്നി കേസിന്റെ വിധിയില്‍ മുന്നാക്ക സാമ്പത്തിക സംവരണാവശ്യത്തെ സുപ്രീം കോടതി തള്ളുകയായിരുന്നു. തുടര്‍ന്നും അവസരം കാത്തിരുന്ന ബി ജെ പി 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പത്ത് ശതമാനം മുന്നാക്ക സാമ്പത്തിക സംവരണം പാര്‍ലിമെന്റില്‍ പാസ്സാക്കി. 2022 നവംബര്‍ ഏഴിന് സുപ്രീം കോടതി മുന്നാക്ക സാമ്പത്തിക സംവരണത്തിന്റെ ഭരണഘടനാ സാധുത ശരിവെച്ചതിലൂടെ സംഘ്പരിവാറിന്റെ സംവരണവിരുദ്ധ പ്രയാണത്തിലെ നിര്‍ണായക വിജയമായി അത് മാറി.

മുന്നാക്ക സാമ്പത്തിക സംവരണത്തിലൂടെ സാമ്പത്തിക സ്ഥിതി മാത്രം സംവരണത്തിന് മാനദണ്ഡമായി വന്നു. അതോടെ ഇന്ത്യയിലെ സംവരണ നയത്തെ രൂപപ്പെടുത്തിയ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക ജീവിതാവസ്ഥയുടെ നടുക്കുന്ന യാഥാര്‍ഥ്യങ്ങള്‍ അപ്രസക്തമാകുകയും സംവരണം ഒരു അവശതാ നിവാരണ പദ്ധതിയായി മാറുകയുമാണ് ചെയ്യുന്നത്. കര്‍ണാടക സര്‍ക്കാര്‍ മുസ്ലിംകളുടെ ഒ ബി സി പദവി റദ്ദാക്കി മുന്നാക്ക സാമ്പത്തിക സംവരണത്തിന്റെ പത്ത് ശതമാനം ക്വാട്ടയിലേക്ക് അവരെ കൊണ്ടുവരുന്നതില്‍ സംവരണ നഷ്ടവും വലിയ അപകടവുമുണ്ട്. സവര്‍ണ മുന്നാക്ക വിഭാഗങ്ങളോട് മത്സരിച്ചുവേണം മുസ്ലിംകള്‍ പത്ത് ശതമാനം മുന്നാക്ക സാമ്പത്തിക സംവരണ വിഹിതത്തില്‍ ഉള്‍പ്പെടേണ്ടത് എന്നത് അതിലൊന്നാണ്. അതത്ര എളുപ്പമാകില്ല. മുസ്ലിംകളുടെ ഒ ബി സി സംവരണം എടുത്തുകളയുകയും സംവരണ സമ്പ്രദായത്തെ തന്നെ അപ്രസക്തമാക്കുന്ന ഒരു സംവിധാനത്തിന് ചുവടെ പിന്നാക്ക മുസ്ലിംകളെ കൊണ്ടുവരികയുമാണ് കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

മുസ്ലിംകള്‍ക്ക് ലഭ്യമായ പിന്നാക്ക സംവരണം മതാധിഷ്ഠിത സംവരണമാണെന്ന ആക്രോശത്തിനപ്പുറം യഥാര്‍ഥ മതാധിഷ്ഠിത സംവരണത്തെ മറച്ചു പിടിക്കുകയാണ് അമിത് ഷാ ഉള്‍പ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍. പട്ടികജാതി വിഭാഗത്തില്‍ നിന്ന് ഹിന്ദു വിശ്വാസത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് തുടര്‍ന്നും പട്ടികജാതി പദവിയും അതനുസരിച്ചുള്ള സംവരണാനുകൂല്യങ്ങളും ലഭിക്കുന്നുണ്ട് നമ്മുടെ രാജ്യത്ത്. അതേസമയം പട്ടികജാതിയില്‍ നിന്ന് ഇസ്ലാം, ക്രൈസ്തവ വിശ്വാസങ്ങളിലേക്ക് മതംമാറ്റം നടത്തിയവര്‍ക്ക് പട്ടികജാതി പദവി ലഭിക്കുന്നുമില്ല. ഒരു ദിവസത്തെ മതപരിവര്‍ത്തനം കൊണ്ട് മാറുന്നതല്ലല്ലോ പട്ടികജാതിക്കാരുടെ പരിതാപകരമായ ജീവിതസ്ഥിതി. ആ മതംമാറ്റം ഹിന്ദു വിശ്വാസത്തിലേക്കായാലും ഇസ്ലാമിലേക്കും ക്രൈസ്തവ വിശ്വാസത്തിലേക്കുമായാലും അത് തന്നെയാണ് അവസ്ഥ. എന്നിരിക്കെ പട്ടികജാതിക്കാര്‍ ഹിന്ദു വിശ്വാസത്തിലേക്ക് മതംമാറ്റം നടത്തുമ്പോള്‍ പട്ടികജാതി പദവി നല്‍കുകയും ഇസ്ലാമിലേക്കോ ക്രൈസ്തവ വിശ്വാസത്തിലേക്കോ മതപരിവര്‍ത്തനം നടത്തുമ്പോള്‍ നല്‍കാതിരിക്കുകയും ചെയ്യുന്നതിലൂടെ സംവരത്തെ മതാധിഷ്ഠിതമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇവ്വിഷയികമായ നിയമ വ്യവഹാരവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഈയിടെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തങ്ങളുടെ മതാധിഷ്ഠിത സംവരണ നിലപാട് വ്യക്തമാക്കുന്നുണ്ട്.

വരുന്ന മെയ് മാസത്തില്‍ കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ മുസ്ലിം സംവരണവിരുദ്ധ നീക്കങ്ങളുടെ പിന്നാമ്പുറങ്ങളിലെന്ന് കാണാന്‍ കൂടുതല്‍ ആലോചിക്കേണ്ടതില്ല. വര്‍ഗീയത വളര്‍ത്തി തിരഞ്ഞെടുപ്പുകളെ നേരിടാന്‍ ബി ജെ പിക്ക് ആനക്കാര്യമൊന്നും വേണ്ടെന്നും ഈ നീക്കങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ഭരണഘടനാപരമായി സാധുതയുള്ള വിഷയങ്ങള്‍ പോലും നാളെകളില്‍ വിവാദമാക്കി വോട്ടുകൊയ്യാനുള്ള ശ്രമം രാജ്യം ഭരിക്കുന്നവര്‍ നടത്തും. വിവാദമാക്കുന്ന മുസ്ലിം സംവരണത്തിലെന്ന പോലെ ഒരു വശത്ത് വര്‍ഗീയ വിഭജന ശ്രമങ്ങള്‍ നടത്തും. മറുഭാഗത്ത് അനര്‍ഹമായ സംവരണാനുകൂല്യങ്ങള്‍ നല്‍കിയുള്ള പ്രീണന രാഷ്ട്രീയം പയറ്റാനുള്ള മെയ് വഴക്കവും കാണിക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്. അത്തരമൊരു കാലത്ത് നീതിന്യായ വഴികള്‍ തേടിയും നിരന്തര ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെയും സ്ഥിരതയുള്ള മറുപക്ഷമുണ്ടാകുക എന്നതായിരിക്കും ജനാധിപത്യ മതനിരപേക്ഷ ഇന്ത്യ തേടുന്ന മറുപടി.

 

Latest