Connect with us

Uae

പള്ളിക്കൂടത്തിലെ വാദ്ധ്യാരും ഓത്തുപള്ളിയിലെ മുല്ലാക്കയും അബുദബിയിലെത്തി

അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയ ഗുരുക്കന്മാരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് 93 വയസ്സില്‍ ഹമീദ് മൗലവിയും 80 വയസ്സില്‍ ബാലശങ്കരന്‍ മാഷും മലപ്പുറത്ത് നിന്നും അബുദബിയിലെത്തിയത്

Published

|

Last Updated

അബുദബി | പള്ളിക്കൂടത്തിലെ വാദ്ധ്യാരും ഓത്തുപള്ളിയിലെ മുല്ലാക്കയും അബുദബിയിലെത്തി. അറിവിന്റെ വെളിച്ചം പകര്‍ന്നു നല്‍കിയ ഗുരുക്കന്മാരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് 93 വയസ്സില്‍ ഹമീദ് മൗലവിയും 80 വയസ്സില്‍ ബാലശങ്കരന്‍ മാഷും മലപ്പുറത്ത് നിന്നും അബുദബിയിലെത്തിയത്. ലോക അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ കെഎംസിസി 25 അധ്യാപകരെ ആദരിക്കുന്ന ചടങ്ങില്‍ (തക് രീം) മുഖ്യാതിഥികളായിട്ടാണ് ഇരുവരും പങ്കെടുക്കുക. ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രതയാണ് ഹമീദ് മൗലവിയെയും ബാലശങ്കരന്‍ മാഷിനെയും അബുദബിയിലെത്തിച്ചത്. മലപ്പുറം തിരുനാവായ എടക്കുളത്ത് ഒരു മതിലിന് ഇരുവശങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന ജിഎന്‍എല്‍പി സ്‌കൂളിലെ അധ്യാപകനായിരുന്നു ബാലശങ്കരന്‍ മാഷും ഇര്‍ഷാദ് സുബിയ മദ്രസാ അധ്യാപകനായ ഹമീദ് മൗലവിയും.

ഇന്ത്യക്ക് പുറത്തേക്ക് ആദ്യമായാണ് യാത്രചെയ്യുന്നത്. ഒരു വിദേശ രാജ്യത്ത് നടക്കുന്ന ഇത്രയും വലിയ പരിപാടിക്ക് വരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ബാലശങ്കരന്‍ മാസ്റ്റര്‍ പറഞ്ഞു. 1970 തില്‍ പത്തൊന്‍പതാം വയസ്സില്‍ നിലമ്പൂര്‍ ഗവണ്മെന്റ് എല്‍ പി സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു.1973 ല്‍ തിരുന്നാവായ വൈരങ്കോട് സ്‌കൂളിലേക്കും, 1975ല്‍ വലിയ പറപ്പൂര്‍ ഗവണ്മെന്റ് സ്‌കൂളിലേക്കും മാറ്റം ലഭിച്ചു. പിന്നീട് 1988 ല്‍ എടക്കുളം ഗവണ്മെന്റ് എല്‍ പി സ്‌കൂളില്‍ 14 വര്‍ഷം സഹധ്യാപകനായും, 6 വര്‍ഷം പ്രധാന അധ്യാപനായും ജോലി ചെയ്തു. ജോലി ചെയ്തിരുന്ന കാലത്ത് നാട്ടുകാരുമായി അദ്ദേഹം നല്ല സൗഹൃദം ഉണ്ടാക്കിയെടുത്തതിലൂടെ സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നിരന്തര പരിശ്രമങ്ങളിലൂടെ അദ്ദേഹത്തിന് സാധിച്ചു. സ്‌നേഹത്തോടെയുള്ള ഇടപെടലുകളും സൗമ്യമായ പെരുമാറ്റവും കൊണ്ട് ബാല ശങ്കരന്‍ മാസ്റ്റര്‍ക്ക് നാടിന്റെ സ്‌നേഹദരങ്ങള്‍ ലഭിച്ചു.

ആദ്യമായാണ് താന്‍ യു എ ഇ ലേക്ക് വരുന്നതെന്നും പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്ന് ഹമീദ് മൗലവി പറഞ്ഞു.
1937 ല്‍ എടക്കുളം അഞ്ചില്ലത്ത് അസ്സൈനാര്‍ ആമിന ദമ്പതികളുടെ മകനായാണ് മൗലവിയുടെ ജനനം. പതിനാറാമത്തെ വയസ്സില്‍ ഓത്ത് പള്ളിയില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് 1960 തില്‍ മദ്രസ രൂപീകരണത്തിന് ശേഷം അന്ന് മുതല്‍ എടക്കുളം മദ്രസ അധ്യാപകനായി സേവനം ചെയ്തു. ഇടക്കാലത്ത് അല്ലൂര്‍ ചെനപ്പുറം മദ്രസയില്‍ കുറച്ചു കാലം അധ്യാപകനായി ജോലി ചെയ്‌തെങ്കിലും വീണ്ടും എടക്കുളം മദ്രസയില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. 2012 ല്‍ ജോലിയില്‍ നിന്നും വിരമിച്ചു. തിരുനാവായ എടക്കുളം ജിഎന്‍എല്‍പി സ്‌കൂളില്‍ പി ടി എ പ്രസിഡന്റുമായും മൗലവി പ്രവര്‍ത്തിച്ചിട്ടുണ്ട്. പഠിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ പലരും ഉയര്‍ന്ന മേഖലയില്‍ എത്തിയവരാണ്. സ്‌നേഹത്തിന്റെ നിറകുടമായ ഹമീദ് മൗലവി തന്റെ അധ്യാപന കാലത്ത് സൗമ്യനും ശാന്തനുമായിരുന്നു വെന്ന് ശിഷ്യന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. നിരവധി സ്‌നേഹ പുരസ്‌കാരങ്ങള്‍ മൗലവിയെ തേടി എത്തിയിട്ടുണ്ട്. വര്‍ധക്യത്തിലും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്ത മൗലവി നാട്ടില്‍ തന്നാല്‍ കഴിയുന്ന നന്മ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബാലശങ്കരന്‍ മാസ്റ്ററെയും ഹമീദ് മൗലവിയേയും അബൂദബി മലപ്പുറം ജില്ല കെ എം സി സി ഭാരവാഹികള്‍ സ്വീകരിച്ചു. പ്രസിഡന്റ് അസീസ് കാളിയാടന്‍, സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, അഷ്‌റഫ് പൊന്നാനി,
ആക്ടിംഗ് സെക്രട്ടറി ഷാഹിദ് ചെമ്മുക്കന്‍, ട്രഷറര്‍ അഷ്‌റഫ് അലി പുതുക്കുടി, വൈസ് പ്രസിഡന്റ് നൗഷാദ് തൃപ്രങ്ങോട്,ജോ സെക്രട്ടറി സാല്‍മി പരപ്പനങ്ങാടി, ജോ. സെക്രട്ടറി ഷമീര്‍ പുറത്തൂര്‍, ജോ. സെക്രട്ടറിമാരായ സിറാജ് തിരുര്‍, നാസര്‍ വൈലത്തൂര്‍, സിറാജ് ആതവനാട് എന്നിവര്‍ പങ്കെടുത്തു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest