Ongoing News
ഹാജിമാര്‍ മുസ്ദലിഫയില്‍ നിന്നും മിനായിലെത്തി; ജംറയില്‍ കല്ലേറ് കര്‍മ്മങ്ങള്‍ക്ക് തുടക്കമായി
മുസ്ദലിഫയില്‍ നിന്നും മിനായില്‍ തിരിച്ചെത്തിയ തീര്‍ഥാടകര്‍ ഇനി ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിക്കുന്നത് വരെ മിനായിലെ തമ്പുകളിലാണ് കഴിയുക.
മുസ്ദലിഫ/മിന | അറഫാ സംഗമത്തിനു ശേഷം മുസ്ദലിഫയില്‍ രാപ്പാര്‍ത്ത തീര്‍ഥാടകര്‍ സുബ്ഹിയോടെ തമ്പുകളുടെ നഗരിയായായ മിനായില്‍ തിരിച്ചെത്തിയ ശേഷം ജംറയിലെ ആദ്യ ദിനത്തിലെ കല്ലേറ് കര്‍മ്മം പൂര്‍ത്തിയാക്കും. മുസ്ദലിഫയില്‍ നിന്നും മിനായില്‍ തിരിച്ചെത്തിയ തീര്‍ഥാടകര്‍ ഇനി ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിക്കുന്നത് വരെ മിനായിലെ തമ്പുകളിലാണ് കഴിയുക.
അന്ത്യ പ്രവാചകര്‍ മുഹമ്മദ് നബി (സ) യുടെ തിരുസുന്നത്ത് മുറുകെപ്പിടിച്ച് ഒരു പകല്‍ മുഴുവന്‍ മനമുരുകിയുള്ള പ്രാര്‍ഥനയും ഇബാദത്തുകളും കൊണ്ട് ധന്യമാക്കിയാണ് ഹാജിമാര്‍ മുസ്ദലിഫയില്‍ രാപ്പാര്‍ത്തത്. മുസ്ദലിഫയില്‍ വെച്ചായിരുന്നു ഹാജിമാര്‍ മഗ്രിബും ഇശാ നിസ്‌കാരവും നിര്‍വഹിച്ചത്.
മൂന്ന് ജംറകളിലും എറിയാനുള്ള കല്ലുകള്‍ ശേഖരിച്ചാണ് ഹാജിമാര്‍ മുസ്ദലിഫയില്‍ നിന്നും മടങ്ങിയത്. ദുല്‍ഹിജ്ജ പത്തായ ബലിപെരുന്നാള്‍ രാവിന്റെ അര്‍ധരാത്രി മുതലാണ് ജംറകളിലെ കല്ലേറ് നടത്തേണ്ട സമയം ആരംഭിക്കുന്നത്. അയ്യാമുത്തശരീഖ് അഥവാ ബലി പെരുന്നാളിന്റെ മൂന്നാം ദിനത്തെ സൂര്യാസ്തമയം വരെയാണ് കല്ലേറ് കര്‍മ്മം നടത്തുക
ഹജ്ജ് വേളയില്‍ ഖലീലുല്ലാഹി ഇബ്‌റാഹീം നബി (അ)യോട് തന്റെ പ്രിയ പുത്രനെ ബലിയര്‍പ്പിക്കാന്‍ അല്ലാഹു കല്‍പ്പന നല്‍കിയ സമയത്ത് പിശാച് ഇബ്‌റാഹീം നബിയെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് വഴിതെറ്റിക്കാന്‍ ശ്രമിച്ച സ്ഥലത്ത് നിന്നും പിശാചിനെ ഓടിച്ച സ്ഥലങ്ങളാണ് ജംറകള്‍. പിശാച് പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിലാണ് ഹജ്ജ് വേളയില്‍ കല്ലേറ് കര്‍മ്മം നിര്‍വഹിച്ചു വരുന്നത്.
കാല്‍നടയായും ബസ് മാര്‍ഗവും മശാഇര്‍ ട്രെയിന്‍ വഴിയും ജംറയിലെത്താന്‍ സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. കല്ലേറ് കര്‍മ്മങ്ങളില്‍ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കാന്‍ കനത്ത സുരക്ഷയാണ് ഈ വര്‍ഷം ജംറയില്‍ ഒരുക്കിയിരിക്കുന്നത്. 12 നിലകളുള്ള ജംറയില്‍ അടിയന്തര സേവനങ്ങള്‍ക്കായി രണ്ട് ഹെലിപാഡുകളോടെയുള്ള ആംബുലന്‍സുകളും സജ്ജമായിട്ടുണ്ട്
ഹാജിമാര്‍ ഒഴികെയുള്ള ലോക മുസ്‌ലിംകള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുമ്പോള്‍
ത്യാഗത്തിന്റെ ദിനം എന്നറിയപ്പെടുന്ന ദുല്‍ഹിജ്ജ പത്തിന് തീര്‍ഥാടകര്‍ നാല് പ്രധാന കര്‍മ്മങ്ങളിലായിരിക്കും മുഴുകുക. മുസ്ദലിഫയില്‍ നിന്ന് മിനായില്‍ എത്തിയ ശേഷം ജമറത്ത് അല്‍-അഖ്ബയില്‍ കല്ലേറ് നടത്തുക, ഉളുഹിയ്യ കര്‍മ്മം നിര്‍വഹിക്കുക, തലമുടി നീക്കുക, മക്കയിലെ മസ്ജിദുല്‍ ഹറമിലെത്തി ത്വവാഫ് അല്‍-ഇഫാദയും സഇയ്യ് കര്‍മ്മവും നടത്തുക തുടങ്ങിയവ പൂര്‍ത്തിയാക്കി ഹാജിമാര്‍ തമ്പുകളിലേക്ക് മടങ്ങും.